ജയന്റെ ആരാധകനായിരുന്നു ഞാന്‍. ഒരിക്കല്‍ കൊച്ചിന് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന വേളയിലാണ് ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത്. ചെന്നൈയിലേക്ക് പോകാന്‍ ചെക്കിങ് കഴിഞ്ഞ് അകത്ത് കയറിയ ജയന് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. അതിഷ്ടപ്പെടാത്ത ഞാന്‍ അദ്ദേഹത്തോട് ഉടന്‍ ചോദിച്ചു, എന്തെ ഇഷ്ട്ടപ്പെട്ടില്ലേ? അപ്പോള്‍ ജയന് പറഞ്ഞു, ഞാന്‍ സാറിന്റെ പേരാണ് നോക്കിയത്. ആ വന്നത് നടന് ജയനായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഭീമന് രഘു കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജയനുമായുള്ള തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു.
അന്ന് ഫ്ളൈറ്റ് ഒരു മണിക്കൂര്‍ ലേറ്റായിരുന്നു. യാത്രക്കാര്‍ ചായ കുടിക്കാനും മറ്റും പുറത്തേയ്ക്കിറങ്ങി. പിന്നീട് ശ്രദ്ധിച്ചപ്പോള്‍ അവിടെയുള്ള ഒരു കോഫി ഷോപ്പില്‍ വലിയ ആള്‍ത്തിരക്ക്, എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, സിനിമാ നടന് ജയന് കോഫി ഷോപ്പില്‍ ഇരിപ്പുണ്ട് എന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ജയന്റെ ഫാനായിരുന്നു ഞാന്‍ അങ്ങോട്ടേയ്ക്ക് ചെന്നു. അപ്പോഴാണറിയുന്നത്, നേരത്തെ എന്നെ സൂക്ഷിച്ചുനോക്കിയത് ജയനാണെന്ന്. കാരണം സിനിമയില്‍ കാണുന്നതില്‍നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍. ഞാന്‍ പതിയെ അദ്ദേഹത്തിനടുത്തേയ്ക്ക് ചെന്ന് പറഞ്ഞു ‘സോറി’ എനിക്ക് ആളെ മനസിലായില്ല. എന്തിന് സോറി പറയണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, അതിനുശേഷം ഞങ്ങള്‍ കുറച്ചു നേരം ഇരുന്ന് സംസാരിച്ചാണ് പിരിഞ്ഞത്. പിന്നീട് അദ്ദേഹം എയര്‍പോര്‍ട്ടില്‍ എപ്പോള്‍ വന്നാലും എന്നെ തിരക്കുകയും പറ്റുമെങ്കില്‍ വിശേഷങ്ങള്‍ പങ്കിടുകയും ചെയ്യുമായിരുന്നു. പിന്നീട് എപ്പോഴോ എനിക്ക് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടി.
തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ച ആ വാര്‍ത്ത ഞാനുമറിഞ്ഞത്. ഹെലികോപ്ടര്‍ അപകടത്തില്‍ ജയന് മരിച്ചു. അടുത്ത ദിവസം രാവിലെ 11 മണിക്ക് ജയന്റെ ബോഡി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് സുപ്പീരിയര്‍ ഓഫീസര്‍ അറിയിച്ചു. മാത്രമല്ല അവിടെനിന്ന് ജയന്റ നാടായ കൊല്ലം വരെ ഞാന്‍ പൈലറ്റായി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ കൂടെ അഡീഷണല്‍ ഫോഴ്സിനെയും അന്ന് നിയോഗിച്ചിരുന്നു. അങ്ങനെ ജയന്റെ മൃതദേഹവുമായി ആറുമണിക്കൂര്‍ കൊണ്ടാണ് കൊല്ലത്ത് ജയന്റെ ജന്മനാടായ ഓലയില്‍ (തേവള്ളി) എത്തിയത്. നിയന്ത്രിക്കുന്നതിനപ്പുറം ജനത്തിരക്കായതിരുന്നു അന്ന് അവിടെ കണ്ടത്. ജയന്റെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞശേഷമാണ് ഞാന്‍ മടങ്ങിയത്.
ഏകദേശം നാലഞ്ച് ദിവസങ്ങള്‍ക്കുശേഷം ചെന്നൈയില്‍നിന്നും എനിക്കൊരു ഫോണ്‍ കോള്‍ വന്നു. പ്രൊഡ്യൂസര്‍ ഹസനായിരുന്നു വിളിച്ചത്. അദ്ദേഹത്തിന് എന്നെ ഒന്ന് നേരില്‍ കാണണമെന്ന് പറഞ്ഞു. അതിനെന്താ കാണാമെന്നു ഞാനും. അങ്ങനെ അന്ന് വൈകിട്ടത്തെ ഫ്ളൈറ്റിന് ഹസ്സനും ഡിസ്ട്രിബ്യൂട്ടറായ സുബ്രഹ്മണിയും എന്നെ കാണാനെത്തി. ജയന്റെ ബോഡി എയര്‍പോര്‍ട്ടില്‍നിന്നും കൊല്ലത്തേയ്ക്ക് കൊണ്ടുപോകുന്ന വിഷ്വല്‍സെല്ലാം സംവിധായകന് ജോഷി സാര്‍ ഷൂട്ട് ചെയ്തിരുന്നു. ആ വീഡിയോയുടെ ഒട്ടുമിക്ക ഭാഗത്തും ഞാനുമുണ്ടായിരുന്നു. ഈ വിഷ്വല്‍സ് കണ്ട ശേഷമാണു ഹസ്സനും സുബ്രഹ്മണിയും എന്നെ കാണാന്‍ എത്തുന്നത്. അവര്‍ ജയനെ നായകനാക്കി ‘ഭീമന്’ എന്ന ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ജയന്റെ രൂപസാദൃശ്യമുള്ളതിനാല്‍ ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആദ്യം കേട്ടപ്പോള്‍ തമാശയായാണ് തോന്നിയത്. മാത്രമല്ല എന്റെ ജോലിത്തിരക്കിനെ കുറിച്ചും ഞാന്‍ അവരോട് പറഞ്ഞു. പറ്റുമെങ്കില്‍ രണ്ടുദിവസത്തേക്ക് ചെന്നൈയിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെട്ടു. സുപ്പീരിയര്‍ ഓഫീസറിന്റെ അനുമതിയോടെ ചെന്നൈയിലേയ്ക്ക് പോയി. അവിടെ ചെന്നപ്പോള്‍ ബാലന് കെ. നായര്‍ കവിയൂര്‍ പൊന്നമ്മ, സിനിമയിലെ നായിക എന്നിവരുണ്ടായിരുന്നു.
അന്നെനിക്ക് സ്ക്രീന്‍ ടെസ്റ്റിനായി മേക്കപ്പ് ചെയ്തത് ജയന്റെ മേക്കപ്പ്മാനായ മോഹനായിരുന്നു. അദ്ദേഹം എനിക്ക് കോസ്റ്റ്യൂമും മേയ്ക്കപ്പും ഒപ്പം വിഗ്ഗും വെച്ച് തന്നു. ശേഷം എന്നെ ഒന്ന് നോക്കി. ഒരുപക്ഷേ എന്നെ അങ്ങനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ജയനെ ഓര്‍മ്മ വന്നിരിക്കാം. അതിനുശേഷം ഞാന്‍ നേരെ സെറ്റിലേക്ക് നടന്നു, അവിടെ എത്തിയപ്പോള്‍ ഹസ്സനും സുബ്രഹ്മണിയും എന്നെ കണ്ട് എഴുന്നേറ്റു നിന്നു. ഒരുപക്ഷേ അവരെല്ലാവരും എന്നിലൂടെ ജയനെയായിരിക്കാം കണ്ടത്. പിന്നീട് ആ രണ്ട് ദിവസം അവര്‍ പറഞ്ഞതുപോലെയൊക്കെ അഭിനയിച്ചു. അതിനുശേഷം ഞാന്‍ തിരിച്ച് പോന്നു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹസ്സനും സുബ്രഹ്മണിയും എന്നെ തേടി വീണ്ടും തിരുവനന്തപുരത്തെത്തി. ചെന്നൈയില്‍വച്ച് ഞാന്‍ അഭിനയിച്ച സീനുകള്‍ കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയാക്കി കൊണ്ട് വന്നിരുന്നു. ആ സീനുകള്‍ കാണാന്‍ ചിത്ര തീയേറ്ററിലേയ്ക്ക് ക്ഷണിക്കാനാണ് അവര്‍ എത്തിയത്. സ്ക്രീനില്‍ എന്നെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി, അത് മറ്റാരോ ആണെന്ന് എനിക്ക് തോന്നി. വിഷ്വല്‍സ് കണ്ടശേഷം അവര്‍ എന്നോട് പറഞ്ഞു, അഭിനയിക്കാന്‍ തയ്യാറായിക്കോളൂ നമുക്ക് ഈ ചിത്രം ചെയ്യാം. ഏതായാലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം അതായിരുന്നു എന്റെ മറുപടി. ഞാന്‍ ആരാധിച്ചിരുന്ന താരത്തിന്റെ അന്ത്യയാത്രയില്‍ പൈലറ്റ് ആകുവാനും പിന്നീട് അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ച സിനിമയില്‍ നായകനാകാനും കഴിഞ്ഞത് എല്ലാം ഒരു നിയോഗംപോലെ. അങ്ങനെ ‘ഭീമന്’ എന്ന സിനിമയിലൂടെ ഞാനും നായകനായി കടന്ന് വന്നു. ഭീമന് രഘു കാന്‍ ചാനലിനോട് പറഞ്ഞു.
-ഷെരുണ് തോമസ്
വീഡിയോ കാണാം:
Recent Comments