ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. ഓര്‍ക്കാന്‍ പ്രത്യേകിച്ചൊരു കാരണവുമുണ്ട്. ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞങ്ങളുമുണ്ടായിരുന്നു.
2004 ലാണ്. വി.എം. വിനു സംവിധാനം ചെയ്യുന്ന മയിലാട്ടത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. അവിടെ കാഞ്ഞിരപ്പാറയിലുള്ള ഒരു ഹാളിലായിരുന്നു ചിത്രീകരണം. മികച്ച കര്‍ഷകപുരസ്കാരം നേടിയ ദേവന് കൃഷിമന്ത്രി അവാര്‍ഡ് സമര്‍പ്പണം നടത്തുന്ന ചടങ്ങാണ് ഷൂട്ട് ചെയ്യുന്നത്. ദേവനായി നടന് ജയറാമും കൃഷിമന്ത്രിയായി ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ ഗിരീഷ് വൈക്കവുമാണ് അഭിനയിക്കുന്നത്.
അവാര്‍ഡ് സമര്‍പ്പണവും മന്ത്രിയുടെ പ്രസംഗവും ദേവന്റെ മറുപടിപ്രസംഗവുമെല്ലാം ഒറ്റ ദിവസംകൊണ്ട് ഷൂട്ട് ചെയ്തു. അങ്ങനെ സിനിമയിലൂടെയെങ്കിലും മികച്ച കര്‍ഷ അവാര്‍ഡ് ജയറാം സ്വന്തമാക്കി. ഇത്രയും അനുബന്ധമായി പറയാന്‍ ഒരു കാരണംകൂടിയുണ്ട്.
രണ്ട് ദിവസം മുമ്പാണ് മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ജയറാമിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചത്. പെരുമ്പാവൂരിലെ തോട്ടുവയിലിലുള്ള അഞ്ചര ഏക്കര്‍ ഭൂമിയില്‍ അഞ്ച് പശുക്കളുമായി തുടങ്ങിയ ജയറാമിന്റെ ഫാം ഹൗസില്‍ ഇന്ന് അറുപതോളം പശുക്കളുണ്ട്. ക്ഷീരകര്ഷകനെന്ന നിലയില്‍ ജയറാം വരിച്ച ഈ നേട്ടത്തിനുള്ള അംഗീകാരമായിട്ടാണ് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചതും. കൃഷിമന്ത്രി പി. പ്രസാദും ചടങ്ങിന് സാക്ഷിയായി. പത്മശ്രീ ലഭിച്ചതിലുമേറെ സന്തോഷമുണ്ടെന്നാണാണ് ജയറാം ഈ അവാര്‍ഡ് നേട്ടത്തെ വിശേഷിപ്പിച്ചത്.
ആകസ്മികത ഇത്രമാത്രമാണ്. 18 വര്‍ഷം മുമ്പ് സിനിമയില്‍ സംഭവിച്ച ഒരു കാര്യം ജയറാം സ്വന്തം ജീവിതത്തിലും നേടിയെടുത്തിരിക്കുന്നു. കഥകള്‍ പുനഃസൃഷ്ടിക്കുന്നതില്‍ മാത്രമല്ല, ചിലത് പ്രവചനസ്വഭാവത്തോടെ പറയാനും ചലച്ചിത്രങ്ങള്‍ക്ക് ആവുമെന്ന് ഈ സംഭവം തെളിക്കുന്നു.
മലയാളസിനിമയില്‍നിന്ന് തല്ക്കാലം അവധിയെടുത്തെങ്കിലും അന്യഭാഷയില്‍ തിരക്കേറിയ നടനായി തുടരുകയാണ് ജയറാം ഇപ്പോഴും. ഗിരീഷ് വൈക്കമാകട്ടെ തന്റെ പുതിയ നിര്‍മ്മാണ സംരംഭത്തിലുള്ള ഒരുക്കങ്ങളിലാണ്. ഒപ്പം ഈ മാസം 20 ന് നടക്കുന്ന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം മത്സരിക്കുന്നു.
Recent Comments