നീതിയുമായി കാന്‍ ചാനല്‍ നടത്തിയ അഭിമുഖം: Part 1‘സുരേഷേ, എപ്പോഴാണെന്നുവച്ചാല്‍ പറഞ്ഞോ, ഞാന്‍ എത്തിക്കോളാം.’ പ്രശസ്ത കലാസംവിധായകന്‍ നീതിക്കുവേണ്ടി ഒരുങ്ങുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിലേയ്ക്ക് സത്യന് അന്തിക്കാടിനെ സുരേഷ്ഗോപി നേരിട്ട് ക്ഷണിക്കുമ്പോള്‍ സത്യന് പറഞ്ഞതാണ് ഈ വാക്കുകള്‍.
സാധാരണഗതിയില്‍ ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലാത്തപ്പോഴും പൊതുപരിപാടികളില്‍നിന്ന് അകന്നുനില്ക്കുന്നതാണ് സത്യന് അന്തിക്കാടിന്റെ പ്രകൃതം. പക്ഷേ സുരേഷ്ഗോപി വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു മടിയും കാട്ടാതെ സമ്മതം അറിയിക്കുകയായിരുന്നു.
‘മനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രവൃത്തിക്കുകയും അതിനുവേണ്ടി സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കാന്‍ യാതൊരു മടിയും കാട്ടാത്ത തികഞ്ഞ മനുഷ്യസ്നേഹിയാണ് സുരേഷ്ഗോപി. ഒരു രാഷ്ട്രീയ കക്ഷികളും അങ്ങനെയൊരാളെ കണ്ടെത്താനാവില്ല. എന്തൊക്കെ കാര്യങ്ങളാണ് ദിനംപ്രതി സുരേഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എം.പിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അയാള്‍ തന്റെ സദ്കര്‍മ്മങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇതാ, എന്റെ സഹപ്രവര്ത്തകന് കൂടിയായ നീതിക്ക് അദ്ദേഹം ഒരു വീട് വച്ചു കൊടുക്കുന്നു. അങ്ങനെയൊരാള്‍ ഒരാവശ്യം പറഞ്ഞ് വിളിക്കുമ്പോള്‍ എനിക്ക് എങ്ങനെ ഒഴിവുകഴിവുകള്‍ പറയാനാകും.’ സത്യന് കാന്‍ ചാനലിനോട് പറഞ്ഞു.
കുറച്ചു മാസം മുമ്പാണ് നീതി കൊടുങ്ങല്ലൂരിനെക്കുറിച്ചൊരു അഭിമുഖം കാന്‍ ചാനല്‍ പ്രക്ഷേപണം ചെയ്തത്. മുപ്പത്തിയേഴ് വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും സ്വന്തമായൊരു കൂരപോലും ഇല്ലാതിരുന്ന നീതിയുടെ ദയനീയാവസ്ഥ മനസ്സിലാക്കി അദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുക്കാന്‍ സുരേഷ്ഗോപി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം അദ്ദേഹം കാന്‍ ചാനലിനെ വിളിച്ച് പറയുകയും ചെയ്തു. പിന്നീട് ദ്രുതഗതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. ആദ്യം പ്ലാന്‍ പൂര്‍ത്തിയാക്കി. ചിങ്ങത്തില്തന്നെ തറക്കല്ലിടണമെന്നും സുരേഷ്ഗോപി വാശി പിടിച്ചു. നീതിയെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാളെന്ന നിലയില്‍ സംവിധായകന് സത്യന് അന്തിക്കാട് തന്നെ ആ കര്‍മ്മം ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇക്കാര്യം സത്യനെ നേരിട്ട് വിളിച്ച് പറയുകയും ചെയ്തു.
സെപ്തംബര്‍ 12 ന് രാവിലെ ഒരു നല്ല മുഹൂര്ത്തമുണ്ടായിരുന്നു. ആ കര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ പുല്ലൂട്ടുള്ള നീതിയുടെ വാടകവീട്ടില്‍ സത്യന് അന്തിക്കാട് നേരിട്ട് എത്തി. ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വീടിന്റെ ശ്രമദാനങ്ങളില്‍ പങ്കെടുക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരും ചടങ്ങിന് എത്തിയിരുന്നു. പത്തരയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ സത്യന് നീതിയുടെ വീടിന് തറക്കല്ല് ഇട്ടു. ഈ സമയം തിരുവനന്തപുരത്തെ വീട്ടില്‍ പ്രാര്‍ത്ഥനയോടെ സുരേഷ്ഗോപിയും ഉണ്ടായിരുന്നു. അദ്ദേഹം ചടങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ നിമിഷവും വിളിച്ച് തിരക്കുന്നുണ്ടായിരുന്നു.
നീതിക്കും കുടുംബത്തിനുമൊപ്പം ഏറെ നേരം ചെലവഴിച്ചാണ് സത്യന് അന്തിക്കാട് മടങ്ങിയത്.
നീതിയുമായി കാന്‍ ചാനല്‍ നടത്തിയ അഭിമുഖം: Part 1
നീതിയുമായി കാന്‍ ചാനല്‍ നടത്തിയ അഭിമുഖം: Part 2
Recent Comments