സസ്പെന്‍സ് എന്ന വാക്കിന് മഹത്തായ ഉദാഹരണമായി മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് സിബിഐ സീരീസ് സിനിമകളായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1988 ല്‍ സിബിഐ ഡയറി കുറിപ്പിലൂടെ ആരംഭിച്ച സസ്പെന്‍സ് യാത്ര, പ്രേക്ഷകരുടെ ആസ്വാദനതലം തന്നെ മാറ്റിയ ഒരു ഏടായിരുന്നു.
മെയ് 1ന് സിബിഐ 5 റിലീസിന് ഒരുങ്ങുകയാണ്,പുതിയ കാലത്തിന്റെ ചടുലതയും കാലാനുസൃതമായ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ചിത്രം എത്തുമ്പോള്‍, മാറ്റമില്ലാത്തത് മാറ്റത്തിന് എന്നപോലെ, മാറാതെ നിലകൊള്ളുന്നത് ചില വ്യക്തിത്വങ്ങള്‍ മാത്രം. സംവിധായകനായ കെ. മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും കൂടാതെ കുശാഗ്ര ബുദ്ധിയുടെ അധിപതിയായ കേന്ദ്രകഥാപാത്രം സേതുരാമയ്യരെ അവതരിപ്പിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചാക്കോ ആയി വേഷമിട്ട മുകേഷും വിക്രമായി മാറിയ ജഗതി ശ്രീകുമാറും. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ജഗതിയുടെ മടങ്ങിവരവ് കൂടിയാണ് CBI 5.
കാലം ഇത്ര കടന്ന് പോയിട്ടും മനസ്സില്‍ ഇന്നും ജീവനോടെ നിലനില്‍ക്കുന്ന ഒരുപറ്റം കഥാപാത്രങ്ങളെ കൂടിയായിരുന്നു ആദ്യചിത്രം സമ്മാനിച്ചത്. 3 ആ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കിയ പല കലാകാരന്മാരും കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. എന്നിരുന്നീടിലും അവര്‍ സിനിമാസ്വാദകരുടെ ഉള്ളില്‍ ഉളവാക്കിയ പ്രഭാവം അവര്‍ണനീയമാണ്.
ക്യാപ്റ്റന്‍ രാജു
ചടുലമായ അഭിനയം കൊണ്ട് ഏറെ വ്യത്യസ്തമായീ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച ഡിവൈഎസ്പി പ്രഭാകര വര്‍മ്മയെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഓമന കൊലക്കേസ് ആദ്യം അന്വേഷിക്കാനെത്തിയ കര്‍ക്കശക്കാരനും കര്‍മ്മനിരതനുമായ പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം അവിസ്മരണീയമാക്കി.
സുകുമാരന്‍
തന്റേതായ സംഭാഷണം ശൈലി കൊണ്ടും അഭിനയം മികവ് കൊണ്ടും ഒരു പക്ഷെ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്ത വേഷമാണ് സുകുമാരന്‍ അവതരിപ്പിച്ച ഡിവൈഎസ്പി ദേവദാസ് എന്ന കൈകൂലിക്കാരനായ പോലീസ് ഓഫീസറുടെ വേഷം.
‘ഒരു മരണം ആത്മഹത്യയോ കൊലപാതകമോ ആണോയെന്നറിയാന്‍ ഇത്രയും ബദ്ധപ്പെടേണ്ട കാര്യമില്ല. തലയില്‍ വല്ലതും ഉള്ളവരാണെങ്കില്‍ സ്പോട്ടില്‍ മണ്ണത്തറിയും’
‘മരിച്ചവരോ മരിച്ചു, ഇല്ലാത്ത കൊലപാതകത്തിന്റെ പേര് പറഞ്ഞ് ബാക്കിയുള്ളവരുടെ സൈ്വര്യം കൂടി കെടുത്തണോ തോമാച്ചാ’ തുടങ്ങി ഈ ചിത്രത്തിലെ അദ്ദേഹത്തിന്റ ഓരോ ഡയലോഗും ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്കുന്നു.
കെ.പി.എസ്.സി സണ്ണി
ഒട്ടുമിക്ക സിനിമയിലെയും പോലെ തന്നെ ഈ സിനിമയിലും ഒരു നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു കെപിഎസി സണ്ണി അവതരിപ്പിച്ചത്. സി. ഐ അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്റ വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിട്ടത്. ഡി വൈ എസ് പി ദേവദാസനൊപ്പം ചേര്‍ന്ന് ഓമനയുടെ കൊലപാതകം ആത്മഹത്യ ആക്കി വഴിതിരിക്കാന്‍ ശ്രമിക്കുന്ന പൊലീസുദ്യോഗസ്ഥനാണ് അദ്ദേഹം ചിത്രത്തിലുടനീളം.
പ്രതാപ ചന്ദ്രന്
ജനാര്ദ്ദനന് അവതരിപ്പിച്ച ഔസേപ്പച്ചന് എന്ന കഥാപാത്രത്തിന്റെ ഉറ്റസുഹൃത്ത്. സാമൂഹ്യ പ്രവര്ത്തകന്, തനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡല്‍ഹിയിലും പിടിയുണ്ടെന്ന് പറഞ്ഞു നടക്കുന്ന നാരായണന് എന്ന കഥാപാത്രമായാണ് പ്രതാപചന്ദ്രന് ചിത്രത്തിലെത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഉള്ളില്‍ കള്ളത്തരം നിറച്ച മുഖഭാവം കൊണ്ട് സംഭാഷണം കൊണ്ടും നാരായണന് പ്രേക്ഷകരുടെ കയ്യടി നേടി.
‘ഏതോ സേതു രാമനോ.. പട്ടാഭിരാമനോ..
എന്ത്… പട്ടരില്‍ പൊട്ടനില്ലന്നോ.. അതൊക്കെ പണ്ട് ഇപ്പൊ എല്ലാം പേടാ’
സേതുരാമയ്യരാണ് തന്നെ കാണാന്‍ തന്റെ വീട്ടില്‍ എത്തിയിരിക്കുന്നത് എന്നറിയാതെ, നാരായണന് ഫോണില്‍ സംസാരിക്കുന്ന ഈ രംഗം ഇന്നും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്.
ജഗന്നാഥ വര്‍മ്മ
ചിത്രത്തില്‍ സിബിഐ ഡയറക്ടറുടെ വേഷത്തിലാണ് ജഗന്നാഥ വര്‍മ്മ പ്രത്യക്ഷപ്പെടുന്നത്. ഓമനക്കേസിന്റെ അന്വേഷണം സേതുരാമയ്യരെ ഏല്പ്പിക്കുന്നതുമുതലാണ് സിബിഐ ഡയറിക്കുറിപ്പ് സിനിമയ്ക്ക് പുതുജീവന്‍ വെയ്ക്കുന്നത്.
അടൂര്‍ ഭവാനി
‘മുതലാളി പറഞ്ഞതുപോലെ തന്നെ പറഞ്ഞിട്ടുണ്ട്’
മുതലാളിയായ ഔസേപ്പച്ചന്റ സമ്മര്‍ദത്തിന് വഴങ്ങി ചെവി കേള്‍ക്കാത്ത വേലക്കാരിയായി അഭിനയിച്ചാണ് മേരി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പില് എത്തുന്നത്. അടൂര്‍ ഭവാനിയുടെ ഈ കഥാപാത്രം വളരെ നര്‍മ്മ സംബന്ധമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സി ഐ പോള്‍
‘തല്ലാനല്ലയോ പോലീസ്’ ‘അങ്ങനെ തല്ല് കൊള്ളുന്ന ഒരവകാശവും നമുക്ക് വേണ്ട തോമാച്ച..’
നര്‍മ്മഭാവത്തോടെ സംഭാഷണങ്ങള്‍ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച മിനിസ്റ്റര്‍ രാഘവനായിരുന്നു സി ഐ പോള്‍ ചെയ്ത വേഷം. ഒരൊറ്റ സീനില്‍ മാത്രമേ അദ്ദേഹത്തെ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂവെങ്കിലും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല ഈ കഥാപാത്രത്തെ.
ബഹദൂര്‍
കൊല്ലപ്പെട്ട ഓമനയുടെ പരമ സാധുവായ അച്ഛന് തോമാച്ചനായാണ് ബഹദൂര്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. സ്വന്തം മകളുടെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പല മാര്‍ഗങ്ങളും തേടുന്ന ഒരച്ഛന്റെ വേഷം ഇതിലും നന്നായി മറ്റൊരു കലാകാരനും ചെയ്യില്ല. ഒരു പക്ഷെ തോമാച്ചനേയും ബഹദൂറിനെയും വേര്‍തിരിച്ചു കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലായെന്ന് പറയാം.
ശ്രീനാഥ്
ഓമനയുടെ ഭര്‍ത്താവായിട്ടാണ് ശ്രീനാഥ് വേഷമിട്ടത്. ഓമനയുടെ കൊലപാതകി എന്ന നിലയില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന സണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഇവരെക്കൂടാതെ CBI യുടെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച പൂജപ്പുര രവി, സുകുമാരി, കൊതുക് നാണപ്പന് എന്നിവരും ഇന്ന് നമ്മോടൊപ്പമില്ല
അങ്ങനെ നിരവധി ജീവസ്സുറ്റ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു സിബി ഐ ഡയറിക്കുറിപ്പ്. മണ്മറഞ്ഞു പോയെങ്കിലും ഈ അതുല്യ പ്രതിഭകള്‍ അവരുടെ കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ ഉള്ളില്‍ ഇന്നും നിലകൊള്ളുന്നുവെങ്കില്‍ അതിനു കാരണം അവരുടെ മികവുറ്റ പ്രകടനം മാത്രമല്ല അതൊരുക്കിയ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയുടെയും സംവിധായകന് കെ. മധുവിന്റെയും മാന്ത്രിക സ്പര്‍ശം കൂടി ചേര്‍ന്നതു കൊണ്ടാണ്.
ഷെരുണ്
Recent Comments