നടന് ഹരീഷ് പേരടി താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് ശ്വേതാമേനോനും മാലാ പാര്‍വ്വതിയും കുക്കു പരമേശ്വരനും രാജി വച്ചതിന് പിന്നാലെയാണ് ഹരീഷ് പേരടിയും സംഘടനയില്‍നിന്ന് ഒഴിഞ്ഞുപോകുന്നത്.
പൊതുസമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന A.M.M.A യിലെ തന്റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരീഷ് പ്രസിഡന്റിനും സെക്രട്ടറിക്കും രാജികത്തുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടതില്ലെന്നും അമ്മയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് അടക്കം എല്ലാ അവകാശങ്ങളില്‍നിന്ന് തന്നെ ഒഴിവാക്കി തരണമെന്നും ഹരീഷ് രാജികത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതു വിഷയങ്ങളിലും സ്വതന്ത്രവും ശക്തവുമായ നിലപാടുകള്‍ സ്വീകരിച്ചുവരുന്ന കലാകാരനാണ് ഹരീഷ് പേരടി. അതില്‍ ഏതെങ്കിലും കക്ഷിരാഷ്ട്രീയമോ ജാതിമത ഭേദങ്ങളോ ഒന്നും അദ്ദേഹം നോക്കാറില്ല. അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്നത് തുറന്നുപറയും. അമ്മയില്‍നിന്നുള്ള രാജികാര്യത്തിലും ഈ നിലപാടാണ് ഹരീഷ് സ്വീകരിച്ചിരിച്ചിരിക്കുന്നത്.
‘കഴിഞ്ഞ കുറച്ചുകാലമായി ആ സംഘടനയ്ക്കുള്ളില്നിന്നുകൊണ്ട് പോരാടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സംഘടനയെ തിരുത്താന്‍ കഴിയുമെന്ന് എനിക്ക് ഇനി വിശ്വാസമില്ല. ഓരോ വിഷയത്തിലും അവരെടുക്കുന്ന നിലപാടുകള്‍ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്വയം പിന്തിരിയുകയാണ്.’ ഹരീഷ് പേരടി കാന്‍ ചാനലിനോട് പറഞ്ഞു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹരീഷ് അമ്മയില്‍ അംഗത്വമെടുത്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നടനാണ് അദ്ദേഹം. ബംബര്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഹരീഷ് പേരടി ഇപ്പോള്‍.
Recent Comments