തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേ മാന്റെ പ്രചരണത്തിനായി സംവിധായകരായ ആന്റണി റൂസോ, ജോ റൂസോ എന്നിവര്‍ ഇന്ത്യയിലേയ്ക്കെത്തുന്നു. ജൂലൈ 22 ന് മുംബയില്‍ നടക്കുന്ന ദി ഗ്രേ മാന്റെ പ്രീമിയറില്‍ ധനുഷിനോടൊപ്പം റൂസോ സഹോദരന്മാരും പങ്കെടുക്കും. 22 നാണ് ചിത്രത്തിന്റെ റിലീസ്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് വഴിയാണ് സ്ട്രീമിംഗ്.
പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ റൂസോ സഹോദരന്മാര് അറിയിച്ചു. ആരാധകര്‍ തയാറെടുത്തോളൂ, ഉടന്‍ കാണാമെന്നും സന്ദേശത്തില്‍ പറയുന്നു.
ആക്ഷന്‍, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങള്‍ നിറഞ്ഞ ദ ഗ്രേ മാന്‍ അസാധാരണമായ അനുഭവമായിരുന്നുവെന്ന് ധനുഷും അഭിപ്രായപ്പെട്ടു. അസാധാരണ പ്രതിഭകള്‍ക്കൊപ്പം ചെറിയൊരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന്ന ഡി അര്‍മാസ്, ജസീക്ക ഹെന്ഡിക്ക് എന്നിവര്‍ക്കൊപ്പം ധനുഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Recent Comments