കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാളസിനിമയുടെ ഭാഗമാണ് ശ്രീജിത്ത് ഗുരുവായൂര്‍. ചമയ കലാകാരനെന്ന നിലയിലാണ് പ്രശസ്തന്‍. എം.ഒ. ദേവസ്യ, പി.എന്‍. മണി, പട്ടണം റഷീദ് എന്നിവരുടെ കീഴില്‍ സഹായിയായി തുടങ്ങിയ ശ്രീജിത്ത് പിന്നീട് സ്വതന്ത്രനായി. നൂറോളം ചിത്രങ്ങള്‍ ചെയ്തു. ഇടക്കാലത്ത് നടന് ജയസൂര്യയുടെ പേഴ്സണല്‍ മേക്കപ്പ്മാനുമായിരുന്നു. ചമയ കലയില്‍നിന്നു മാറി ശ്രീജിത്ത് സംവിധാനം ചെയ്ത ഒരു മ്യൂസിക് ആല്‍ബമാണ് പൂച്ചി. ഇന്നാണതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളടക്കം ആ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
ആര്ത്തവനാളുകളിലൂടെ കടന്നുപോകുന്ന നാല് പെണ്‍കുട്ടികളുടെ മാനസികാവസ്ഥയാണ് ഈ വീഡിയോ ആല്‍ബത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ധന്യ സുരേഷിന്റെ വരികള്‍ക്ക് രജത് പ്രകാശാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇതിന്റെ ഛായാഗ്രാഹകന്‍ മഹാദേവന് തമ്പിയാണ്. പൂച്ചി എന്ന മ്യൂസിക് ആല്‍ബത്തെക്കുറിച്ച് ശ്രീജിത്ത് കാന്‍ ചാനലിനോട് പറഞ്ഞതിങ്ങനെ.
‘ചമയ കലപോലെതന്നെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് സംവിധാനവും. അതെന്റെ വലിയ സ്വപ്നവുമായിരുന്നു. അതിന്റെ ആദ്യ പടിയായിട്ടാണ് ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തത്. അതിന്റെ തുടര്‍ച്ചയാണ് പൂച്ചി എന്ന മ്യൂസിക് ആല്‍ബവും. ഞാന്‍ ചില കഥകള്‍ താരങ്ങളോട് പറഞ്ഞിരുന്നു. അതവരെ എക്സൈറ്റ് ചെയ്യിച്ചിരുന്നു. പക്ഷേ ശ്രീജിത്ത് ഗുരുവായൂര്‍ എന്ന സംവിധായകനെ അവര്‍ക്ക് പരിചയമില്ലല്ലോ. അത് ഞാന്‍ സ്വയം തെളിയിക്കേണ്ടതാണ്. അതിന്റെ ഭാഗമാണ് ഈ മ്യുസിക് ആല്‍ബവും. രണ്ട് ദിവസമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ മ്യൂസിക് ആല്‍ബം പുറത്തിറക്കും.’ ശ്രീജിത്ത് പറഞ്ഞു.
Recent Comments