അരുണ്‍ ബാബുവിനെ പരിചയമുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ഫോണില്‍ വിളിക്കുംവരെയും. അരുണുമായി സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അദ്ദേഹം കലാനിലയം ബാലകൃഷ്ണന്റെ മകനാണെന്നറിയുന്നത്. കഥകളിയുടെ പരമാചാര്യന്മാരില് ഒരാളാണ് കലാനിലയം ബാലകൃഷ്ണന്. അദ്ദേഹത്തിന്റെ മൂത്ത മകനാണ് അരുണ്‍ ബാബു. അരുണും ഒരു കഥകളി നടനാണ്. കഥകളി അദ്ധ്യാപകനും.
അരുണുമായി സംസാരിക്കാനിടയാകുന്നതിനും ഒരു സിനിമാ പശ്ചാത്തലമുണ്ട്. ഇന്നലെയാണ് വാമനന് എന്ന ചിത്രത്തിന്റെ മോഷന്പോസ്റ്റര് പുറത്തിറങ്ങിയത്. അതിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത് മാധ്യമ സുഹൃത്ത് കൂടിയായ വിവേക് മുഴക്കുന്നാണ്. വാമനന്റെ സംവിധായകന് എ.ബി. ബിനിലിന്റെ നമ്പര്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മെസ്സേജ് ചെയ്തതിന് പിന്നാലെ നിര്‍മ്മാതാവ് അരുണ്‍ ബാബുവിന്റെ ഫോണ്‍കോളാണ് ഞങ്ങളെ തേടിയെത്തിയത്.
അരുണ്‍ വാമനന്റെ നിര്‍മ്മാതാവ് മാത്രമല്ല, ഈ സിനിമയില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. അരുണിന്റെ ആദ്യനിര്മ്മാണസംരംഭമാണ് വാമനന്. വാമനന് പിന്നാലെ മറ്റൊരു ചലച്ചിത്രം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളിലാണ് അരുണും നിര്‍മ്മാണ പങ്കാളിയായ സമഹ് അലിയും. വി.കെ.പിയാണ് രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. മൂവിഗ്യാങ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. നാല് പങ്കാളികള്‍ വേറെയുമുണ്ട്. രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന് കരുമത്തില്‍, സുമ മേനോന്.
ഇന്ദ്രന്‍സാണ് വാമനനിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാസ്യനടനില്‍നിന്ന് സ്വഭാവനടനിലേയ്ക്കും അവിടെനിന്ന് നായക കേന്ദ്രീകൃത കഥാപാത്രങ്ങളിലേയ്ക്കുള്ള ഇന്ദ്രന്‍സിന്റെ ജൈത്രയാത്ര തുടരുകയാണ്. ആ യാത്രയിലെ ഈടുറ്റ കഥാപാത്രങ്ങളില്‍ ഒന്നുതന്നെയായിരിക്കും വാമനനും.
സൈക്കോത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് വാമനന്. കോട്ടയത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചാണ് വാമനന്റെ കഥ ഒരുങ്ങുന്നത്. ഒരു മലയോരഗ്രാമത്തിലെ ഹോംസ്റ്റേ മാനേജരാണ് വാമനന്. കുടുംബത്തോടൊപ്പം അവിടെ എത്തിച്ചേരുന്ന വാമനന് ആ വീടുമായി ചൂഴ്ന്ന് നില്ക്കുന്ന ഒട്ടനവധി കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടിവരികയാണ്. അതുമായി ബന്ധപ്പെട്ട നിറംപിടിച്ച കഥകളും അദ്ദേഹത്തിന് കേള്‍ക്കേണ്ടിവരുന്നു. പിന്നീട് അദ്ദേഹം നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് വാമനന്. വാമനനെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഭാര്യയുടെ വേഷം സീമ ജി. നായരും മകളുടെ വേഷം ദില്‍ഷയും അവതരിപ്പിക്കുന്നു.
ബൈജു, നിര്‍മ്മല്‍ പാലാഴി, മനു ഭാഗവത്, സെബാസ്റ്റ്യന്‍, ബിനോജ്, ആദിത്യസോണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അരുണിന്റെ സുഹൃത്തും നവാഗതനുമായ എ.ബി. ബിനിലാണ് ‘വാമനന്’ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ വാമനന് വൈകാതെ പ്രദര്‍ശനത്തിനെത്തും.
Recent Comments