യാത്രകള്‍ വെറും വിനോദമല്ല, ഒരു വികാരം തന്നെയാണ് മോഹന്‍ലാലിന്. ലോകത്തിന്റെ എല്ലാ കോണുകളിലേയ്ക്കും അദ്ദേഹം യാത്ര നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
എങ്കിലും ചില വിശേഷപ്പെട്ട ഇടങ്ങള്‍ സന്ദര്‍ശിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പലപ്പോഴും നടന്നിട്ടില്ല. ‘ചിലത് അങ്ങനെയാണ്. നമ്മള് ആഗ്രഹിച്ചാലും അവിടെ എത്തിപ്പെടാനാവില്ല. അതിന് വേറെയും ചില ഘടകങ്ങള്‍ നമ്മളെ തേടിയെത്തണം.’ മാനസസരോവരിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്തശേഷം അത് നടക്കാതെ പോയപ്പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യയിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്ര ലാലിന്റെ വലിയ സ്വപ്നങ്ങളാണ്. ‘വടക്കുന്നാഥന്റെ’ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഹരിദ്വാറും ഋഷികേശും സന്ദര്‍ശിച്ചത്. കാശിക്ക് പോയതും മറ്റൊരു സിനിമയുടെ ചിത്രീകരണസമയത്താണ്. എന്നാല്‍ എല്ലാ തിരക്കുകളില്നിന്നുമൊഴിഞ്ഞ് ഒരു അവധൂതനെപ്പോലെ സ്വയം അറിഞ്ഞുള്ള യാത്രകള്‍ അദ്ദേഹം ഏറെ കൊതിച്ചതാണ്. അതിലൊരിടമാണ് കാമാഖ്യ ക്ഷേത്രവും. ഇന്നലെ അദ്ദേഹം കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചു. സുഹൃത്ത് കൂടിയായ ആര്. രാമാനന്ദനൊപ്പം. തിങ്കളാഴ്ചയാണ് അവര്‍ യാത്ര പുറപ്പെട്ടത്. കാമാഖ്യ യാത്രയെക്കുറിച്ച് അതിമനോഹരമായൊരു യാത്രാകുറിപ്പും അദ്ദേഹം തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഇന്നദ്ദേഹം ബ്രഹ്മപുത്രയിലെ ചെറുദ്വീപിലാണുള്ളത്. ലാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍. ‘ഉമാനന്ദനെ കാണാന്‍. ഭുപന് ഹസാരിക ഹൃദയം നിറഞ്ഞ് പാടിയ ബ്രഹ്മപുത്രയിലൂടെ ഒരുയാത്ര. നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാന്‍ ഒരു യാത്ര.’ ആ യാത്ര പൂര്‍ത്തിയാക്കി അദ്ദേഹം മറ്റന്നാള്‍ കൊച്ചിയില്‍ തിരിച്ചെത്തും.
Recent Comments