നാലരവര്‍ഷം നീണ്ട ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് സമാപനമാകുന്നു. ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍ നടക്കും. രണ്ട് ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗിനായി നാളെ പൃഥ്വിരാജും പത്തനംതിട്ടയിലെത്തും. പൃഥ്വിരാജ് പങ്കെടുക്കുന്ന പോര്‍ഷനുകളാണ് ചിത്രീകരിക്കാനുള്ളത്. ജയില്രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. ഇതിനായി ജയിലിന്റെ സെറ്റ് വര്‍ക്കുകളും പൂര്‍ത്തിയായിട്ടുണ്ട്.
ഒരു മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും സുദീര്‍ഘമായ ഒരു ഷെഡ്യൂള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ഷൂട്ടിംഗിനായി ആകെ 160 ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.
കഠിനം, അതികഠിനം ഈ ഷൂട്ടിംഗ് ഷെഡ്യൂള്‍
2018 ഫെബ്രുവരിയിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്തു. അതേ വര്‍ഷം ജോര്ദ്ദാനിലേയ്ക്കും പോയി. അവിടെ ഏതാണ്ട് 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേയ്ക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവച്ചു. പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. ഇത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോര്ദ്ദാനില്മാത്രം 65 ദിവസത്തോളം ബ്ലെസിക്കും സംഘത്തിനും കുടുങ്ങി കിടക്കേണ്ടിവന്നു.
2022 മാര്‍ച്ചിലാണ് പിന്നീട് ഫൈനല്‍ ഷെഡ്യൂളിനായി അവര്‍ ജോര്‍ദ്ദാനിലേയ്ക്ക് പോയത്. ഇത്തവണ അള്‍ജീരിയയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനുശേഷമാണ് ജോര്‍ദ്ദാനില്‍ കാല് കുത്തിയത്. അവിടുത്തെ ഷൂട്ടിംഗും പൂര്‍ത്തിയായതോടെ ആടുജീവിതത്തിന്റെ കഠിനമായ ഷൂട്ടിംഗ് ദിനങ്ങള്‍ക്കും സമാപനമാവുകയായിരുന്നു.
ഭാഗ്യമന്വേഷിച്ച് ഗള്‍ഫിലെത്തുന്ന നജീബിന് മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം കഴിയേണ്ടിവരുന്ന അതികഠിനമായ ജീവിതകഥയുടെ നേര്‍ക്കാഴ്ചകളാണ് ബെന്ന്യാമന്റെ ആടുജീവിതം എന്ന നോവല്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ നോവലിനെക്കാളും അതികഠിനമായ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് സിനിമയുടെ ചിത്രീകരണവും കടന്നുപോയത്.
പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാമോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്തവ് മാധവ് കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.
Recent Comments