ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം.’ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഷാദാണ്.
നല്ല സമയത്തിന്റെ അനൗണ്‍സ്മെന്റ് ഒമര്‍ ലുലു നേരത്തെ തന്നെ നടത്തിയിരുന്നു. പക്ഷേ നായകനെ രഹസ്യമായി വയ്ക്കുകയായിരുന്നു. തന്റെ നായകന് ആരെന്ന് പ്രവചിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും ഒമര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ തന്റെ നായകനെ ഒമര്‍ തന്നെ അനൗണ്‍സ് ചെയ്യുകയായിരുന്നു.
തൃശൂര്കാരനായ സ്വാമിയേട്ടന് എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇര്‍ഷാദ്, ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിനുമുമ്പും ഒമര്‍ ചിത്രങ്ങളിലേയ്ക്ക് ഇര്‍ഷാദിനെ ക്ഷണിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അതിലൊന്നും ഭാഗമാകാന്‍ കഴിഞ്ഞില്ല. ഏതായാലും കാത്തിരിപ്പിന് ഗുണമുണ്ടായി. ഇത്തവണ നായകനായിട്ട് തന്നെയാണ് ഇര്‍ഷാദ്് ലുലു ചിത്രത്തിലെത്തുന്നത്. വിജീഷാണ് ചിത്രത്തിലെ മറ്റൊരു താരം. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ഇന്ന് വൈകുന്നേരം ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂര്‍ തുടങ്ങും. രാത്രിയിലാണ് ചിത്രീകരണം ഏറെയും.
ഒരു ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്ന് ഒമര്‍ ലുലു പറഞ്ഞു. ഒടിടിക്ക് വേണ്ടിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍.
Recent Comments