തമിഴിലെ പ്രശസ്ത സംവിധായകന് പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരങ്കള്‍ നഗര്‍കിരത്’ എന്ന ചിത്രത്തിന്റെ പത്രസമ്മേളനം കൊച്ചിയില്‍വച്ച് നടന്നു. സംവിധായകനായ രഞ്ജിത്ത്, കാളിദാസ് ജയറാം, ദുഷാര വിജയന്, കലൈ അരശന്, ഷബീറും എന്നിവരാണ് പങ്കെടുത്തത്.
തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുന്ന വേളയില്‍ പ്രണയം പ്രണയംമാത്രമാണ്. അതിന് വേറെ മാനങ്ങളൊന്നുമില്ല. പക്ഷേ, കാണുന്നവരുടെ കാഴ്ചപ്പാടിലാണ് പ്രണയത്തിന് മറ്റ് വ്യാകരണങ്ങള്‍ കണ്ടെത്തുന്നത്. കാളിദാസ് ജയറാം വളരെ നന്നായിട്ടാണ് തന്റെ ചിത്രത്തില്‍ കഥാപാത്രമായി മാറിയിരിക്കുന്നത്. തീര്‍ച്ചയായും ഇത് അദ്ദേഹത്തിന് കിട്ടുന്ന നല്ലൊരു ബ്രേക്ക് തന്നെയായിരിക്കും. മാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും അതാത് കഥാപാത്രത്തില്‍ തന്മയത്വമായി അഭിനയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ഏറെ വിഷമിപ്പിച്ച ഒരു കാര്യം കൂടി അദ്ദേഹം പത്രമ്മേളനത്തില്‍ സൂചിപ്പിച്ചു.
തന്റെ ചിത്രത്തില്‍ അഭിനയിച്ച ട്രാന്‍സ് ജെന്‍ഡറായ മലയാളിയായ ഷെറിന് സ്വയം ജീവിതം അവസാനിപ്പിച്ചത് ഇന്നും തനിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അഭിനയിക്കാനായി അവര്‍ സെറ്റിലെത്തിയപ്പോള്‍ ആ കഥാപാത്രമാവാന്‍ ഏറെ പാടുപെട്ടു. ഞങ്ങളെല്ലാവരും കൊടുത്ത പ്രോത്സാഹനം ഷെറിനെ നല്ലൊരു അഭിനേത്രിയാക്കി മാറ്റിയിരുന്നു. അവര്‍ അഭിനയിച്ച സില്‍വിയ എന്ന വേഷം ചിത്രത്തിലെ ഏറ്റവും ബോള്‍ഡായ കഥാപാത്രമാണ്. പക്ഷേ ജീവിതത്തില്‍ അവര്‍ അത്ര ബോള്‍ഡ് അല്ലെന്ന് അവരുടെ ആത്മഹത്യയിലൂടെ എനിക്ക് മനസ്സിലായി. എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളില്‍ ആരോടെങ്കിലും അവര്‍ക്ക് പറയാമായിരുന്നു. ഇന്നും എനിക്ക് ആ കാര്യത്തില്‍ ദുഃഖമുണ്ട്.
തനിക്ക് മലയാള ചലച്ചിത്രങ്ങള്‍ ഏറെ ഇഷ്ടമാണ്. രാജീവ് രവിയുടെ മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെതന്നെ ലിജോയുടെ ഈ.മ.യൗ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രമാണ്. എത്ര ഈസിയായിട്ടാണ് മലയാള ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. തീര്‍ച്ചയായും എന്റെ ചിത്രങ്ങളെയും മലയാളകള്‍ ഇഷ്ടപ്പെടുന്നുവെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. തമിഴില്‍ ഞാന്‍ സംസാരിച്ചിട്ടും നിങ്ങള്‍ക്ക് അത് നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുകൊണ്ട് ഞാന്‍ ഏറെ സന്തുഷ്ടനുമാണ്. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും തമിഴിലും അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ തമിഴും മലയാളവും രണ്ടും രണ്ടല്ല. തീര്‍ച്ചയായും നല്ലൊരു അവസരം ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഒരു ചിത്രം ഒരുക്കുകതന്നെ ചെയ്യും. പാ. രഞ്ജിത്ത് പറഞ്ഞു നിര്‍ത്തി.
Recent Comments