ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉടല്. ചിത്രം മെയ് 20 നാണ് തീയേറ്ററില്‍ എത്തുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഹിന്ദി, തെലുങ്ക് ഭാഷകളുടെ റീമേക്ക് ഒരുങ്ങുന്നതായി നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് അറിയിച്ചു. സംവിധായകന് രതീഷ് രഘുനന്ദന് തന്നെയായിരിക്കും ഹിന്ദിയിലും സംവിധാനം നിര്‍വ്വഹിക്കുക.
‘ഉടല് സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’- ഗോകുലം ഗോപാലന് പറഞ്ഞു.
ബോളിവുഡിലെ പ്രമുഖ താരങ്ങളാകും റീമേക്കില്‍ അഭിനയിക്കുക. നിലവില്‍ അവരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല് മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന് അറിയിച്ചു.
ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചനയും രതീഷ് രഘുനന്ദന് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിച്ചിരിക്കുന്നു.
Recent Comments