മോഹന്‍ലാല്‍ അദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആദ്യം നടക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
ബറോസിന്റെ ഷൂട്ടിംഗ് 2020 ല്‍ തുടങ്ങാനിരുന്നതാണ്. കോവിഡിന്റെ വരവ് എല്ലാം തകിടം മറിച്ചു.
ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 2 ന്റെയും അതിനുപിറകെ ബി. ഉണ്ണികൃഷ്ണന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ലാല്‍ പൂര്‍ണ്ണമായും ബറോസിലേയ്ക്ക് ഇറങ്ങും.
ബറോസിന്റെ പ്രീപ്രൊക്ഷന്‍ ജോലികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച ടീംതന്നെയാണ് ഇക്കാര്യത്തില്‍ ലാലിനെ സഹായിക്കാനായി അണിയറയിലുള്ളത്. എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നത് ബറോസിന്റെ കഥാകാരന് ജിജോ തന്നെയാണ്. ലാലിന്റെ മകള്‍ വിസ്മയയും ബറോസ് ടീമിലെ സംവിധാനസഹായികളിലൊരാളാണ്.
ഇപ്പോഴറിയുന്നത് ബറോസിന്റെ ഛായാഗ്രാഹകനായി സന്തോഷ് ശിവന് എത്തുന്നുവെന്നാണ്.
പൂര്‍ണ്ണമായും ത്രീഡിയിലാണ് ബറോസ് അണിയിച്ചൊരുക്കുന്നത്. ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. അതുകൊണ്ട് മികച്ചൊരു ഛായാഗ്രാഹകന്‍ സിനിമയ്ക്ക് പിന്നിലുണ്ടാകണമെന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നു.
കെ.യു. മോഹന്റെ പേരാണ് ആദ്യം കേട്ടതെങ്കില്‍ ഇപ്പോള്‍ സന്തോഷ് ശിവന് ആ ദൗത്യത്തിലേയ്ക്ക് എത്തുന്നുവെന്നാണ് അറിയുന്നത്.
ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് മുമ്പൊരിക്കല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ ലാല്‍ അറിയിച്ചിരുന്നു. അവരുടെ കാര്യത്തിലും മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
നാവികനായിരുന്ന, വാസ്കോഡഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിക്ക് മാത്രമേ അത് നല്‍കാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അടുക്കലേക്ക് ഒരു പെണ്‍കുട്ടി എത്തുന്നു. പിന്നീടിരുവരും ചേര്‍ന്ന് നടത്തുന്ന സാഹസികമായ യാത്രകളിലൂടെയാണ് ബറോസിന്റെ കഥ പുരോഗമിക്കുന്നത്.
ബറോസിന്റെ സംഗീതസംവിധായകനെയും ലാല്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വളരെ ചെറിയ പ്രായത്തില്‍തന്നെ ലോകത്തിനുമുന്നില്‍ നാദവിസ്മയങ്ങള്‍ ഒരുക്കിയ ലിഡിയന് നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ചെയ്യുന്നത്.
Recent Comments