കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ വില്ലന്‍ പള്‍സര്‍ സുനി മാത്രമാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വിശ്വസിക്കാന്‍ തനിക്കാകില്ലെന്നും തുറന്നടിച്ച് നടന് സിദ്ദിഖ്. ഈ കേസില്‍ ദിലീപിനെതിരെ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എനിക്കാകില്ല. കാരണം 90കള്‍ മുതല്‍ എനിക്ക് ദിലീപിനെ നന്നായി അറിയാം. അയാള്‍ എന്റെ സഹപ്രവര്‍ത്തകനാണ്. ഏറ്റവും അടുത്ത സുഹൃത്താണ്. കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ട്. അങ്ങനെയൊരാള്‍ ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ആരെന്ത് പറഞ്ഞാലും എന്നെ ആര് എതിര്‍ത്താലും ദിലീപിനൊപ്പം നില്ക്കാന് മാത്രമേ തനിക്ക് തല്ക്കാലം സാധിക്കൂവെന്നും സിദ്ദിഖ് വ്യക്തമാക്കി. കാന്‍ ചാനല്‍സിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ദിഖ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് സംസാരിച്ചത്.
സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ – നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കയാളെ വിശ്വാസമായതുകൊണ്ട് തന്നെ ഞാന്‍ എല്ലാവിധ പിന്തുണയും നല്കി. ദിലീപിനെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്യുന്നതായി വിവരം ലഭിച്ചപ്പോള്‍ കാര്യമെന്താണെന്ന് അറിയാന്‍ ഞാന്‍ അവിടെപ്പോയി. നമ്മുടെ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നമ്മള് എന്താണെന്ന് അന്വേഷിക്കില്ലേ, അത് സ്വാഭാവികം. ആക്രമണത്തിന് ഇരയായ നടിയും എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ അവരെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അവരെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് അവര്‍ മൊഴി നല്‍കുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. മാസങ്ങള്‍ക്കപ്പുറം സുനി എന്ന ക്രിമിനല്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതിന്റെ പിന്നാലെ പോകാന്‍ എനിക്കാകില്ല. ദിലീപിന് അനുകൂലമായ നിലപാട് എടുത്തത് കൊണ്ട് എന്നെ പലരും ചാനല്‍ ചര്‍ച്ചയിലും മറ്റും വിമര്‍ശിച്ച് കണ്ടു. അത് അവരുടെ സ്വാതന്ത്ര്യം. ഞാന്‍ അവരുടെ മറുപക്ഷത്ത് നില്ക്കുന്നു എന്ന തോന്നാലാകാം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്കങ്ങനെ കരുതാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കുന്നു. എന്നുകരുതി എനിക്ക് അവരോട് ഒരു വിരോധവുമില്ല.
Recent Comments