നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു കമല്ഹാസന് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍.
36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലിന് ഒരു ധീര നായകവേഷം ചാര്‍ത്തി കൊടുത്ത ചിത്രമായിരുന്നു രാജശേഖര്‍ സംവിധാനം ചെയ്ത് വിക്രം. 1986 മെയ് 29നായിരുന്നു ചിത്രത്തിന്റെ റിലീസ്. വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ വിക്രം ജൂണ്‍ 3 ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ കൗതുകകരമായ ഒട്ടേറെ കാര്യങ്ങള്‍ ദര്‍ശിക്കാനാവും.
മലയാള സിനിമയെയും കലാകാരന്മാരെയും എന്നും സ്നേഹിച്ചിരുന്ന നടനാണ് കമല്ഹാസന്. അതുകൊണ്ടുതന്നെ തന്റെ ചിത്രത്തിന്റെ സംവിധായകര്‍ ആരുമായിക്കൊള്ളട്ടെ, താനഭിനയിക്കുന്ന ചിത്രങ്ങളില്‍ മലയാളത്തിലെ അഭിനേതാക്കളും ഉണ്ടാകണമെന്ന് കമലിന് നിര്‍ബ്ബന്ധമാണ്. ജയറാം, കൊച്ചിന് ഹനീഫ, നെടുമുടിവേണു, ജയസൂര്യ എന്നിവരെകൂടാതെ ഉര്‍വ്വശി, അംബിക, രാധയുമൊക്കെ അവരില്‍ ചിലര്‍ മാത്രം.
36 വര്‍ഷം മുമ്പ് റിലീസ് ചെയ്ത വിക്രമിലും ഇത് പ്രകടമാണ്. അന്ന് മലയാളത്തില്‍ നിന്നും ലിസി, അംബിക എന്നിവരെ കൂടാതെ കലാസംവിധായകനായ സാബുസിറിളും ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലിസിയെ തമിഴകത്ത് നായികയായി പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു വിക്രം. ഇവരെ കൂടാതെ ബോളിവുഡില്‍നിന്നും അംജത്ഖാനും ഡിംപിള്‍ കപാഡിയയും വിക്രമില്‍ വേഷമിട്ടിരുന്നു.
തമിഴകത്തെ ഒന്നാംനിരയിലെ സാഹിത്യകാരനായിരുന്ന സുജാത ആയിരുന്നു വിക്രമിനുവേണ്ടി കഥ രചിച്ചത്. തിരനാടകം സുജാതയും കമലും ചേര്‍ന്നായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ പാട്ടുകളൊക്കെ ഏറെ ഹിറ്റായിരുന്നു. കൂട്ടത്തില്‍ കമല്‍ പാടിയ ‘വിക്രം… വിക്രം..’, എസ്പിബിയും കെഎസ് ചിത്രയും ആലപിച്ച ‘എന്‍ ജോഡി മഞ്ച കുരുവി’, യേശുദാസും ജാനകിയും ചേര്‍ന്ന് പാടിയ ‘ചിപ്പിക്കുള്‍ ഒരു മുത്ത്’ എന്നിവ സംഗീതാസ്വാദകര്‍ ഇന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളാണ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമലും സഹോദരന് ചാരുഹാസനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ അന്നത്തെ ചെലവ് ഒരു കോടി രൂപയായിരുന്നു. ബോക്സോഫീസില്‍ എട്ടു കോടി രൂപ നേടിയെടുത്ത ചിത്രം ആക്ഷനൊപ്പം കോമഡിയും ചേര്‍ന്നതായിരുന്നു. 36 വര്‍ഷങ്ങള്‍ക്കിപ്പുറം യുവസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് കമലുമായി വിക്രം എന്ന ചിത്രം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതും ചിത്രത്തിലെ മലയാളി സാന്നിധ്യം തന്നെയാണ്. മലയാളികളുടെ പ്രിയങ്കരരായ ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവരാണ് ഇക്കുറി കമലിനൊപ്പം ഒത്തുചേരുന്നത്.
സംവിധായകനായ ലൊകേഷിന് ഇതൊരു ജീവിത വിജയം കൂടിയാണ്. കാരണം, കമലിന്റെതന്നെ സത്യ, വിരുമാണ്ടി എന്നീ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തനിക്കും ഒരു സംവിധായകനാകണമെന്ന മോഹം ഉടലെടുത്തതെന്ന് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് തന്നെ സ്വാധീനിച്ച ചിത്രങ്ങളിലെ നായകനെ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം തന്നെയാണ്.
തമിഴകത്ത് പ്രിയ നടന് വിജയ് സേതുപതിയും ഒപ്പം ചേരുമ്പോള്‍ സിനിമ ബോക്സോഫീസില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. കൂടാതെ കന്നട, തെലുങ്ക് ചിത്രങ്ങളിലെ ചെറുതും വലുതുമായ താരങ്ങളുടെയും സാന്നിധ്യം ചിത്രത്തിലുണ്ട്. അന്നത്തെ കഥയും കഥാപാത്രങ്ങളുമല്ല പുതിയ ചിത്രത്തില്‍. ഇതൊരു ആക്ഷന്‍ പാക്കഡ് സിനിമയാണ്. കാലം കടന്നപ്പോള്‍ സിനിമയും അപ്പാടെ മാറിയിരിക്കുകയാണ്. സാങ്കേതികത്വം അതിന്റെ എല്ലാ നല്ല വശങ്ങളെയും ഉപയോഗിക്കാന്‍ കമലിനെപ്പോലെ മറ്റൊരു നടനില്ലതന്നെ. അതൊക്കെകൊണ്ടുതന്നെ 1986 ലെ ചരിത്രവിജയം ഇക്കുറിയും കമല്‍ നേടിയെടുക്കുമെന്നാണ് കരുതുന്നത്. അന്നത്തെ ഒരു കോടി ബജറ്റല്ല, പുതിയ വിക്രമിന്. അതിലും എത്രയോ ഇരട്ടിയാണെന്ന് വിസ്മരിക്കുന്നില്ല. പുതിയ വിക്രം ഇക്കുറിയും നിര്‍മ്മിക്കുന്നത് രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ തന്നെയാണ്. വീണ്ടും വിക്രം വരുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സംഗീതസംവിധായകനിലെ മാറ്റമാണ്. ഇളയരാജയ്ക്ക് പകരം അനിരുദ്ധ് രവീന്ദറാണ് സംഗീതം ഒരുക്കുന്നത്. 2022 ജൂണ്‍ 3 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ എച്ച്.ആര്. പിക്ചേഴ്സാണ്.
Recent Comments