ഇപ്പോള്‍ എവിടെയും സംസാരവിഷയം ചാക്കോച്ചന്റെ നൃത്തച്ചുവടുകളാണ്. ഉത്സവപ്പറമ്പില്‍ ഗാനമേള സംഘത്തിന്റെ പാട്ടിനൊപ്പം പരിസരം മറന്ന് നൃത്തം വയ്ക്കുന്ന ചാക്കോച്ചന്. അങ്ങനെയൊരു ചാക്കോച്ചനെ അദ്ദേഹത്തിന്റെ ആക്ടിംഗ് കരിയറില്‍ എവിടെയും കണ്ടിട്ടില്ലെന്ന് പ്രേക്ഷകരും ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ നര്‍ത്തകരില്‍ ഒരാളാണ് കുഞ്ചാക്കോബോബന്. എത്രഫാസ്റ്റ് മൂവ്മെന്റുകളും അദ്ദേഹത്തിന് പുഷ്പംപോലെ വഴങ്ങും. ചാക്കോച്ചനെവച്ച് ഡാന്‍സ് കംപോസ് ചെയ്യാന്‍ കോറിയോഗ്രാഫേഴ്സിനും ഇഷ്ടമാണ്.
എന്നാല്‍ ഈ നൃത്തരംഗം ചെയ്തത് ഏതെങ്കിലും ഡാന്‍സ് മാസ്റ്ററല്ല. ചാക്കോച്ചന് തന്നെയാണ്. ഷോട്ടില്‍ ചാക്കോച്ചന് തന്നെയാണ് ഇങ്ങനെയൊരു നൃത്തച്ചുവട് കാട്ടിക്കൊടുത്തത്. അത് സംവിധായകനും ഇഷ്ടമായി. പിന്നീട് ചാക്കോച്ചന് തന്നെ ആ നൃത്തച്ചുവടുകളെ പരിഷ്ക്കരിച്ച് ഗംഭീരമാക്കി. അതിപ്പോള്‍ സൂപ്പര്‍ഹിറ്റുമായി.
ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത കാതോട് കാതോരം എന്ന സിനിമയിലെ പ്രശസ്തമായ പാട്ടാണ് ‘ദേവദൂതര്‍ പാടി…’ ഒ.എന്‍.വിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് ഈണം പകര്‍ന്ന ഗാനം. ഔസേപ്പച്ചന് ആദ്യമായി സംഗീതസംവിധാനം ചെയ്ത ചിത്രവുമാണിത്. മികച്ച പാട്ടിനുള്ള ദേശീയ പുരസ്കാരവും അത് സ്വന്തമാക്കി. അതിന്റെ റീമിക്സാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡാൻ വിൻസെന്റ് ആണ് സംഗീത സംവിധായകന്. പാട്ട് പാടിയിരിക്കുന്നത് ബിജു നാരായണനും.
റീമിക്സും അതിഗംഭീരമെന്നാണ് ഔസേപ്പച്ചനും അഭിപ്രായപ്പെട്ടത്. പാട്ടിനൊപ്പം ചാക്കോച്ചന്റെ സ്റ്റെപ്പുകളും വൈറലായതോടെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.
വരുംദിവസങ്ങളില്‍ കൂടുതല്‍ പാട്ടുകള്‍ പുറത്തു വിടുമെന്നാണ് അറിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. അതില്‍ മലയാളത്തിലെ പ്രശസ്തമായ ഒരു ഗാനവും ഉണ്ടെന്നറിയുന്നു.
Recent Comments