ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീലവെളിച്ചം. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് നീലവെളിച്ചം. കഥാകൃത്തിനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്.
‘നീലവെളിച്ചം’ നേരത്തേ സിനിമയായിട്ടുണ്ട്. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന പേരില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ‘ഏകാന്തതയുടെ അപാരതീരം’ എന്ന ഗാനം ഏറെ പ്രശസ്തമാണ്.
നാരദനു ശേഷം ടൊവിനോ തോമസും ആഷിക് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു വര്‍ഷം മുന്‍പ് ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ പൃഥ്വിരാജ് ആയിരുന്നു നായകന്. അന്ന് കുഞ്ചാക്കോ ബോബനും താരനിര്‍ണ്ണയത്തില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ കൊവിഡ് പശ്ചാത്തലത്തില്‍ പല ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ മാറിമറിഞ്ഞതോടെ പൃഥ്വിരാജും കുഞ്ചാക്കോബോബനും ചിത്രത്തില്‍ നിന്നു പിന്മാറേണ്ടിവന്നു.
റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗിരീഷ് ഗംഗാധരന് ഛായാഗ്രാഹണം നിര്വ്വഹിക്കുമ്പോള് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ടൊവിനോ-ആഷിക്ക് ടീമിന്റെ നാലാമത്തെ ചിത്രമായിരിക്കും നീലവെളിച്ചം. ഇതിനുമുമ്പ് ഇവര്‍ ഒരുമിച്ചത് മായാനദി, വൈറസ്, നാരദന് എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.
Recent Comments