പാപ്പന് തീയേറ്ററുകളില്‍ റിലീസിന് എത്തിയത് മുതല്‍ പലരും പറഞ്ഞു കേള്‍ക്കുന്നതാണ്. അഭിനേതാവെന്ന നിലയില്‍ സുരേഷ്ഗോപി ഏറെ മാറ്റങ്ങള്‍ക്ക് വിധേയനായിരിക്കുന്നു. ചിലര്‍ അഭിപ്രായപ്പെടുന്നത് അദ്ദേഹത്തിന്റെ അഭിനയം ഹോളിവുഡ് ആക്ടറുടെ ശൈലിയെ ഓര്മ്മപ്പെടുത്തുന്നുവന്നതാണ്. ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. സുരേഷ്ഗോപിയുടെ പ്രകടനപരതയില്‍ ആര്‍ക്കും സംശയങ്ങളില്ല. എല്ലാവരും ആവോളം പ്രശംസിക്കുന്നുമുണ്ട്.
വാസ്തവത്തില്‍ സുരേഷ്ഗോപിയുടെ പ്രകടനത്തില്‍ കാതലായി എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അത് പരിശോധിക്കപ്പെടേണ്ടതാണ്. അതിനായി അഭിനയവ്യാകരണപുസ്തകങ്ങളെ തേടിപ്പോകേണ്ടതില്ല. അതിന്റെ വൃത്തവും വര്‍ണ്ണവുമൊക്കെ സമാസമം ചേരുന്നുണ്ടോ എന്ന് അന്വേഷിച്ച് പോവുകയും വേണ്ട. പകരം പാപ്പനിലെ മൂന്ന് രംഗങ്ങളെക്കുറിച്ചുമാത്രം പറയാം.
ആദ്യത്തേത്, ഇടവേളയിലേയ്ക്ക് പോകുന്നതിന് തൊട്ടുമുമ്പുള്ള ഒരു ഷോട്ടാണ്. സുരേഷ് ഗോപിയുടെ ക്ലോസപ്പിലേയ്ക്ക് ക്യാമറ തിരിയുമ്പോള്‍ ആ കണ്ണുകളില്‍ വിരിയുന്ന മിന്നലാട്ടങ്ങള്‍ മതി ഒരു അഭിനേതാവിന്റെ മൂര്‍ച്ച രേഖപ്പെടുത്താന്‍. ആകാംക്ഷയും പിന്നീടങ്ങോട്ടുള്ള രംഗതീവ്രതകളും ആ കണ്ണില്‍ നിറയുന്നുണ്ട്. പ്രേക്ഷകരെ രണ്ടാംഭാഗത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഏറ്റവും ഉദ്വേഗഭരിതമായ നിമിഷമാണത്. കണ്ണുകള്‍കൊണ്ട് മാത്രമാണ് ആ രംഗത്തെ അദ്ദേഹം ഉജ്ജ്വലമാക്കുന്നത്.
മകള്‍ വിന്‍സി (നീതാപിള്ള) പാപ്പനോട് (സുരേഷ്ഗോപി) പറയുന്നതാണ് രണ്ടാമത്തെ രംഗം. ‘പാപ്പനൊരു അപ്പാപ്പനാകാന് പോകുന്നു’ എന്ന് പറയുന്ന ആ നിമിഷം കവിള്‍തടം കൊണ്ടാണ് തന്റെ വികാരങ്ങളെല്ലാം ആ നടന് പ്രകാശിപ്പിക്കുന്നത്. സന്തോഷവും ദുഃഖവുമെല്ലാം ഒരു കണികയുടെപോലും ഏറ്റക്കുറച്ചിലുകളില്ലാതെ ആ രംഗം അദ്ദേഹം അനശ്വരമാക്കുന്നു.
ക്ലൈമാക്സ് രംഗത്തിലാകട്ടെ, അദ്ദേഹത്തിന് ഏറെയൊന്നും ചെയ്യാനില്ല. എന്നിട്ടും ഡയലോഗ് ഡെലിവറിയുടെ സൂക്ഷ്മത കൊണ്ടാണ് ആ നടന് നമ്മുടെയെല്ലാം കണ്ണ് നിറയ്ക്കുന്നത്. ഇത്തരം അനവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുടനീളം കാണാം. ഒരു മെത്തേഡ് ആക്ടര്‍ എന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഏറ്റവും സൂക്ഷ്മാംശങ്ങള്‍ നിറഞ്ഞ പ്രകടനത്തിനാണ് പാപ്പന് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നടനം വാതോരാതെ പ്രശംസിക്കപ്പെടുന്നത്. ഇങ്ങനെയൊരു പ്രകടനം മുമ്പ് കണ്ടിട്ടുള്ളത് കളിയാട്ടത്തിലാണ്. പക്ഷേ അവിടെ നാടകീയതകളില്ല. പാപ്പനിലാകട്ടെ ആ നാടകീയ നിമിഷങ്ങളെയും അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു.
ഇതിനെല്ലാമുപരി മറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍ക്കായി വഴിയൊരുക്കുകയും നിസംഗതയോടെ അതിനെ വീക്ഷിക്കുകയും ചെയ്യുന്ന ഒരു താരത്തിന്റെ മൂല്യവും നാം തിരിച്ചറിയപ്പെടേണ്ടതാണ്.
ഇതിനോട് ചേര്‍ത്ത് ഒരു വരികൂടി കുറിക്കാമെന്ന് തോന്നുന്നു. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന സിനിമയുടെ റീറെക്കോര്‍ഡിംഗ് നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ ശ്രീനാഥ് എന്ന സംഗീതജ്ഞന് പറഞ്ഞ വാക്കുകളാണ്.
‘റഫ് കട്ട് ആണെങ്കിലും മൂസ ഞാന്‍ പൂര്‍ണ്ണമായും കണ്ടു. സുരേഷ്സാറിന്റെ അഭിനയം, ഒന്നും പറയാനില്ല. മൂസ നിറഞ്ഞുനില്‍ക്കുകയാണ്. ആ ക്യാരക്ടറിലാണ് ആ സിനിമ. ഇങ്ങനെയൊരു ആറ്റിട്യൂടുള്ള സുരേഷ് സാറിനെ ഞാനെന്നല്ല, ആരും കണ്ടിട്ടുണ്ടാവില്ല. വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന എന്തൊക്കെയോ മാജിക് അതിലുണ്ട്. ഓരോ സീനും അത്ര ആഗ്രഹിച്ച് എന്ജോയ് ചെയ്താണ് ഞാനും ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്.’
ഈ ചെറുപ്പക്കാരന്റെ നിഷ്കളങ്കമായ വാക്കുകള്‍ ചിലതോര്മ്മിപ്പിക്കുന്നുണ്ട്. കണ്ടതൊന്നുമല്ല, ഈ നടന്റെ പ്രകടനം ഇനി വരാനിരിക്കുന്നതേയുള്ളൂ. ശരിയാണ്. കാലമേറുന്തോറുമാണ് വീഞ്ഞിന്റെ വീര്യവും കൂടുന്നത്.
Recent Comments