ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ടിന്റെ ഷൂട്ടിംഗ് കൊല്ലം തങ്കശ്ശേരിയിലായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ ഞങ്ങളും പോയിരുന്നു. രാവിലെ ആറ് മണിക്കുതന്നെ ഷൂട്ടിംഗ് സംഘം ഹോട്ടലില്‍നിന്ന് പുറപ്പെട്ടിരുന്നു. ഉള്‍ക്കടലിലാണ് ഷൂട്ടിംഗ്. സിനിമയുടെ ഏതാണ്ട് 90 ശതമാനവും ആഴക്കടലിലാണ് ചിത്രീകരിക്കുന്നത്. തീരത്തുനിന്ന് ഒരു ചെറിയ ബോട്ടില്‍ യാത്ര ചെയ്താണ് ഉള്‍ക്കടലില്‍ എത്തിയിരുന്നത്. അവിടെ ഒരു വലിയ ഫിഷിംഗ് ബോട്ടിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
അഭിനേതാക്കളായി ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്നും ജയപാലനും അലക്സാണ്ടര്‍ പ്രശാന്തും മുരുകന് മാര്‍ട്ടിനും ജോസഫും മുള്ളനും മാത്രം. ആടുകളം എന്ന പ്രശസ്തമായ തമിഴ് ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് 73 കാരനായ ജയപാലനാണ്. മുള്ളനാകട്ടെ കര്‍മ്മംകൊണ്ട് മത്സത്തൊഴിലാളിയാണ്. തീരദേശ ജീവിതപശ്ചാത്തലമുള്ളയാളാണ് ജോസഫും.
കടല്‍ മക്കളുടെ കഥയാണ് സിനിമ പറയുന്നത്. അഡ്വഞ്ചറും ത്രില്ലറും ചേര്‍ന്നൊരു ചിത്രം. എന്നാല്‍ ഇന്നോളം ഒരു സിനിമയിലും പറയാത്ത കഥാപശ്ചാത്തലമാണ് അടിത്തട്ടിനുള്ളതെന്ന് തിരക്കഥാകൃത്ത് ഖയിസ് മിലന് പറയുന്നു.
‘ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ പച്ചയായ ജീവിതത്തെ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒപ്പം അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും സിനിമ പറയാതെ പറയുന്നുണ്ട്.’ ഖയിസ് മിലന് കാന്‍ ചാനലിനോട് പറഞ്ഞു. ഖയിസിന്റെ ആദ്യ തിരക്കഥ സംരംഭമാണ്.
ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ്, താരങ്ങളെല്ലാം കൊല്ലത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതവും അവരുടെ സംസാരരീതിയും ശരീരഭാഷയുമൊക്കെ നിരീക്ഷിക്കാനായി അവര്‍ക്കൊപ്പം കുറെ ദിവസങ്ങള്‍ ചെലവിടുകയും ചെയ്തു. എന്നിട്ടാണ് ഷൂട്ടിംഗ് തുടങ്ങിയത്.
‘ബോട്ടില്‍ ആഴക്കടലിലേയ്ക്ക് പോകുന്നതും കടലില്‍ വലയെറിയുന്നതും മീന്‍ പിടിക്കുന്നതുമെല്ലാം താരങ്ങള്‍തന്നെ ചെയ്തതായിരുന്നു. ഒരു ഗിമിക്കും കാട്ടിയിട്ടില്ല. കഠിനമായ ശാരീരിക അദ്ധ്വാനം വേണ്ട ഒരു തൊഴിലിടമാണ് മത്സ്യ ബന്ധനം. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് ഒരുപാട് ഫിലിക്കല്‍ സ്ട്രെയിന്‍ വേണ്ടിവന്നു. സാധാരണ കടലില്‍ പോകുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കടല്ചൊരുക്ക്. ഞങ്ങളില്‍ പലരും കടല്‍ചൊരുക്കേറ്റ് അവശരായി പോയപ്പോഴും താരങ്ങള്‍ അതിനെ അതിജീവിച്ചത് തൊഴിലിനോടുള്ള അവരുടെ ആത്മസമര്‍പ്പണംകൊണ്ട് മാത്രമാണ്.’ സംവിധായകന് ജിജോ ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അടിത്തട്ടിന്റെ വീഡിയോ സോങ് പുറത്തിറങ്ങിയത്. അതിന്റെ ദൃശ്യഭാഷയ്ക്കുതന്നെ വല്ലാത്തൊരഴകുണ്ടായിരുന്നു. കടലും കടല്‍ ജീവിതവുമൊക്കെ തൊട്ട് തലോടിപ്പോകുന്ന ദൃശ്യാനുഭവം. ക്യാമറാമാന് പാപ്പിനുവിന്റെ മിടുക്ക് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. നെസര്‍ അഹമ്മദിന്റെ വരികളും സംഗീതവും ജാസിയുടെ ശബ്ദവും ആ ഗാനരംഗത്തെ കൂടുതല്‍ ചടുലമാക്കുന്നു.
ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സംവിധായകന് പറഞ്ഞത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസും കാനയില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂസന് ജോസഫും സിന് ട്രീസയുമാണ് നിര്‍മ്മാതാക്കള്‍.
Recent Comments