താരസംഘടനയായ അമ്മയില്‍നിന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പാര്‍വ്വതി തിരുവോത്ത് ഫേയ്ബുക്ക് പോസ്റ്റെഴുതിയത് ഇന്നലെ. കാരണം പറയുന്നത് അമ്മ തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തി ഇടവേള പറഞ്ഞ വാക്കുകള്‍ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമെന്നാണ്.
ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് ഇടവേള ബാബുവിനെ വിളിച്ചത്.
‘റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ നികേഷ്കുമാര്‍ ഉയര്‍ത്തിയ ഒരു ചോദ്യം ഇതായിരുന്നു. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ (ട്വന്റി20 യുടെ രണ്ടാംഭാഗം എന്ന നിലയിലാണ് നികേഷിന്റെ ചോദ്യം) ഭാവന അഭിനയിക്കുമോ? ഞാന്‍ പറഞ്ഞത് അമ്മയിലെ അംഗങ്ങള്‍ മാത്രമേ അതിലുണ്ടാകൂവെന്നാണ്. മരിച്ചുപോയ ഒരാളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നും പറഞ്ഞു.’
‘ഞാന്‍ ആരെയെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനോ അവരെ മോശപ്പെടുത്താനോ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞ വാക്കുകളല്ല അത്. അല്ലെങ്കിലും മുന്‍കൂട്ടി ഉത്തരം തയ്യാറാക്കി കൊണ്ടുവന്ന് പറയാവുന്ന ഒരു പരിപാടിയുമല്ല അത്. ഉരുളയ്ക്കുപ്പേരി എന്ന നിലയില്‍ എന്റെ മറുപടി ഉണ്ടായത് സ്വാഭാവികം മാത്രം. ഇനി ഞാന്‍ ദുരുദ്ദേശത്തോടെതന്നെയാണ് അത് പറഞ്ഞെന്നിരിക്കട്ടെ, എങ്കില്‍ എന്നെ ആദ്യം വലിച്ചു കീറുന്നത് നികേഷ്കുമാര്‍ തന്നെയായിരിക്കും. അദ്ദേഹത്തിനുപോലും ഞാനെന്തെങ്കിലും തെറ്റായി പറഞ്ഞതായി തോന്നിയിട്ടില്ല.’
‘എന്നു മാത്രമല്ല, ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇപ്പോള്‍ ഭാവന അമ്മയിലെ അംഗമല്ല. അങ്ങനെയൊരാളെ അമ്മ ചെയ്യുന്ന സിനിമയില്‍ എങ്ങനെ അഭിനയിപ്പിക്കും. മരിച്ചൊരാളെ തിരിച്ചു കൊണ്ടുവരാനാവില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞത് ആ പടത്തിന്റെ (ട്വന്റി20) സന്ദര്‍ഭം അടര്‍ത്തി എടുത്തുകൊണ്ടാണ്. അതിന് ആവശ്യമില്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും പാര്‍വ്വതി കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.’
‘ഞാനുമായി വളരെ സൗഹൃദമുള്ള കുട്ടിയാണ് പാര്‍വ്വതി. എന്റെ നമ്പരും അവരുടെ കൈവശമുണ്ട്. ഞാന്‍ പറഞ്ഞതവര്‍ക്ക് തെറ്റായി തോന്നിയിട്ടുണ്ടെന്നുതന്നെ കരുതുക. പാര്‍വ്വതിക്ക് എന്നെ വിളിക്കാമായിരുന്നില്ലേ. ഞാനവരോട് വിശദീകരിക്കുമായിരുന്നല്ലോ.’
‘മുമ്പ് പല ആവശ്യങ്ങളുമുണ്ടായപ്പോള് പാര്‍വ്വതി എന്നെ വിളിച്ചിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന് പ്രതിഫലം കിട്ടാതെ വന്നപ്പോള്‍ വിളിച്ചിരുന്നു. അതിലിടപ്പെട്ട് സംസാരിക്കുകയും അവരുടെ പ്രതിഫലം വാങ്ങിക്കൊടുക്കുവാന്‍ മുന്‍കൈ എടുത്തതും ഞാനാണ്.’
‘മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതി രൂക്ഷമായ എതിര്‍പ്പ് നേരിടുന്ന ഘട്ടത്തിലാണ് അവര്‍ അമ്മയുടെ ഷോയില്‍ പങ്കെടുക്കാന്‍ വരുന്നത്. മോശമായ പ്രതികരണമുണ്ടാകുമോ എന്ന് അവര്‍ക്ക് പേടിയുണ്ടായിരുന്നു. അവര്‍ ഇക്കാര്യം എന്നോട് പറയുകയും ചെയ്തു. ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് ഞാനാണവരെ റിഹേഴ്സല്‍ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആ ക്യാമ്പില്‍വച്ച് പാര്‍വ്വതിയെ അവഗണിച്ച് ദുല്ഖര്സല്മാന് കടന്നുപോയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഉടനെ ഞാനാണ് മമ്മൂക്കയെക്കണ്ട് കാര്യങ്ങള്‍ സംസാരിച്ചത്. അവര്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും അവരെ വിളിച്ച് സംസാരിക്കണമെന്നും പറഞ്ഞു. മമ്മുക്ക അപ്പോള്‍തന്നെ പാര്‍വ്വതിയോട് നേരിട്ട് സംസാരിച്ചു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു. അവര്‍ക്കൊരു ആവശ്യം വന്നപ്പോള്‍ എന്റെ സഹായം വേണമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ഒന്നുമില്ലാതെ, എന്റെ ഭാഗംപോലും കേള്‍ക്കാതെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത് അവരുടെ വിനോദമാണെന്നും തോന്നുന്നു. എന്നെ എത്ര മോശമായ പദങ്ങള്‍കൊണ്ടാണ് അവര്‍ നേരിട്ടത്. ഒന്നിനും മറുപടി പറയാന്‍ ഞാന്‍ നില്ക്കുന്നില്ല. ആരോടും പരിഭവവും ദേഷ്യവുമില്ല. ഞാന്‍ കുറ്റക്കാരനല്ലെന്ന് കാലം തെളിയിച്ചോളും.’ ഇടവേള ബാബു പറഞ്ഞുനിര്‍ത്തി.
Recent Comments