രഞ്ജിത്ത് സജീവ്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്ക്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബിവെയര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിനുശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ആഷിക് അക്ബര്‍ അലിയാണ് തിരക്കഥാകൃത്ത്.
വിശ്രുത നടന് ജോണ്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെ.എ. എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ആദ്യ മലയാളചിത്രവുമാണ്. വിക്കി ഡോണര്‍, പരമാണു, മദ്രാസ് കാഫെ തുടങ്ങിയവ ജെ.എ. എന്റര്ടെയിന്മെന്റ്സ് നിര്‍മ്മിച്ച ചിത്രങ്ങളാണ്.
ആയുഷ്മാന്‍ ഖുറാനയെപ്പോലെ മികച്ച അഭിനേതാക്കളെ സിനിമയിലേയ്ക്ക് കൈയ് പിടിച്ചു കൊണ്ടുവന്ന ജെ.എ. എന്റര്ടെയിന്മെന്റ്സ്, രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് നായിക. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം രാധാകൃഷ്ണന്, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന് ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക് മണികണ്ഠന്, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സമകാലീന പ്രാധാന്യമുള്ള ഒരു വിഷയമാണ് മൈക്ക് പറയുന്നത്. ഹൃദയത്തിലെ പാട്ടുകളൊരുക്കി സംസ്ഥാന പുരസ്കാരം നേടിയ ഹിഷാം അബ്ദുള്‍ വഹാബാണ് മൈക്കിന്റെ സംഗീത സംവിധായകന്. രണദിവെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്ഷനും സ്റ്റണ്ട് കോറിയോഗ്രാഫര്‍ ഫീനിക്സ് പ്രഭുവുമാണ്.
സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. വാര്‍ത്താപ്രചരണം പ്രതീഷ് ശേഖര്‍.
Recent Comments