താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗത്വം രാജിവയ്ക്കാന്‍ വിജയ്ബാബുവിനോട് അമ്മ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ സമ്മതം അറിയിച്ചുകൊണ്ടുള്ള കത്ത് വിജയ് ബാബു അമ്മയ്ക്ക് നല്കി. ഇന്ന് ചേര്‍ന്ന അമ്മയുടെ അവയ്ലബിള് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. എന്നാല്‍ വിജയ് ബാബു അമ്മയില്‍ അംഗമായി തുടരും.
പീഡനക്കേസ്സില്‍ പ്രതി ചേര്‍ക്കപ്പെടുകയും പോലീസ് വിജയ് ബാബുവിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമ്മയുടെ തീരുമാനം. ബറോസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ഗോവയിലുള്ള മോഹന്‍ലാലിന്റെ അസാന്നിദ്ധ്യത്തില്‍ വൈസ് പ്രസിഡന്റായ മണിയന്‍പിള്ളരാജുവിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.
അവയ്ലബിള് എക്സിക്യൂട്ടീവ് കൂടുന്നതിന് മുന്നോടിയായി അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ഐ.സി.സി) റിപ്പോര്‍ട്ട് തേടിയിരുന്നു. പീഡനക്കേസ്സില്‍ കോടതിയുടെ അന്തിമവിധി വരുന്നതുവരെ കാക്കാന്‍ ഐ.സി.സി. ഒരുക്കമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തുകവഴി നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഐ.സി.സി. കണ്ടെത്തി. അതുകൊണ്ടുതന്നെ അദ്ദേഹം എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയണമെന്ന നിലപാടാണ് ഐ.സി.സി. എടുത്തത്. ഇത് രേഖാമൂലം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് അടിയന്തിരമായി അമ്മയുടെ അവയ്ലബിള് എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് വിജയ്ബാബുവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഒരു ആഭ്യന്തര പരാതി പരിഹാര സമിതി പീഡനക്കേസ്സില്‍ തങ്ങളുടെ അംഗത്വത്തിനെതിരെ നടപടിയെടുക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഇത് ഐ.സി.സിയുടെ വിജയം കൂടിയാണ്. ശ്വേതാമേനോനാണ് അമ്മയുടെ ഐ.സി.സി. ചെയര്‍ പേഴ്സണ്‍. ശ്വേതയുടെ കര്‍ക്കശ നിലപാടുകളും വിജയ്ബാബുവിനെതിരെ നടപടിയെടുക്കാന്‍ കാരണമായതായി അറിയുന്നു.
Recent Comments