ഡോ. പ്രശാന്ത് നായരെ ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത് ബറോസിന്റെ ലൊക്കേഷനില്‍വച്ചാണ്. ക്യാമറാമാന് സന്തോഷ് ശിവനാണ് പ്രശാന്തിനെ പരിചയപ്പെടുത്തി തന്നത്. ബറോസില്‍ പ്രശാന്ത് ചെറിയൊരു വേഷം ചെയ്യുന്നുണ്ടായിരുന്നു.
ഓര്‍ത്തോ ഡെന്റിസ്റ്റാണ് ഡോ. പ്രശാന്ത് നായര്‍. മണിപ്പാല്‍ യൂണിവേഴ്സിറ്റില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ് സ്കോളര്‍ഷിപ്പ് കിട്ടി അമേരിക്കയില്‍ പഠനത്തിനായി എത്തുന്നത്. അവിടെ ഒക്ലഹോമ ഹെല്‍ത്ത് സെന്ററില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. ഒപ്പം എന്‍വയോണ്‍മെന്റ് സയന്‍സില്‍ പി.എച്ച്.ഡിയും നേടി. അതിനുശേഷമാണ് ദുബായിലേയ്ക്ക് വരുന്നത്. അവിടെ അച്ഛന് നടത്തുന്ന ഹോസ്പിറ്റലില്‍ ഡെന്റല്‍ വിങ് ആരംഭിച്ച് ചികിത്സ തുടങ്ങി. 2021 ല്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തി.
2011 ലാണ് പ്രശാന്തിന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനം. സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹം പ്രശാന്ത് ആദ്യമായി തുറന്നുപറയുന്നതും സന്തോഷ് ശിവനോടാണ്. സന്തോഷ് ശിവന്റെ ഭാര്യ ദീപ, പ്രശാന്തിന്റെ അച്ഛന്റെ പെങ്ങളുടെ മകളാണ്. അങ്ങനെയൊരു ബന്ധുത്വവും അവര്‍ക്കിടയിലുണ്ട്. സന്തോഷ് ശിവനാണ് പ്രശാന്തിനെ സംവിധായകന് മുരുകദോസിന്റെ അടുക്കലേയ്ക്ക് അയയ്ക്കുന്നത്. തന്റെ പുതിയ ചിത്രമായ തുപ്പാക്കിയിലേയ്ക്ക് മുരുകദോസ് കമാണ്ഡോകളെ തേടുന്ന സമയമായിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ മുരുകദോസിന് പ്രശാന്തിനെ ബോധിച്ചു. അങ്ങനെയാണ് തുപ്പാക്കിയിലൂടെ പ്രശാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറുതെങ്കിലും ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അജിത്തിനോടൊപ്പം ആരംഭത്തിലും പ്രശാന്തിന് അവസരം ലഭിച്ചു. ഒരിക്കല്‍ ഫെയ്സ് ബുക്കില്‍ പ്രശാന്തിന്റെ ഫോട്ടോ കാണാന്‍ ഇടയായ സംവിധായകന് ലാല്‍ജോസ് ഡയമണ്ട് നെക്ലെയ്സിലും പ്രശാന്തിന് വേഷം നല്കി. പിന്നീട് ബ്ലെസിയുടെ കളിമണ്ണ്, പൃഥ്വിരാജിനോടൊപ്പം കൂടെ, ഫഹദ് ഫാസിലിനൊപ്പം ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിനോടൊപ്പം ബറോസിലും സ്ക്രീന്‍ സ്പെയിസ് പങ്കിട്ടു. നിരവധി പരസ്യചിത്രങ്ങളിലും പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ കേരള കാരവന് ടൂറിസത്തിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലെ മോഡലുമാണ്.
പ്രദര്‍ശനത്തിനൊരുങ്ങുന്ന ഏഴാം കടലിനുമപ്പുറം എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതും പ്രശാന്താണ്. ഈ ചിത്രത്തിലെ അണിയറക്കാരെല്ലാം ഡോക്ടര്‍മാരാണ്. ഇതിനെ മുന്‍നിര്‍ത്തി അറേബ്യന്‍ വേള്‍ഡ് റിക്കോര്ഡ്സും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു.
ഒരു മികച്ച ഡോക്ടറിനും നടനുമപ്പുറം അനവധി മേഖലകളില്‍ കൈയൊപ്പ് പതിപ്പിച്ച പ്രതിഭാശാലിയാണ് പ്രശാന്ത്. ജപ്പാന്, കൊറിയന്‍, ഫിലിപ്പൈന്‍ ആയോധനകലകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഫിലിപ്പൈന്‍ കായികാഭ്യാസമായ അര്‍നിസ് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഗ്രാന്റ് ചാമ്പ്യന്‍ പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും പ്രശാന്താണ്. പ്രശാന്തിന്റെ ഈ നേട്ടത്തെ അനുമോദിച്ച് അമിതാഭ്ബച്ചന് എഴുതിയ കത്ത് അദ്ദേഹം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. നല്ലൊരു സര്‍ട്ടിഫൈഡ് സ്കൂബാഡൈവറും കൂടിയാണ് പ്രശാന്ത്. കാര്‍ ഡ്രിഫ്റ്റിംഗിലും വൈദഗ്ദ്ധ്യമുണ്ട്. യു.എ.ഇയില്‍ നടന്ന ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ ജേതാവായിരുന്നു. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ് ഉടമയുമാണ്. മെഴ്സിഡസ് ബെന്‍സ് നടത്തിയ കാറോട്ട മത്സരത്തില്‍ നിശ്ചിത സമയത്തിനുമുമ്പേ മത്സരം പൂര്‍ത്തിയാക്കിയതിനാണ് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ് നല്കി അദ്ദേഹത്തെ ആദരിച്ചത്.
വൈദ്യശാസ്ത്രരംഗത്തുനിന്ന് പ്രശാന്ത് ഇപ്പോള്‍ പൂര്‍ണ്ണമായും വിട്ടുനില്ക്കുന്നതുതന്നെ സിനിമയില്‍ കൂടുതല്‍ നല്ല അവസരങ്ങള്‍ തേടിയാണ്. എറണാകുളത്ത് അദ്ദേഹം സ്ഥിരതാമസമാക്കിയതിന് പിന്നിലും അങ്ങനെയൊരു കാരണമുണ്ട്. കാഴ്ചയില്‍ ഒരു ബോളിവുഡ് ആക്ടറുടെ രൂപസാദൃശ്യമുള്ള പ്രശാന്ത് അഭിനയരംഗത്തും തനിക്ക് ചിലതൊക്കെ നേടാനുണ്ടെന്ന ശുഭാപ്തി വിശ്വാസക്കാരനാണ്.
Recent Comments