ത്രില്ലര്‍ ജോണറില്‍ 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായ ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് മേക്കര്‍ അരങ്ങേറ്റം കുറിച്ചതും. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സുരേഷ് ഗോപി ഒരു സൂപ്പര്‍സ്റ്റാര്‍ ആകും എന്ന് ഷാജി കൈലാസ് പ്രവചിച്ചിരുന്നു. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സംവിധായകന് ഷാജി കൈലാസിന്റെ ഈ വെളിപ്പെടുത്തല്‍.
ഒരിക്കല്‍ മനു അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കലാസംവിധായകന്‍ രാജീവ് അഞ്ചലായിരുന്നു. രാജീവിന്റെ ക്ഷണപ്രകാരമാണ് ഞാന്‍ ലൊക്കേഷനില്‍ എത്തിയത്. ക്ലൈമാക്സ് രംഗമാണ് ചിത്രീകരിക്കുന്നത്. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിന് സമീപത്തുള്ള പാര്‍ക്കിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് ഇടവേളയില്‍ ഞാനും രാജീവും ടെന്നീസ് ജോസഫും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവിടേക്ക് പോലീസ് വേഷമണിഞ്ഞ് ഒരു സ്റ്റൈലന്‍ ചെറുപ്പക്കാരന് എത്തി. അത് സുരേഷ് ഗോപിയായിരുന്നു. സുരേഷിനെ ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാത്തൊരു ആകര്‍ഷണം തോന്നി. സുരേഷുമായി പരിചയപ്പെട്ടു. സന്തോഷം പങ്കുവച്ചു.
മടക്കയാത്രയില്‍ ഞാന്‍ രാജീവിനോട് ഒരു കാര്യം പറഞ്ഞു. സുരേഷ് ഗോപി നാളത്തെ സൂപ്പര്‍സ്റ്റാറായി മാറും. അങ്ങനെ തോന്നാനുള്ള കാരണം രാജീവ് തിരക്കി. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്താനുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് എന്റെ ആദ്യ സിനിമ ‘ന്യൂസി’ലേക്ക് കടക്കുമ്പോള്‍ നായക സ്ഥാനത്ത് എന്റെ മനസ്സില്‍ സുരേഷ് ഗോപി മാത്രമായിരുന്നു. അന്ന് സുരേഷ്ഗോപിക്ക് തിരുവനന്തപുരത്ത് വീടുണ്ടായിരുന്നില്ല. മുട്ടടയിലുള്ള ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിനോട് കഥ പറയാന്‍ ഞാനും ജഗദീഷും കൂടിയാണ് പോയത്. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് ന്യൂസ് എന്ന ചലച്ചിത്രം പിറവിയെടുക്കുന്നത്.
ഷാജി കൈലാസുമായുള്ള ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാന്‍ ചാനല്‍ ബുധനാഴ്ച്ച (27-07-2022) വൈകിട്ട് 4 മണിക്ക് സംപ്രേക്ഷണം ചെയ്യും.
Recent Comments