ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ടൊവിനോയുടെ ആരോഗ്യവിവരം അറിയാന്‍ ടിംങ്സ്റ്റനെയാണ് വിളിച്ചത്. ടൊവിനോയുടെ മൂത്ത സഹോദരനാണ് ടിങ്സ്റ്റണ്‍ തോമസ്. സഹോദരന് മാത്രമല്ല, സുഹൃത്തും വഴികാട്ടിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമെല്ലാമാണ്.
ടൊവിനോയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്ന നിമിഷംമുതല്‍ കുടുംബസമേതം പുറപ്പെടാനിരുന്നതാണ് ടിങ്സ്റ്റണ്‍. ഡോക്ടര്‍മാരാണ് വിലക്കിയത്. കോവിഡ് രോഗികള്‍ ധാരാളം എത്തുന്ന ആശുപത്രികൂടിയാണ്. തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ രോഗിയെ കാണണമെങ്കില്‍ കോവിഡ് ടെസ്റ്റും നിര്‍ബ്ബന്ധമായിരുന്നു. യാതൊരു തരത്തിലുള്ള അണുബാധയും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഇന്നലെ തനിച്ചാണ് ടിങ്സ്റ്റണ്‍ ഹോസ്പിറ്റലിലെത്തിയത്. ഇനിയുള്ള വിശേഷങ്ങള്‍ ടിങ്സ്റ്റണ്തന്നെ പറയട്ടെ.
‘ഇന്ന് രാവിലെ കയറി ടൊവിയെ കണ്ടു, സംസാരിച്ചു. സെഡേഷനിലായതിനാല് ഇന്നലെ കാണുമ്പോള്‍ മയക്കത്തിലായിരുന്നു. ഇന്നായപ്പോള്‍ ആള് കുറച്ചുകൂടി ഉഷാറായി. ചിരിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. മൂന്നു ദിവസം കൂടി ഐ.സി.യുവില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇന്റേണല്‍ ബ്ലീഡിംഗ് നിന്നു. ഇന്‍ഫക്ഷനും ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും മരുന്നുകള്‍ നല്‍കുന്നില്ല. മൂന്നുദിവസം കഴിഞ്ഞാല്‍ റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ പോയാലും ഒന്നര മാസത്തെ വിശ്രമം വേണം. വിശ്രമംകൊണ്ട് മാറാവുന്ന പരിക്കുകളേയുള്ളൂ.’ ടിങ്സ്റ്റണ്‍ പറഞ്ഞു.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘട്ടന രംഗങ്ങളിലാണ് ടൊവിനോ പങ്കെടുത്തുകൊണ്ടിരുന്നത്. അതിനിടയില്‍ സംഭവിച്ച ക്ഷതമായിരിക്കണം. ആദ്യം ചെറിയ വയറുവേദന ഉണ്ടായിരുന്നു. ബോഡി പെയിനും. ഇത് സാധാരണമായതുകൊണ്ട് ശ്രദ്ധിച്ചില്ല. കഴിഞ്ഞ ദിവസം രാവിലെ ആഹാരം കഴിച്ചപ്പോള്‍ ഛര്‍ദ്ദിച്ചു. ഗ്യാസ്ട്രബിള്‍ ആയിരിക്കുമെന്നാണ് കരുതിയത്. വീണ്ടും വേദന കൂടിയപ്പോള്‍ ഡോ. കിച്ചു ജോര്‍ജിനെ വിളിച്ചു. ടൊവിനോയുടെ സുഹൃത്തുകൂടിയാണ്. കിച്ചു ജോര്‍ജ് ശിശുരോഗ വിദഗ്ധനാണ്. അദ്ദേഹം നിര്‍ബ്ബന്ധിച്ചിട്ടാണ് ടൊവിനോ ഹോസ്പിറ്റലിലെത്തിയത്.’
‘വന്നപ്പോള്‍ ഡോ. മനോജ് കെ. അയ്യാപ്പാത്തിനെ കണ്‍സള്‍ട്ട് ചെയ്തു. സ്കാന്‍ ചെയ്തപ്പോഴാണ് ആന്തരിക രക്തസ്രാവം ശ്രദ്ധയില്‍ പെട്ടത്. കരളിനടുത്താണ് രക്തം കട്ടപിടിച്ച് കിടന്നത്. അതുകൊണ്ട് കരളിനു സമീപം ഡാമേജ് വന്നിരിക്കാം എന്നാണ് ആദ്യം കരുതിയത്. പിന്നീടുള്ള പരിശോധനയിലാണ് വന്‍കുടലില്‍നിന്ന് ഹൃദയത്തിലേയ്ക്ക് തുറക്കുന്ന രക്തക്കുഴലിലാണ് പരിക്ക് പറ്റിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പല ടെസ്റ്റുകളും നടത്തി. ആന്തരിക അവയവങ്ങള്‍ക്കൊന്നും പ്രശ്നങ്ങളില്ല. സെഡേഷനെടുത്ത് വിശ്രമത്തിലായതോടെതന്നെ രക്തസ്രാവം നിന്നു. അതൊരു ശുഭസൂചനയാണ്. ഇന്‍ഫക്ഷനും ഉണ്ടായിട്ടില്ല. ഇനിയൊരു രക്തസ്രാവമുണ്ടായാല്മാത്രമേ കൂടുതല്‍ മെഡിക്കല്‍ കെയറിന്റെ ആവശ്യമുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.’
‘ഇന്നലെമുതല്‍ അനേകംപേരാണ് എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും ടൊവിയുടെ ആരോഗ്യവിവരമാണ് അറിയേണ്ടത്. അവരുടെകൂടി പ്രാര്‍ത്ഥനയാണ് അവന് പെട്ടെന്ന് രോഗം ഭേദമാകാന്‍ ഇടയായത്.’ ടിങ്സ്റ്റണ്‍ പറഞ്ഞുനിര്‍ത്തി.
Recent Comments