മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഐശ്വര്യ ഭാസ്കര്‍. മുന്‍കാല ചലച്ചിത്ര നടി ലക്ഷ്മിയുടെ മകളും. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം എ്ന്നിവരോടൊപ്പവും തമിഴില്‍ രജിനിയുടെ കൂടെയും അഭിനയിച്ചിട്ടുള്ള ഈ അഭിനേത്രി അടുത്തിടെ തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്.
ഇത്രയും ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ സാമ്പത്തിക സ്രോതസ്സ് പൂജ്യം മാത്രം. ഐശ്വര്യയുടെ വാക്കുകള്‍ തന്നെ കടമെടുക്കാം. ‘ഒരു ബാങ്കിലും അഞ്ച് പൈസയുടെ ഡെപ്പോസിറ്റില്ല. മാത്രമല്ല, കടവുമില്ല. വളരെ ഹാപ്പിയാണ് ഞാന്‍. ജീവിക്കാന്‍വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. വീട്ടില്‍ താന്‍ ഇഷ്ടപ്പെട്ട വളര്‍ത്തുന്ന നാല് പുച്ചകളുണ്ട്. അവര്‍ക്കും എനിക്കുമുള്ള ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് സോപ്പ് വില്‍ക്കേണ്ടിവന്നത്.’
അഭിമുഖത്തില്‍ അവര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ‘സിനിമയില്‍ തനിക്ക് സുഹൃത്തുക്കള്‍ ആരുംതന്നെയില്ല. എല്ലാവരും സഹപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ ആരുടെമുന്നിലും കൈനീട്ടാന്‍ പോയിട്ടില്ല. അതിലും നല്ലത് കപാലീശ്വരന് ക്ഷേത്രത്തില്‍ ഭിക്ഷയെടുക്കുന്നതായിരിക്കും. ഒരു വേളയില്‍ അവതാരിക അമ്മ ലക്ഷ്മിയെക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്റെ അമ്മയെക്കുറിച്ചും മകളെക്കുറിച്ചും മാത്രമല്ല വ്യക്തിപരമായ ഒരു കാര്യവും ഇവിടെ വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരു മനുഷ്യജീവിയാണ്. എനിക്കും ഈ സമൂഹത്തില്‍ മാന്യമായി ജീവിക്കണം. അതിന് ഏത് ജോലിയും ചെയ്യാന്‍ തയ്യാറുമാണ്. നിങ്ങള്‍ ജോലി തന്നാല്‍ ഈ ഓഫീസ് വൃത്തിയാക്കി ബാത്ത് റൂം വരെ കഴുകി സന്തോഷമായി നിങ്ങള്‍ തരുന്ന പ്രതിഫലം വാങ്ങി പോകാനും താന്‍ തയ്യാറാണെ’ന്ന് അവര്‍ തുറന്നുപറഞ്ഞു.
1994 ല്‍ തന്‍വീര്‍ അഹമ്മദിനെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. എന്നാല്‍ മകള്‍ ജനിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത് 1996 ല്‍ ആ വിവാഹബന്ധം അവസാനിക്കുകയായിരുന്നു. ലക്ഷ്മിയുടെ ഏക മകളായിരുന്നു ഐശ്വര്യ. നൂറോളം സിനിമകളില്‍ അഭിനയിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ആവശ്യപ്പെടുന്നത് ഒന്നുമാത്രം. ആരെങ്കിലും ഒരു മെഗാ സീരിയലില്‍ വേഷം തന്ന് സഹായിക്കൂ. കാരണം സിനിമയെക്കാളും സീരിയലായിരുന്നു തനിക്ക് സമ്പാദ്യം നേടിത്തന്നതെന്ന് അവര്‍ പറയുന്നു.
ഐശ്വര്യയുടെ ഈ അഭിമുഖത്തിനുശേഷം ഗലാട്ട അവര്‍ക്ക് അവിടെത്തന്നെ അവതാരകയായി ജോലി നല്‍കിയിരിക്കുകയാണ്. ആദ്യമായി അവര്‍ വിജയ് സേതുപതിയുമായുള്ള അഭിമുഖം തയ്യാറാക്കുകയും ചെയ്തു.
താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് തമിഴകത്തെ ഹിറ്റ് മേക്കറായ ഹരിയുടെ യാനൈ എന്ന ചിത്രത്തിലാണ്. ചിത്രം ഉടന്‍തന്നെ തീയേറ്ററിലെത്തും.
Recent Comments