സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുത്തിറങ്ങി. ട്രെയിലര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കകം 10 ലക്ഷത്തോളം കാണികളാണ് കണ്ടുകഴിഞ്ഞത്. അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നു. ഇതാദ്യമായാണ് രണ്‍ബീര്‍ കപൂറും ആലിയാഭട്ടും നായികാനായകന്മാരായി എത്തുന്നത്. ഇതിനുമുമ്പ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ആയേ ദില്‍ ഹൈ മുഷ്കില്‍ എന്ന ചിത്രത്തില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ അമിതാഭ് ബച്ചന്, നാഗാര്‍ജുന, മൗനി റോയി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഒരു ബോളിവുഡ് സൂപ്പര്‍ ഹീറോ സിനിമ എന്ന നിലയില്‍ പുരാണവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
രണ്‍ബീര്‍ കപ്പൂര്‍ അവതരിപ്പിക്കുന്ന ശിവ എന്ന യുവാവിന്റെ ജീവിതത്തില്‍ ഒരു നിയോഗമെന്ന പോലെ ബ്രഹ്മാസ്ത്രം കടന്നു വരുന്നു. പ്രപഞ്ചത്തിലെ തന്നെ പുരാതന പ്രകാശ ആയുധമായ ബ്രഹ്മാസ്ത്രയുടെ കാവല്‍ക്കാരായി അമിതാഭ് ബച്ചന്റെയും നാഗാര്‍ജുനയുടെയും കഥാപാത്രങ്ങള്‍ എത്തുന്നു. പ്രതിനായികയായി മൗനി റോയിയും. ശിവയും എതിര് ശക്തികളും തമ്മിലുള്ള പോരാട്ടമാണ് ബ്രഹ്മാസ്ത്ര ആദ്യ ഭാഗത്തിന്റെ ട്രെയിലറില്‍ നിന്ന് വ്യക്തുകുന്നത്.
തെന്നിന്ത്യയില്‍ എസ്.എസ്. രാജമൗലിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്പില് അവതരിപ്പിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്ര പ്രസാദിന്റെ നിര്‍ദേശ പ്രകാരം ചിത്രത്തിലെ ചില ഭാഗങ്ങള്‍ പുനര്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ’ 2022 സെപ്റ്റംബര്‍ 9ന് ലോകമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments