‘ആനന്ദ’ത്തിനുശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. പൂക്കാലത്തെക്കുറിച്ച് ആദ്യമായി ഗണേഷ് രാജ് ഒരു മാധ്യമത്തിനോട് മനസ്സ് തുറക്കുന്നു.
എന്റെ ആദ്യ ചിത്രം ആനന്ദം ഒരുപറ്റം ചെറുപ്പക്കാരുടെ കഥയായിരുന്നുവെങ്കില്‍ പൂക്കാലം രണ്ട് പ്രായമുള്ളവരുടെ കഥയാണ്. ഇട്ടൂപ്പ് എന്നും കൊച്ചു ത്രേസ്യാമ്മ എന്നുമാണ് അവരുടെ പേര്. പേരുകേട്ട ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. മായത്തട്ടകത്ത് എന്നാണ് വീട്ടുപേര്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളും എല്ലാമടങ്ങിയ ഒരു വലിയ കുടുംബമാണെങ്കിലും ഇട്ടൂപ്പിനും കൊച്ചു ത്രേസ്യയ്ക്കും ഒറ്റപ്പെട്ട് കഴിയേണ്ടിവന്നു. അവരുടെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവം എങ്ങനെ മറ്റുള്ളവരെയൊക്കെ ബാധിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്.
ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചു ത്രേസ്യാമ്മ ആയി കെ.പി.എ.സി. ലീലയും
മൂന്ന് വര്‍ഷം മുമ്പാണ് ഇങ്ങനെയൊരു കഥയുടെ ആശയം മനസ്സില്‍ നാമ്പെടുക്കുന്നത്. ആനന്ദത്തിന്റെ നിര്‍മ്മാതാക്കളിലൊരാള്‍ കൂടിയായ വിനോദ് ഷൊര്ണൂരിനോടാണ് കഥയുടെ ത്രെഡ് ആദ്യമായി പങ്കുവയ്ക്കുന്നത്. ‘നീ എഴുതിക്കോളൂ, നമുക്ക് ഒരുമിച്ച് ചെയ്യാം’ എന്നായിരുന്നു വിനോദ് ഏട്ടന്റെ മറുപടി. ഏതാണ്ട് രണ്ടരവര്‍ഷമെടുത്ത് ഞാനത് എഴുതി പൂര്‍ത്തിയാക്കി. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ആദ്യം പോയത് കുട്ടേട്ടന്റെ (വിജയരാഘവന്) അടുക്കലേയ്ക്കാണ്.
ഒരു ആക്ടറെന്ന നിലയില്‍ കുട്ടേട്ടനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിലെ അഭിനേതാവിനെ ഇന്നും വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞു. തൊണ്ണൂറ് വയസ്സിലേറെ പ്രായമുള്ള കഥാപാത്രമാണ് ഇട്ടൂപ്പ്. ഇട്ടൂപ്പിന് വേറെയും വേഷപ്പകര്‍ച്ചകളുണ്ട്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നുവെന്നാണ് കുട്ടേട്ടനും പറഞ്ഞത്.
കെ.പി.എ.സി ലീലാമ്മയെക്കുറിച്ച് കേള്‍ക്കുന്നത് ജയരാജ് സാറിന്റെ രൗദ്രം എന്ന സിനിമയ്ക്ക് ശേഷമാണ്. ആ ചിത്രത്തിലെ മികച്ച പ്രകടനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലീലാമ്മയ്ക്ക് ലഭിച്ചിരുന്നു. പക്ഷേ അതിനൊക്കെ മുമ്പേ അവര്‍ കെ.പി.എ.സിയില്‍ സജീവമായിരുന്നു. നിരവധി നാടകങ്ങളില്‍ നായികാവേഷം അണിഞ്ഞിട്ടുണ്ട്. എന്റെ കൊച്ചു ത്രേസ്യാമ്മ ആകാന്‍ ഇതിലും മികച്ചൊരു ഓപ്ഷന് വേറെ ഉണ്ടായിരുന്നില്ല.
കഥാപാത്രമാകാന്‍ ത്യാഗം ചെയ്തു
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പേ കഥാപാത്രമാകാന്‍ കുട്ടേട്ടന് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കൃത്യമായ ഡയറ്റിംഗിലൂടെ ശരീരഭാരം കുറച്ചു. വൃദ്ധന്റെ ശാരീരികാവസ്ഥയിലൂടെ കടന്നുപോകാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തി. റോണക്സ് സേവ്യറിന്റെ ചമയവൈവിദ്ധ്യംകൂടി ആയപ്പോള്‍ അദ്ദേഹമൊരു വൃദ്ധനായി മാറിക്കഴിഞ്ഞിരുന്നു. ഒരു സീന്‍ തുടങ്ങുന്നതിന് മുമ്പ് ഞാന്‍ കുട്ടേട്ടനോട് ചോദിക്കും ‘നമുക്ക് ഇതുപോലെ ചെയ്താലോ ചേട്ടാ’. ‘ചെയ്തുനോക്കാം ഗണേഷ്’ അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനുശേഷം വേണമെങ്കില്‍ സംഭാഷണങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്തും. സീനിന്റെ ശൈലിതന്നെ മാറ്റും. അങ്ങനെയായിരുന്നു ചിത്രീകരണരീതി. ഇതിനേക്കാളുപരി ചെറുപ്പക്കാരായ ഞങ്ങള്‍ക്കൊപ്പം കുട്ടേട്ടനും സഞ്ചരിച്ചു.
ലീലാമ്മയുടെ മൂന്നാമത്തെ ചിത്രമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതികത്വത്തെക്കുറിച്ചൊക്കെ കൃത്യമായ ധാരണകളുണ്ടായിരുന്നു. സംഭാഷണങ്ങളൊക്കെ മനഃപാഠമാക്കിയിട്ടാണ് എത്തുന്നത്. ഏത് ഷോട്ടിനെക്കുറിച്ച് ചോദിച്ചാലും അതിന്റെ തുടര്‍ച്ചയെപ്പറ്റി വ്യക്തതയുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് പോകുമ്പോള്‍ ലീലാമ്മ എനിക്കും ഒരു അമ്മൂമ്മയായി തീര്‍ന്നിരുന്നു.
ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്കുണ്ടായിരുന്ന വിഷമം സീനിയേഴ്സിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. പൂക്കാലത്തിലൂടെ ആ സങ്കടമെല്ലാം മാറിക്കിട്ടി. എന്നുമാത്രമല്ല, കുട്ടേട്ടനെയും ലീലാമ്മയെയും പോലെയുള്ള സീനിയേഴ്സിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.
വിനീതേട്ടന് എന്റെ ഗുരു. അദ്ദേഹത്തെയും ക്യാമറയ്ക്ക് മുന്നിലെത്തിച്ചു.
എന്റെ ഗുരുവാണ് വിനീതേട്ടന് (വിനീത് ശ്രീനിവാസന്). എന്നെങ്കിലും ഒരു സിനിമയില്‍ അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നില്‍ നിര്ത്തണമെന്നുള്ളതും എന്റെ വലിയ ആഗ്രഹമായിരുന്നു. ആനന്ദത്തില്‍ അദ്ദേഹത്തിന് പാകപ്പെട്ടൊരു വേഷം ഉണ്ടായിരുന്നില്ല. എന്നാല്‍ പൂക്കാലത്തില്‍ അങ്ങനെയൊരു കഥാപാത്രം വന്നപ്പോള്‍ വിനീതേട്ടന് ചെയ്യണമെന്ന് ആഗ്രഹം തോന്നി. ഒരിക്കല്‍ തിരക്കഥ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ വിനീതേട്ടന്തന്നെ പറഞ്ഞു, ‘ഈ കഥാപാത്രം ആരടാ ചെയ്യുന്നത്? അത് ഞാന്‍ ചെയ്താല്‍ നന്നാവില്ലേ’ എന്ന്. വിനീതേട്ടനുവേണ്ടി മാറ്റിവച്ച കഥാപാത്രമാണെന്ന് ഞാനും പറഞ്ഞു. അങ്ങനെ ശിഷ്യന്റെ സിനിമയില്‍ ഗുരുവും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പൂക്കാലത്തില്‍ സുഹാസിനി മണിരത്നവും
സുഹാസിനി മാം കാസ്റ്റിംഗിന്റെ ആദ്യഘട്ടത്തില്‍ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീട് കഥാപാത്രത്തിനിണങ്ങിയ ഒരു അഭിനേത്രിയെ തേടുമ്പോള്‍ ഞങ്ങള്‍ ചെന്നെത്തിയതും സുഹാസിനി മാമിന്റെ അടുക്കലാണ്. അവരുടെ കഥാപാത്രത്തെപ്പറ്റി കൂടുതലൊന്നും പറയാനാകില്ല.
ജഗദീഷ്, ബേസില്‍ ജോസഫ്, അബു സലീം, ജോണി ആന്റണി, അന്നു ആന്റണി, റോഷന് മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്, ഗംഗ മീര, രാധാ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരും താരനിരയിലുണ്ട്.
പൂക്കാലം തീയേറ്ററുകളില്‍ കാണേണ്ട സിനിമ
പൂക്കാലത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയായി. ഇനി ഡബ്ബിംഗിലേയ്ക്ക് കടക്കണം. മൂന്നു ദിവസത്തെ വര്‍ക്ക് കൂടി അവശേഷിക്കുന്നുണ്ട്. ഈ വര്‍ഷാവസാനം തീയേറ്റുകളില്‍ സിനിമ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇത് തീയേറ്ററില്തന്നെ കാണേണ്ട സിനിമയാണ്. പഴയ സിനിമയുടെ രചനാകൗശലത്തെ പുതിയ രീതിയില്‍ പകര്‍ന്നു നല്‍കാനുള്ള ഒരു ശ്രമംകൂടി നടത്തിയിട്ടുണ്ട്. സീരിയസ് സബ്ജക്ടൊന്നുമല്ലിത്. സരസമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചിത്രംതന്നെയാണ്. ഒപ്പം ഫാന്റസിയുടെ ചില സൂചനകളും പൂക്കാലത്തില്‍ കടന്നുവരുന്നുണ്ട്. ഗണേഷ് രാജ് പറഞ്ഞുനിര്‍ത്തി.
Recent Comments