നടി ശ്വേതാമേനോന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ഐ.സി.സി.) ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ 12 മണിയോടെ രാജി മെയില്‍ ചെയ്യുകയായിരുന്നു. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് ശ്വേതാമേനോന്. ആ സ്ഥാനത്ത് അവര്‍ തുടരും.
ഒരു യുവനടിയുടെ പീഡന പരാതിയെത്തുടര്‍ന്ന്, വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഐ.സി.സിയോട് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഏപ്രില്‍ 27 ന് ഐ.സി.സി. യോഗം ചേര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ വിജയ്ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് കടുത്ത നിയമലംഘനമാണെന്ന് ഐ.സി.സി. കണ്ടെത്തി. തുടര്‍ന്ന് വിജയ് ബാബുവിനെ സംഘടനയുടെ ഔദ്യോഗിക പദവിയില്‍നിന്ന് തരംതാഴ്ത്താന്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ പുറത്താക്കാന്‍ ഐ.സി.സിക്ക് അധികാരം ഇല്ലെന്നിരിക്കെ തുടര്‍ നടപടികള്‍ക്കായിട്ടാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം മെയ് 1 ന് വിളിച്ചു ചേര്‍ത്തത്. അമ്മയുടെ ആവശ്യപ്രകാരം വിജയ്ബാബു സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ പത്രങ്ങള്‍ക്ക് നല്‍കാനായി അമ്മ തയ്യാറാക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിജയ്ബാബു സ്വയം രാജിവയ്ക്കാന്‍ സന്നദ്ധനായിക്കൊണ്ട് കത്ത് നല്‍കിയെന്നും അതിന്മേല് എക്സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തുവെന്നുമാണ് ഉള്ളത്.
ഈ വാര്‍ത്താകുറിപ്പ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അത് ഒരു അംഗത്തിനെതിരെയുള്ള അച്ചടക്കനടപടിയായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഐ.സി.സി. അംഗമായ മാല പാര്‍വ്വതി മെയ് 2 നുതന്നെ രാജിവച്ചിരുന്നു. ഐ.സി.സി. ചെയര്‍പേഴ്സണ്‍ ശ്വേത രാജി നല്‍കുമെന്ന സൂചനയും അവര്‍ നല്കി. എന്നാല്‍ കഴിഞ്ഞ ദിവസം രാജികാര്യത്തെ സംബന്ധിച്ച് ശ്വേത മൗനം പാലിച്ചു. ഇതിനിടെ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ ഇതുവരെയുള്ള കാര്യങ്ങള്‍ ധരിപ്പിച്ചുകൊണ്ട് ശ്വേത ഒരു സന്ദേശം അയച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ലാലില്‍നിന്ന് അനുകൂലമായോ പ്രതികൂലമായോ ഒരു മറുപടി ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഐ.സി.സി. ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിയാന്‍ ശ്വേതയെ നിര്ബ്ബന്ധിതയാക്കിയതെന്നറിയുന്നു. പത്രക്കുറിപ്പില്‍ തിരുത്തലുകള്‍ വരുത്തണമെന്നാണ് ശ്വേതയുടെ ശക്തമായ ആവശ്യം. ഐ.സി.സിയുടെ റിപ്പോര്‍ട്ടിനുമേല്‍ അമ്മ ആവശ്യപ്പെട്ട പ്രകാരം വിജയ്ബാബു എക്സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞു എന്ന പത്രക്കുറിപ്പാണ് ഇറക്കേണ്ടിയിരുന്നതെന്നും ശ്വേത ശക്തമായി വാദിക്കുന്നു.
മെയ് 4 ന് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനാ പ്രതിനിധികളെ മന്ത്രി സജി ചെറിയാന് ക്ഷണിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ ഡബ്ലു.സി.സി. ശ്വേതയുടെ രാജി ചര്‍ച്ചാവിഷയമാക്കാന്‍ ഇടയുണ്ട്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്കുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ വാദിച്ചേക്കും.
Recent Comments