മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പതിനഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴും 184 തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസവും ചിത്രം ഹൗസ് ഫുള്‍ ഷോ ആണ് കളിച്ചത്. ഓണത്തിന് വമ്പന്‍ ചിത്രങ്ങളടക്കം പ്രദര്‍ശനത്തിന് തയ്യാറെടുത്ത് നില്‍ക്കുന്നതിനിടയിലും ന്നാ താന്‍ കേസ് കൊട് തീയേറ്ററുകളില്‍നിന്ന് മാറ്റാന്‍ തയ്യാറാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഈ നില തുടര്‍ന്നാല്‍ ഓണത്തിന് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിള നിര്‍മ്മിച്ച ആദ്യ ചിത്രംകൂടിയാണിത്. ഇതിനുമുമ്പും അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൂണ്‍ ഷോട്ട് എന്നായിരുന്നു നിര്‍മ്മാണ കമ്പനിയുടെ പേര്. ആ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും നീരാളിയും നാരദനും. ഇതിനു പുറമെ ആഷിക് അബുവുമായി ചേര്‍ന്ന് ഒ.പി.എം. എന്ന ബാനറിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മായാനദിയും മഹേഷിന്റെ പ്രതികാരവും ഒ.പി.എം. നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. മഹേഷിന്റെ പ്രതികാരമാണ് ഇതിനുമുമ്പ് സന്തോഷ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. അന്ന് 125 ദിവസം കൊണ്ട് മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയ റെക്കോര്‍ഡ് നേട്ടമാണ് 15 ദിവസംകൊണ്ട് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം നേടിയത്.
Recent Comments