മോഹന്‍ലാലിന്റെ കാരവനില്വച്ചാണ് നീറോയെ ആദ്യം കാണുന്നത്. ലാലിന്റെ സഹായികളാരോ ആ വിശേഷപ്പെട്ട ഇനം പൂച്ചയെ കാട്ടിത്തരുകയായിരുന്നു. ആ സമയം സോഫയ്ക്ക് മുകളില്‍ പതുങ്ങി കിടക്കുകയായിരുന്നു നീറോ. നീറോ എന്ന് പേര് ചൊല്ലി വിളിച്ചപ്പോള്‍ അവന് ഓടിയടുത്തു. കാഴ്ചയില്‍ ഒരു കുട്ടി കടുവ തന്നെ. അവന്റെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. ഏതോ മുന്തിയ ഇനം പൂച്ചയെന്നേ ലാലിന്റെ സഹായികള്‍ക്കും അറിവുണ്ടായിരുന്നുള്ളൂ.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു പൂച്ചയ്ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഫോട്ടോ കണ്ടു. അദ്ദേഹത്തിന്റെ വാട്ട്സാപ്പ് ഡിപിയായിരുന്നു അത്. നിറയെ രോമങ്ങളുള്ള സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പൂച്ച.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് ‘ഓളവും തീരവും’ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആദ്യം തിരക്കിയത് ആ പൂച്ചകളെക്കുറിച്ചായിരുന്നു.
‘ഏത് പൂച്ചയാണ്?’ ലാല്‍ തിരക്കി.
മൊബൈലില്‍ സേവ് ചെയ്ത് സൂക്ഷിച്ചിരുന്ന ഫോട്ടോ ലാലിന് കാണിച്ചുകൊടുത്തു.
‘ഇവന് നീറോ.’ കടുവയെപ്പോലെ തോന്നിച്ച ആ പൂച്ചയെ തൊട്ട് ലാല്‍ പറഞ്ഞു.
‘നീറോ ബംഗാള്‍ ക്യാറ്റാണ്. ഏഷ്യന്‍ ലെപ്പേര്‍ഡ് ക്യാറ്റിന്റെ ബ്രീഡാണ്. അമേരിക്കന്‍ വംശജന്. എറണാകുളത്തു നിന്നാണ് ഞാന്‍ പക്ഷേ നീറോയെ സ്വന്തമാക്കിയത്.’ ലാല്‍ തുടര്‍ന്നു.
‘സ്വര്ണ്ണവാലുള്ള ഇവന് ഞങ്ങള്‍ ഇട്ടിരിക്കുന്ന പേര് സിംബയെന്നാണ്. റഷ്യയാണ് ഇവന്റെ സ്വദേശം. റഷ്യയില്നിന്നുതന്നെയാണ് സിംബയെ വാങ്ങിച്ചതും.’ ലാല്‍ പറഞ്ഞു.
വളര്‍ത്ത് മൃഗങ്ങളോടുള്ള ലാലിന്റെ പ്രണയം വളരെ പ്രസിദ്ധമാണ്. അദ്ദേഹം താമസിച്ചിട്ടുള്ളതും ഇപ്പോള്‍ താമസിക്കുന്നതുമായ എല്ലാ വീടുകളിലും ഒരു പെറ്റ് എങ്കിലും ഉണ്ടാകും. അത് ചിലപ്പോള്‍ പട്ടിയാകാം. മറ്റു ചിലപ്പോള്‍ പൂച്ചയാകാം. തേവരയിലെ വീട്ടില്‍ പണ്ട് ആമസോണ്‍ കാടുകളില്‍നിന്നു കൊണ്ടുവന്ന ഒരു കുട്ടി കുരങ്ങനുണ്ടായിരുന്നു. തിരുവനന്തപുരത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ ലാല്‍ വിസ്മയ സ്റ്റുഡിയോ തുടങ്ങിയ സമയത്ത് പതിനഞ്ചോളം മുന്തിയയിനം പട്ടികളുണ്ടായിരുന്നു. അവയ്ക്ക് താമസിക്കാന്‍ പ്രത്യേകം കൂടെന്ന് പറഞ്ഞുകൂടാ വീടുകള്‍തന്നെ ഉണ്ടായിരുന്നു.
ഇപ്പോള്‍ ലാല്‍ താമസിക്കുന്ന എളമക്കരയിലെ വീട്ടിലാണ് നീറോയും സിംബയും ഉള്ളത്. ഇതു കൂടാതെ വിസ്ക്കിയെന്നും ബെയ്ലിയെന്നും പേരുകളുള്ള രണ്ട് പട്ടികളും ഉണ്ട്. ലാല്‍ മാത്രമല്ല, ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ എന്നിവരും കടുത്ത പെറ്റ് ലൗവേഴ്സാണ്. വളര്‍ത്തുമൃഗങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.
Recent Comments