ബേബിജോണിന്റെ മകനും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുന്നു. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. കഴിഞ്ഞ ദിവസം മോഹന്‍ലാലാണ് ഈ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഇപ്പോള്‍ ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ താന്‍ നായകനാകുന്ന വിവരവും ലാല്‍തന്നെയാണ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ 353-ാമത്തെ ചിത്രമാണ്. പേരിട്ടിട്ടില്ല. വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അതിരന് എന്ന ചിത്രമാണ് വിവേക് ഇതിനുമുമ്പ് സംവിധാനം ചെയ്തിട്ടുള്ളത്. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷം വിവേക് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നുമെന്നും ലാല്‍ അറിയിച്ചു.
ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിനോടൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബുവിന്റെ മാക്സ് ലാബും ഈ നിര്‍മ്മാണ സംരംഭത്തിലെ പങ്കാളികളാണ്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഷിബു ബേബിജോണുമായി സ്നേഹബന്ധമുണ്ടെന്നും ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരംഭത്തിലേയ്ക്ക് കടക്കുന്നുവെന്നുമാണ് ലാല്‍ തന്റെ ഫെയ്സ് ബുക്കില്‍ ആമുഖമായി കുറിച്ചിരിക്കുന്നത്.
Recent Comments