നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ അന്തരിച്ചു. ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ ഫൗണ്ടേഷന് ഹോസ്പിറ്റലില്‍വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ചിക്കുകയും ആശുപത്രിയില്‍വച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇന്ന് മൂന്ന് മണിക്ക് അമിഞ്ചിക്കര ശ്മശാനത്തിലാണ് ശവസംസ്കാരം നടക്കുക.
എം.ടി. വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന് എന്ന ചെറുകഥയെ അവലംബിച്ച് ചെയ്ത ഏകാകിനിയാണ് ജി.എസ്. പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രം. രവിമേനോനും ശോഭയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാണ്ഡവപുരം, രോമാഞ്ചന (കന്നഡ ചിത്രം), പ്രകൃതി മനോഹരി തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. സഹ്യന്റെ മകള്‍ എന്ന പേരില്‍ ഒരു ചില്‍ഡ്രന്‍സ് സിനിമയും അദ്ദേഹം ചെയ്തിട്ടുണ്ട്. അടുത്തിടെ കാളിദാസ് ജയറാമിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു.
ലീലയാണ് ജി.എസ്. പണിക്കരുടെ ഭാര്യ. സനില്‍, സനിത എന്നിവര്‍ മക്കളുമാണ്.
Recent Comments