ഇന്ന് രാവിലെ ഏഴരയോടെയാണ് നടന് മോഹന്‍ലാല്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും ലാലിനൊപ്പമുണ്ടായിരുന്നു. സിനിമാവിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചത്. ഒന്നേകാല്‍ മണിക്കൂറോളം ലാല്‍ രാജ്ഭവനില്‍ തങ്ങി. പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മടക്കയാത്രയ്ക്ക് മുമ്പായി പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു.
ഇന്നലെ ഓള്‍ഡ് ഗോവയിലെ പള്ളിയില്‍വച്ചായിരുന്നു മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ്. അതിനടുത്ത് ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി.എസ്. ശ്രീധരന്‍പിള്ള. തൊട്ടടുത്ത് ലാലിന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറഞ്ഞ് അദ്ദേഹം ലൊക്കേഷനിലെത്തി. അവിടെ അദ്ദേഹത്തെ ലാലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. 15 മിനിറ്റോളം പി.എസ്. ശ്രീധരന്‍പിള്ളയും ലൊക്കേഷനിലുണ്ടായിരുന്നു. മടങ്ങുന്നതിന് മുമ്പ് പി.എസ്. ശ്രീധരന്‍പിള്ള ലാലിനെ രാജ്ഭവനിലേയ്ക്ക് ക്ഷണിച്ചു. ക്ഷണം ലാല്‍ സ്വീകരിച്ചു. ഇന്ന് രാവിലെ അദ്ദേഹം രാജ്ഭവനില്‍ എത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന് ഇന്നസെന്റും രാജ്ഭവനിലെത്തി പി.എസ്. ശ്രീധരന്‍പിള്ളയെ കണ്ടിരുന്നു.
Recent Comments