തമിഴിലെ മുതിര്‍ന്ന നടന് പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ചെന്നൈയിലെ രാജീവ് ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ തുടര്‍ന്ന അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
തെരുവു നാടകങ്ങളില്‍ നിന്ന് സിനിമയിലെത്തിയ പൂ രാമു തമിഴില്‍ നിരവധി സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്തു. കമല്ഹാസന് ചിത്രം ‘അന്പേ ശിവ’മിലൂടെയാണ് പൂ രാമു സിനിമ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ‘പേരന്പ്’, ‘പരിയേറും പെരുമാള്‍’, ‘കര്ണ്ണന്’ എന്നീ സിനിമകളില്‍ അഭിനയിച്ചു. ‘സൂരറൈ പോട്ര്’ എന്ന സിനിമയില്‍ സൂര്യയുടെ അച്ഛനായി വേഷമിട്ടതും രാമുവാണ്. ഇതിലെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
‘2008ല്‍ പുറത്തിറങ്ങിയ ‘പൂ’ എന്ന സിനിമയിലെ അഭിനയമികവാണ് അദ്ദേഹത്തിന് പൂ രാമു എന്ന പേര് നേടി കൊടുത്തത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടിചിത്രത്തിലാണ് പൂ രാമു അവസാനമായി അഭിനയിച്ചത്. നടന്റെ വിയോഗത്തില്‍ മമ്മൂട്ടി അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചിച്ചു.
Recent Comments