കര്‍ക്കിടകത്തിലെ രേവതിയായിരുന്നു ഇന്നലെ. ഒരു മാസം നീണ്ടു നിന്ന രാമായണ മാസാചരണത്തിന്റെ സമാപ്തി കുറിക്കുന്ന പുണ്യ ദിനം. കവിയും ഗാനരചയിതാക്കളുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും ആര്.കെ. ദാമോദരന്റെയും പിറന്നാള്‍ദിനം കൂടിയായിരുന്നു ഇന്നലെ. രണ്ട് പേര്‍ക്കുമിടയില്‍ കുറെയേറെ സാമ്യതകളുണ്ട്. കവിയും ഗാനരചയിതാക്കളുമായ ഇവര്‍ മലബാറുകാരാണ്, മാത്യഭൂമിയുടെ ചീഫ് പ്രൂഫ് റീഡര്മാരായിരുന്നു. ജൂബ്ബയാണ് രണ്ടുപേരും ധരിക്കാറുള്ളത്. ഇവരുടെ പേരുകളും കൃഷ്ണനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ‘കൃഷ്ണം ദാമോദരം വാസുദേവം ഭജേ.’
ഇന്നലെ കൈതപ്രം മൂകാംബികയില്‍ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആര്.കെ ഗുരുവായൂരില്‍ പിറന്നാള്‍ കൊണ്ടാടി. കാലത്ത് ഒമ്പതുമണിക്ക് എത്തിയ ആര്.കെ. ദാമോദരന്റെ കൂടെ പത്നി രാജലക്ഷ്മിയും ഉണ്ടായിരുന്നു. ഉദയാസ്തമന പൂജയായതിനാല് നടയില്‍ കുറെ നേരം നിന്ന് പ്രാര്‍ത്ഥിച്ചു.
‘രണ്ടര വര്‍ഷക്കാലം ഭഗവാനെ കാണാന്‍ കഴിയാത്തതിന്റെ വിഷമം ഇന്ന് തീര്‍ന്നു. എന്റെ ജീവിതത്തിനിടയ്ക്ക് ഇത്രയും സന്തോഷകരമായ പിറന്നാള്‍ ഉണ്ടായിട്ടില്ല.’ ആര്.കെ. പറഞ്ഞു.
11 മണിക്ക് ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ ആര്.കെ. ദാമോദരനെ ഭാവഗായകന് പി. ജയചന്ദ്രന് ക്ഷേത്രത്തിനു മുന്നില്‍ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍ കെ. പി ഉദയന്‍, വി.പി. ഉണ്ണികൃഷ്ണന്, കല്ലൂര്‍ ഉണ്ണികൃഷ്ണന്, ബാബു ഗുരുവായൂര്‍ എന്നിവര്‍ അതിന് സാക്ഷികളായി. ‘ഇതില്പരം ജീവിതം ധന്യമാകാന്‍ എന്തു വേണം’ എന്നായിരുന്നു ആര്.കെയുടെ മറുപടി.
44 വര്‍ഷമായുള്ള ബന്ധമാണ് ആര്.കെയ്ക്ക് ജയചന്ദ്രനുമായിട്ടുള്ളത്. രാജു റഹീം എന്ന ചിത്രത്തിലൂടെയാണ് ആര്.കെ. ദാമോദരന്‍ ഗാനരചയിതാവായി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. ആ സിനിമയിലെ അര്ജ്ജുനന് മാഷ് സംഗീതം നിര്‍വ്വഹിച്ച് യേശുദാസ് ആലപിച്ച ‘രവിവര്‍മ്മ ചിത്രത്തിന് രതിഭാവമേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രശസ്തമാണ്. ആ സിനിമയില്‍ ജയചന്ദ്രനും പി.ബി. ശ്രീനിവാസനും ചേര്‍ന്ന് പാടിയ ബ്രൂസിലി കുഞ്ഞല്ലയോ എന്ന പാട്ടുമുണ്ട്. അതിനു ശേഷം ആര്.കെ. എഴുതിയ നിരവധി പാട്ടുകള്‍ ജയചന്ദ്രന് പാടിയിട്ടുണ്ട്. ജയചന്ദ്രനുമായി ചേര്‍ന്ന് ഇരുപതോളം ആല്‍ബങ്ങളും ഇറക്കിയിട്ടുണ്ട്.
യേശുദാസിന്റെ മാനസപുത്രനായാണ് എല്ലാവരും ആര്.കെയെ കാണുന്നത്. 27 വര്‍ഷം മുടങ്ങാതെ യേശുദാസിന്റെ പിറന്നാളിന് മൂകാംബികയില്‍ ആര്.കെ. കൂടെ ഉണ്ടായിരുന്നു. യേശുദാസിന്റെ അറുപതാം പിറന്നാളിന് മൂകാംബിക അമ്മയുടെ മടിയില്‍ സമര്‍പ്പിക്കാന്‍ പാട്ടുകള്‍ എഴുതാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയതും ആര്.കെയെയായിരുന്നു.
2000 ത്തില്പരം ഭക്തിഗാനങ്ങളും നിരവധി ലളിതഗാനങ്ങളും നാടക ഗാനങ്ങളും 120 സിനിമാഗാനങ്ങളും ആര്.കെ ദാമോദരന്റെ പൊന്‍ തൂലികയില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ട്. 2013 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് പുരസ്കാരം, തത്വമസി പുരസ്കാരം, പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനായിരുന്ന പണ്ഡിറ്റ് ജസ്രാജില്‍ നിന്ന് മയില്‍പീലി പുരസ്കാരം, തുടങ്ങി 17 ഓളം പുരസ്കാരങ്ങള്‍ ആര്.കെയെ തേടിയെത്തിയിട്ടുണ്ട്. നാലു പതിറ്റാണ്ടിലേറെയായി കാവ്യസപര്യ നടത്തുന്ന അക്ഷരോപാസകന്റെ പിറന്നാള്‍ദിനം ഗുരുവായൂരപ്പന്റെ നടയിലായത് മറ്റൊരു സുകൃതമാകാം.
-ബാബു ഗുരുവായൂര്‍
Recent Comments