കാവേരി നദിയുടെ മറ്റൊരു പേരാണ് പൊന്നി. പൊന്നിയിന്‍ സെല്വന് എന്നാല്‍ കാവേരി നദിയുടെ പുത്രന് എന്നാണ് അര്‍ത്ഥം. തമിഴര്‍ പൊന്നിയിന്‍ സെല്വന് എന്ന് വിശേഷിപ്പിക്കുന്നത് അരുള്‍മൊഴി എന്ന രാജ രാജ ചോളനെയാണ്.
മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആണ് പൊന്നിയിന്‍ സെല്വന്. തമിഴ് സാഹിത്യ ലോകം ഒരുപാട് ആഘോഷിച്ച കല്‍ക്കിയുടെ പൊന്നിയിന്‍ സെല്വന് ആധാരമാക്കി നിര്‍മിച്ച സിനിമയുടെ പ്രസ്സ് മീറ്റ് തിരുവനന്തപുരം ഹൈസിന്തില്‍ നടന്നു. മണിരത്നം, ഗോകുലന് ഗോപാലന്, വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിവര്‍ സംസാരിച്ചു.
‘ഐശ്വര്യ റായി തമിഴിലേക്ക് മടങ്ങിവരുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2010 ല്‍ ഈ ചിത്രം പ്ലാന്‍ ചെയ്യുമ്പോള്‍ നന്ദിനി എന്ന ക്യാരക്ടര്‍ ചെയ്യാമോ എന്ന് ഐശ്വര്യയോട് ചോദിച്ചിരുന്നു. നന്ദിനി ആയിട്ട് അവര്‍ നന്നായി തിളങ്ങും എന്ന് എനിക്ക് ഉറപ്പുള്ളതു കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അവര്‍ അത് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ പ്രോജക്ട് ഓണാവുന്നത്. അപ്പോഴും ആ വേഷം ചെയ്യാമോ എന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. അവര്‍ സമ്മതിച്ചു.’ സംവിധായകന് മണിരത്നം പറഞ്ഞു.
‘യഥാര്‍ത്ഥ കഥയും ഫിക്ഷനും കൂട്ടിച്ചേര്‍ത്തിട്ടാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ഒരു പുസ്തകത്തെ രണ്ടു ഭാഗമുള്ള ഒരു സിനിമയാക്കുമ്പോള്‍ അതില്‍ കുറേയധികം കൂട്ടിച്ചേര്‍ക്കലുകളും കുറയ്ക്കലുകളും ഉണ്ടായിട്ടുണ്ട്. ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് ക്രൈറ്റീരിയായെടുത്തത് എന്ന ചോദ്യത്തിന് ഏറ്റവും ബെസ്റ്റ് ആയവരെ തന്നെയാണ് തിരഞ്ഞെടുത്തത് എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഒപ്പം അഞ്ചു ഭാഗങ്ങള്‍ ഉള്ള പൊന്നിയിന്‍ ശെല്വന് വായിക്കാന്‍ തൃഷയ്ക്ക് വളരെ കുറച്ച് ദിവസം മാത്രമാണ് ലഭിച്ചതെന്നും അതിനുള്ളില്‍ തന്നെ അവര്‍ അത് വായിച്ച് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചു എന്നും മണിരത്നം കൂട്ടിച്ചേര്‍ത്തു.
മികച്ച സിനിമകള്‍ മലയാളത്തിലുള്‍പ്പടെ ഒരുക്കിയിട്ടുള്ള മണിരത്നം എന്നാണ് ഇനി മലയാളത്തിലേക്ക് മടങ്ങിവരുന്നതെന്ന ചോദ്യത്തിന് ‘ഗോകുലം ഗോപാലന് സാര്‍ ഇവിടെയുണ്ടല്ലോ അദ്ദേഹം തയാറാണെങ്കില്‍ മലയാളത്തില്‍ ഉറപ്പായും ഇതു പോലെ ഒരു സിനിമ ചെയ്യാമെന്ന് മണിരത്നം മറുപടി നല്കി. ‘എന്നാല്‍ ആ സിനിമയില്‍ നായകനായി അഭിനയിക്കാമോ’ എന്ന ചോദ്യത്തിന് നടന് വിക്രം നല്കിയ മറുപടി ഇങ്ങനെയാണ് ‘ഒരു രൂപ പ്രതിഫലം നല്കിയാല് മതി ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം’.
‘എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാണിന്ന്. ഞങ്ങള്‍ കൂടുതല്‍ ചെയ്യാറുള്ളത് ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. പുതിയതും പഴയതുമായ തലമുറയ്ക്ക് ചരിത്രത്തെ ഒന്നുകൂടി മനസ്സിലാക്കി പറഞ്ഞു കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതിനുദാഹരണങ്ങളായി പറയാവുന്നത് പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയവയാണ്. തമിഴ്നാടിന്റെ ചരിത്രത്തെ മലയാളികള്‍ പൂര്‍ണമായും സ്വീകരിക്കും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ ഈ ചിത്രം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചത്.’ ഗോകുലം ഗോപാലന് പറഞ്ഞു.
‘തമിഴില്‍ ഇന്നും ബെസ്റ്റ് സെല്ലര്‍ ആയ ഒരു നോവല്‍ ആണ് പൊന്നിയിന്‍ സെല്വന്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന കഥയെ ഇക്കാലത്ത് അവതരിപ്പിക്കുമ്പോള്‍ അന്ന് ഉപയോഗിച്ചിരുന്ന അതേ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ തയ്യാറാക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം അണിയുന്നതോടൊപ്പം മാസ്ക് പോലെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ കൂടി ധരിച്ചിട്ടാണ് സെറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അത് പുതിയൊരു എക്സ്പീരിയന്‍സ് ആയിരുന്നു. എന്നാല്‍ അതൊന്നും ഒരിക്കലും പടത്തിന്റെ മേക്കിങ്ങിനെയോ ബാക്കി കാര്യങ്ങളെയോ ബാധിച്ചില്ല എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.’ വിക്രം പറഞ്ഞു.
-അരുണിമ കൃഷ്ണന്
Recent Comments