ജീത്തുവിന്റെ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നത് ഇതാദ്യമാണ്. അത് സംഭവിക്കാന്‍ കാരണമെന്തായിരുന്നു? ആരാണ് പ്രചോദനമായത്?
ദൃശ്യം ഇറങ്ങി കഴിഞ്ഞപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, ഇതിനൊരു രണ്ടാംഭാഗം ഉണ്ടാകുമോയെന്ന്. ഇല്ലെന്നായിരുന്നു മറുപടി. കാരണം രണ്ടാംഭാഗത്തിനുള്ള സാധ്യത ഞാനതില്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. പിന്നീട് ദൃശ്യം പല ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ആ സിനിമ നിര്‍മ്മിച്ചത് വയാകോം എന്ന കമ്പനിയാണ്. ഞാനാദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദ ബോഡിയുടെ നിര്‍മ്മാതാക്കളും വയാകോമായിരുന്നു. രണ്ടാം പതിപ്പിന്റെ സാധ്യതകളെക്കുറിച്ച് അവരാണ് എന്നോട് ആദ്യമായി പറയുന്നത്. അതിന് കാരണവുമുണ്ട്. അവരോട് ആരൊക്കെയോ ദൃശ്യം 2-ാം ഭാഗത്തിന്റെ കഥയെക്കുറിച്ച് സംസാരിച്ചത്രെ. പിന്നീട് ആന്റണി പെരുമ്പാവൂരും ഇതേ ആവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. അടുത്തിടെ മാധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷമാണ് അതിന്റെ സാധ്യതകള്‍ ഞാന്‍ അന്വേഷിച്ച് തുടങ്ങിയത്. ദൃശ്യത്തിന് പിന്നാലെ സഞ്ചരിച്ചപ്പോള്‍ ഒരു ത്രെഡും കിട്ടി.
റാമിന്റെ (മോഹന്‍ലാലിനെ വച്ച് ജീത്തു ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം) കഥ പറയാന്‍ പോയപ്പോള്‍ ലാല്‍സാറിനോടും ആന്റണിയോടും ഈ തോട്ട് കൂടി പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി. അപ്പോഴും അവരോട് പറഞ്ഞത്, ഞാനൊന്ന് എഴുതിനോക്കട്ടെ. വ്യക്തമായ ഒരു ഡ്രാഫ്റ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ഉപേക്ഷിക്കുമെന്നുതന്നെയാണ്. അങ്ങനെ റാമിന്റെ വര്‍ക്കുകളിലേയ്ക്ക് കടക്കുന്നു. റാമിന്റെ തിരക്കഥ എഴുതി കഴിഞ്ഞതിനു പിന്നാലെ എനിക്ക് കുറച്ചുകൂടി സമയം കിട്ടി. വീണ്ടും ദൃശ്യത്തിനു പിറകെ പോയി. ആ സമയത്താണ് കുറേ നല്ല സീക്വന്‍സുകളും കഥയ്ക്ക് സംഭവിക്കാവുന്ന ചില വഴിത്തിരിവുകളുമൊക്കെ ഉണ്ടാകുന്നത്. അതും ഞാന്‍ ലാല്‍സാറിനോട് പറഞ്ഞു. കൂടുതല്‍ നന്നായിട്ടുണ്ട്, എഴുതിക്കൊള്ളാനാണ് ലാല്‍സാര്‍ പറഞ്ഞത്. റാം പൂര്‍ത്തിയാക്കിയശേഷം ദൃശ്യം 2 എഴുതാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് ലോക്ഡൗണിന്റെ കടന്നുവരവ്. ആ സമയത്ത് ദൃശ്യത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. അത് ലാല്‍സാറിന് വായിക്കാന്‍ കൊടുക്കുന്നതിനുമുമ്പ് ഞാന്‍ പതിവായി അഭിപ്രായങ്ങള്‍ തേടുന്ന ചിലരുണ്ട്. അവരോട് പറഞ്ഞു. ഒരു നല്ല കഥയും സിനിമയും ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് അവരാണ്. അങ്ങനെയാണ് ദൃശ്യം 2 ലേക്ക് ഞാന്‍ എത്തുന്നത്.
ദൃശ്യത്തിന്റെ ആദ്യഭാഗത്തുനിന്ന് രണ്ടാംഭാഗം വ്യത്യാസപ്പെടുന്നത് ഏതൊക്കെ തരത്തിലാണ്?
കഥാപരമായി ദൃശ്യത്തിന്റെ തുടര്‍ച്ച തന്നെയാണ് അതിന്റെ രണ്ടാംഭാഗവും. ദൃശ്യത്തിന്റെ ആദ്യഭാഗത്ത് ഒരു ക്രൈം നടക്കുന്നുണ്ട്. രണ്ടാംഭാഗത്ത് ക്രൈം ഒന്നുമില്ല. ദൃശ്യത്തിന്റെ ടെയില്‍എന്‍ഡില്‍ ആളുകള്‍ സിനിമ കണ്ടിട്ട് എഴുന്നേല്ക്കാന് തുടങ്ങുമ്പോഴാണ് ഭയങ്കരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. അത്തരം ട്വിസ്റ്റുകളും രണ്ടാംഭാഗത്ത് ഇല്ല. പകരം ആറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥയും അവര്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളും ആ നാടിന്റെ പശ്ചാത്തലവുമൊക്കെ ചേര്‍ത്തുവച്ചാണ് ദൃശ്യം 2 ഒരുങ്ങുന്നത്.
Posted by Canchannelmedia on Sunday, September 27, 2020
തിരക്കഥയെഴുതാന്‍ കൂടുതല്‍ സമയമെടുത്തത് ദൃശ്യത്തിന്റെ ആദ്യഭാഗത്തിനോ രണ്ടാംഭാഗത്തിനോ?
ഒറ്റയടിക്ക് എഴുതുന്ന ശീലം എനിക്കില്ല. അക്കാര്യത്തില്‍ മടിയുള്ള ഒരാളാണ്. ഏതാണ്ട് ഒന്നര മാസത്തോളം എടുത്താണ് രണ്ട് തിരക്കഥകളും പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ദൃശ്യത്തിന്റെ കഥയുടെ തോട്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ എന്റെ മനസ്സിലുള്ളതാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിനുംമുമ്പേ. 2007 ലാണ് ഞാന്‍ ആദ്യം സിനിമ ചെയ്യുന്നത്. ദൃശ്യത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത് 2010 ലും. അതുപോലെയാണ് ദൃശ്യം 2 ന്റെ കാര്യത്തിലും സംഭവിച്ചത്. വയാകോം കമ്പനി ദൃശ്യത്തിനൊരു രണ്ടാംഭാഗം എഴുതണമെന്ന് പറയുന്നത് 2015 ലാണ്. എന്നാല്‍ അത് എഴുതി പൂര്‍ത്തിയാക്കിയത് 2020 ലും.
Recent Comments