മിന്നല്‍ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആര്.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജ ആഗസ്റ്റ് 17 നും ഷൂട്ടിംഗ് 25 നും ആരംഭിക്കും. തൊണ്ണൂറ് ദിവസത്തോളമാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നഹാസ് ഹിദായത്ത്. തുടര്‍ന്നദ്ദേഹം കളര്‍പടം എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ച ഒരു ലഘുചിത്രമാണത്. നഹാസിന്റെ മെയിന്‍ സ്ട്രീമിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.
പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ഷല്‍ ആര്‍ട്ട്സിന് ഏറെ പ്രാധാന്യം നല്കുന്നു. ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യുന്നത് ദേശീയ അവാര്‍ഡ് ജേതാക്കളായ അന്പ് അറിവാണ്. കെ.ജി.എഫ്, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് അക്ഷന്‍ രംഗങ്ങളൊരുക്കിയത് അന്പ് അറിവാണ്.
റോബര്‍ട്ട്, ഡോണി, സേവ്യര്‍ ഇവരാണ് ആര്.ഡി.എക്സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. പശ്ചിമ കൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികള്‍. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്ന് നിഗം റോബര്‍ട്ടിനേയും, ആന്റണി വര്‍ഗീസ് ഡോണിയേയും നീരജ് മാധവ് സേവ്യറിനേയും അവതരിപ്പിക്കുന്നു. ലാല്‍, ബൈജു സന്തോഷ്, ഷമ്മി തിലകന്, മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് താരനിരക്കാര്‍. രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐമ റോസ്മിയും.
ത്രില്ലര്‍ ചിത്രമാണിത്. നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റെര്‍ടെയിനര്‍. ഷബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്. ആണ് സംഗീത സംവിധായകന്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്. കോസ്റ്റ്യും ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ വിശാഖ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments