തമിഴിലൊരു ചൊല്ലുണ്ട് – ‘പുലിക്ക് പിറന്തത് പൂനൈയാകുമാ’ (പുലിക്ക് പിറന്നത് പൂച്ചയാകുമോ). ഇതില്‍ പറയുന്ന പുലി 1965 മുതല്‍ 2000 ത്തിന്റെ തുടക്കംവരെ തമിഴ് സിനിമയില്‍ നിറഞ്ഞാടിയ ശിവകുമാറാണ്. സുഹാസിനിക്കൊപ്പം അഭിനയിച്ച സിന്ധുഭൈരവി എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്കും ഓര്‍ക്കാന്‍. മികച്ച നടനുള്ള രണ്ട് സംസ്ഥാന പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കി. ശിവകുമാറിന് ജനിച്ച രണ്ട് മക്കളും തങ്ങള്‍ പൂച്ചകളല്ല, പുലിക്കുട്ടികളാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യയും അനുജന് കാര്‍ത്തിയും.
സൂര്യ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയിട്ട് ഇന്നേയ്ക്ക് 25 വര്‍ഷങ്ങളാകുന്നു. ചേട്ടനോടുള്ള ആദരസൂചകമായി കാര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ശരവണന് ശിവകുമാര്‍ എന്ന പേരില്‍നിന്നും ആരാധകര്‍ നെഞ്ചേറ്റിയ സൂര്യയിലേയ്ക്കെത്താന് ഈ കലാകാരന് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മകനെ ഒരു ഉദ്യോഗാര്‍ത്ഥിയായി കാണാനായിരുന്നു ശിവകുമാറിന് താല്‍പ്പര്യം. വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തൊഴില്‍ മേഖലയിലേയ്ക്ക് അദ്ദേഹം കാല്‍വയ്ക്കുകയും ചെയ്തു. എന്നിട്ടും സിനിമാനടനാകാനായിരുന്നു സൂര്യയുടെ നിയോഗം. 1997 സെപ്തംബര്‍ 6 റിലീസ് ചെയ്ത നേരുക്ക് നേര് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വസന്തായിരുന്നു സംവിധായകന്. പിന്നീട് 2001 ല്‍ ബാലയുടെ സംവിധാനത്തില്‍ അഭിനയിച്ച ‘നന്ദ’യിലൂടെ സൂര്യയുടെ അഭിനയമികവ് തമിഴകം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് കാക്ക കാക്ക, പിതാമഹന്, ഗജിനി, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യയെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ത്തി. ഇനിയൊരുപക്ഷേ തമിഴകത്ത് കമല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിച്ച നടന്കൂടിയാകും സൂര്യ. അയന്, സിങ്കം എന്നീ ചിത്രങ്ങളിലൂടെ താന്‍ വാണിജ്യ സിനിമയ്ക്കും അനുയോജ്യനാണെന്ന് അദ്ദേഹം തെളിയിച്ചു.
ഏറ്റവും ഒടുവിലായി അഭിനയിച്ച സൂററൈപോട്ര്, ജയ് ഭീം എന്നിവ വന്‍ വിജയം നേടുകയും ഇന്ത്യയൊട്ടാകെതന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സൂററൈപോട്രിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി. തീര്‍ച്ചയായും സൂര്യയുടെ 25 വര്‍ഷങ്ങള്‍ തമിഴ് സിനിമയുടെ ചരിത്രംകൂടിയാണ്.
കാര്‍ത്തി പറഞ്ഞപോലെ തന്റെ ഓരോ ന്യൂനതകളും പോസിറ്റീവാക്കി മാറ്റാന്‍ രാവും പകലും സൂര്യ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നു. തന്റെതന്നെ നേട്ടങ്ങളെ മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉദാരമനസ്ക്കനായ വ്യക്തിയെന്ന നിലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ജീവിതപാത ഒരുക്കുകയും ചെയ്യുന്നു. അതാണ് എന്റെ സഹോദരന്.
ഇനിയും സൂര്യതേജസ്സോടെ വിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.
Recent Comments