പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി എസ്. മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാളിയന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങാനിരിക്കെ ചിത്രത്തിന്റെ സംഗീത സംവിധായകനെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു- രവി ബസ്റുര്‍. കെ.ജി.എഫ്. ഒന്നും രണ്ടും ഭാഗങ്ങള്‍ക്കുവേണ്ടി സംഗീതമൊരുക്കിയ വിഖ്യാത സംഗീത സംവിധായകനാണ് രവി ബസ്റുര്‍. സല്‍മാന്‍ഖാന്റെ കഭി ഈദ് കഭി ദീപാവലി, അക്ഷയ്കുമാറിന്റെ ഗരുഡ്, അജയ് ദേവ് ഗണിന്റെ കൈദിയുടെ റീമേക്ക് ചിത്രം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനും ബസ്റുര്‍ ആണ്. ഇന്ത്യയിലെ ഡിമാന്റിംഗ് മ്യൂസിക് ഡയറക്ടറില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. രവിയെ കാളിയനിലേയ്ക്ക് കൊണ്ടുവന്നതിനെക്കുറിച്ച് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന് കാന്‍ ചാനലിനോട് പറഞ്ഞതിങ്ങനെ.
‘കഴിഞ്ഞ മൂന്നു മാസമായി രവി ബസ്റുറിനെ കാളിയനിലേയ്ക്ക് കൊണ്ടുവരുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിലവില്‍ അദ്ദേഹം നാലോളം ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം ഒരുക്കുന്നുണ്ട്. ആ തിരക്കുകളില്‍നിന്ന് സമയം കണ്ടെത്താനാകുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. കാളിയന്റെ സ്റ്റോറി ബ്രീഫിംഗ് കഴിഞ്ഞപ്പോള്‍തന്നെ അദ്ദേഹം സമ്മതം മൂളിയിരുന്നു. ഇന്നലെ രാവിലെ അദ്ദേഹം ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തെത്തി. വൈകുന്നേരം പൃഥ്വിരാജിനെ കണ്ടു. പൃഥ്വിയും കഥയുടെ വിശദാംശങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. അതോടെ രവി ബസ്റുര്‍ ആവേശത്തിലായി. കാളിയന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്കിയിട്ടാണ് അദ്ദേഹം ബാംഗ്ലൂരിലേയ്ക്ക് മടങ്ങിയത്.’ രാജീവ് പറഞ്ഞു.
പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചലച്ചിത്രംകൂടിയാണ് കാളിയന്. അഞ്ച് പാട്ടുകളാണുള്ളത്. പാട്ടുകള്‍ എഴുതുന്നതും രാജീവ് ഗേവിന്ദനാണ്. രാജീവ് ഗോവിന്ദന്റെ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നതും.
വന്‍ താരനിരയാണ് ചിത്രത്തിനുവേണ്ടി അണിനിരക്കുന്നത്. ഇതു കൂടാതെ നിരവധി പുതുമുഖങ്ങളും കാളിയന്റെ ഭാഗമാകും. ഇതിനുവേണ്ടി വിവിധ ജില്ലകളില്‍ ഓഡിഷന് നടത്തിയിരുന്നു. ആ തെരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെ കാളിയന്റെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുമെന്നറിയുന്നു.
Recent Comments