താങ്കള്‍ ചെയ്ത സിനിമകളില്‍ രണ്ടാംഭാഗം ഉണ്ടാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ചിത്രം ഏതാണ്?
നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍വരെയുണ്ടായി. അതിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നു. കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലാകട്ടെ കുറേക്കൂടി കോംപ്ലിക്കേറ്റഡായിരുന്നു. വളരെ ഇമോഷണലായ ചിത്രവും. ദൃശ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ രണ്ടാംഭാഗം എന്താണെന്നറിയാനുള്ള ആഗ്രഹം അത് കണ്ട എല്ലാ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് രണ്ടാംഭാഗത്തിന് ഏറ്റവും സാധ്യതയുള്ള ചിത്രം ദൃശ്യമെന്നാണ്.
ചുമ്മാതൊരു സിനിമ ചെയ്യുകയല്ലല്ലോ. എല്ലാ സാധ്യതകളും പരിശോധിച്ചിട്ടാണ് അതിലേയ്ക്ക് എത്തുന്നത്. ദൃശ്യം ചൈനീസ് ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും റിക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അതിന് റീമേക്കുകളുണ്ടായി. അതിന് കാരണം ആ സബ്ജക്ടിന്റെ യൂണിവേഴ്സാലിറ്റിയാണ്. പിന്നെയും സാധ്യതകള്‍ തുറന്നുകിടക്കുന്നുവെന്ന് കണ്ടപ്പോഴാണ് രണ്ടാംഭാഗത്തിലേയ്ക്ക് എത്തുന്നത്.
ഒരു ക്രൈം നടന്നു. കേസന്വേഷിക്കുന്നത് കേരള പോലീസാണ്. അവരത് വെറുതെ വിടുകയില്ല. ഇനി എത്ര കാലം കഴിഞ്ഞാലും. ഇരുപത് വര്‍ഷത്തിനുശേഷവും കേസുകള്‍ തെളിയിച്ച ചരിത്രമുണ്ട് നമ്മുടെ സേനയ്ക്ക്. ദൃശ്യത്തിലേയ്ക്ക് വന്നാല്‍ കൊലപാതകം ചെയ്യപ്പെട്ട ആളുടെ ബോഡി ഇനിയും കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താതെ പോലീസ് പിന്തിരിയുമോ? ജോര്ജ്ജുകുട്ടിയും കുടുംബവും എങ്ങനെയായിരിക്കും അതിനെ അഭിമുഖീകരിക്കുക? ഇത്തരം സാധ്യതകളിലൂടെയാണ് ദൃശ്യം 2 കടന്നുപോകുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് തീയേറ്ററുകളിലേയ്ക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ ചിത്രവും ദൃശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
താങ്കളുടെ എണ്ണമറ്റ കഥാപാത്രങ്ങളില്‍നിന്ന് ജോര്‍ജ്ജുകുട്ടി ഏറ്റവും പ്രിയങ്കരനാകുന്നത് എങ്ങനെയൊക്കെയാണ്?
ഞാനല്ല, പ്രേക്ഷകരാണ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുന്നത്.
മാനസികമായി ഇഴയടുപ്പം ജോര്ജ്ജുകുട്ടിയോടുണ്ടോ എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കിയത്?
ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ എല്ലാ കഥാപാത്രങ്ങളോടും അറ്റാച്ച്മെന്റ് ഉണ്ടാകും. പാക്ക്അപ്പ് പറഞ്ഞുകഴിഞ്ഞാല്‍ എല്ലാ അടുപ്പങ്ങളും അതോടെ അവസാനിക്കും.
പിന്‍കുറുപ്പ്: നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ. മൂന്ന് ഭാഗങ്ങളുണ്ടായ ലാല്‍ചിത്രം ഇതാണ്. കിരീടം, ദേവാസുരം, ഇരുപതാംനൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമമുണ്ടായ രണ്ടാം ഭാഗങ്ങളാണ് ചെങ്കോലും രാവണപ്രഭുവും സാഗര്‍ എലിയാസ് ജാക്കി റീലോഡഡും. ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗ് ദൃശ്യം 2 എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ്. രണ്ടാംഭാഗം അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ പേരിലും സിനിമകളുടെ തുടര്‍ച്ചയുണ്ടായിട്ടുണ്ട്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ ലാലിന്റെ കഥാപാത്രത്തിന്റെ പേര് മേജര്‍ മഹാദേവനെന്നായിരുന്നു. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് പിന്നീട് അതേ പേരില്‍ പ്രത്യക്ഷപ്പെട്ടത് പ്രിയന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലായിരുന്നു.
Recent Comments