കൂദാശ എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്കിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ച് നല്‍കിയില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയാസ് നല്കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് താരദമ്പതിമാരായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് വിളിക്കുമ്പോള്‍ ബാബുരാജ് എറണാകുളത്തെ വക്കീല്‍ ഓഫീസിലായിരുന്നു. ‘ഇത് തീര്‍ത്തും കള്ളക്കേസാണ്. ഇതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ പരാതി കൊടുക്കാന്‍ എത്തിയതാണ്.’ ആമുഖമായി അദ്ദേഹം പറഞ്ഞു.
‘2017 ല്‍ ഒ.എം.ആര്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിയാസ്, ഒമര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു കൂദാശ. ഷൂട്ടിംഗ് മൂന്നാറിലായിരുന്നു. താമസവും ഭക്ഷണവുമെല്ലാം മൂന്നാറിലുള്ള എന്റെ റിസോര്‍ട്ടിലും. അന്ന് ഷൂട്ടിംഗ് ചെലവിനായി നിര്‍മ്മാതാവ് എണ്‍പത് ലക്ഷത്തില്‍ താഴെ രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. അതും എന്റെ റിസോര്‍ട്ട് അക്കൗണ്ട് വഴി. അതാണ് ആ സിനിമയ്ക്കുണ്ടായ ആകെ നിര്‍മ്മാണച്ചെലവ്. അതല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ മൂന്നു കോടി രൂപയല്ല. അത്രയും രൂപ അവര്‍ ഒന്നിച്ച് കണ്ടിട്ടുണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്.’ ബാബുരാജ് തുടര്‍ന്നു.
‘കൂദാശയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നിര്‍മ്മാതാക്കളുടെ പേരില്‍ നാട്ടില്‍ കേസുള്ളതിനാല്‍ എന്റെ നിര്‍മ്മാണക്കമ്പനി വഴിയാണ് പടം റിലീസ് ചെയ്തത്. റിലീസിന് മുന്നോടിയായി ഫ്ളക്സ് വയ്ക്കാന്‍മാത്രം പതിനെട്ട് ലക്ഷത്തോളം രൂപ എന്റെ കൈയില്‍നിന്നാണ് ചെലവിട്ടത്. റിലീസിന് ശേഷം എന്റെ പ്രതിഫലമടക്കം ഇത് തിരിച്ചുതരാമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വാഗ്ദാനം. പക്ഷേ സിനിമ തീയേറ്ററില്‍ പരാജയമായിരുന്നു. അതുകൊണ്ട് ഒരു നയാപൈസ എനിക്ക് ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് വില്‍ക്കാനുള്ള എന്റെ ശ്രമവും വിജയിച്ചില്ല. തുടര്‍ന്നാണ് ഭീഷണിയുടെ സ്വരവുമായി അവര്‍ എത്തിയത്. ഞാന്‍ ആലുവ എസ്.പി. ഓഫീസില്‍ കേസ് കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് പലവട്ടം അവരെ വിളിച്ചെങ്കിലും ഒരുതവണയാണ് ഹാജരായത്. അതിനുശേഷം അവരെ കണ്ടിട്ടേയില്ല. പിന്നെ ഇപ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഈ സംഭവം കുത്തിപൊക്കിക്കൊണ്ട് വന്നിരിക്കുന്നതിന് പിന്നില്‍ ആരാണെന്നും എന്തിനാണെന്നും എനിക്ക് വ്യക്തമായി അറിയാം. എന്നെ പെണ്ണുക്കേസിലൊന്നും കുടുക്കാനാവില്ലെന്ന് കണ്ടപ്പോള്‍ വഞ്ചനാക്കേസുമായി വന്നിരിക്കുകയാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കള്ളക്കേസ്സിന് പിന്നിലും മുമ്പ് എന്റെ റിസോര്‍ട്ടിനെതിരെ ഉണ്ടായ പരാതിക്ക് പിന്നിലും ഒരേ ആള്‍ക്കാരാണ്. എനിക്കെതിരെയുള്ള സിനിമാഗ്രൂപ്പാണത്. എന്നോടൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിരുന്ന ഡ്രൈവറും ഇപ്പോള്‍ ആ ഗ്രൂപ്പിലാണുള്ളത്. അവനും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണ്. എന്നോടാണ് ശത്രുതയെങ്കില് എത്ര കള്ളക്കേസ്സുകള്‍ വേണമെങ്കിലും അവര്‍ കൊടുത്തുകൊള്ളട്ടെ. എനിക്ക് അതൊന്നും വിഷയമല്ല. എന്നാല്‍ ഈ കേസ്സുമായി യാതൊരു ബന്ധവുമില്ലാത്ത വാണിവിശ്വനാഥിനെ എന്തിനാണ് വലിച്ചിഴച്ചത്. അതുകൊണ്ടാണ് പറഞ്ഞത് ഇതൊരു ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. ഏതറ്റംവരെയും.’ ബാബുരാജ് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments