ആദ്യം ഈ വീഡിയോ നിങ്ങളൊന്ന് കണ്ടുനോക്കൂ. അതിലെ അശ്ലീലവാക്കുകള്‍ ആദ്യം മ്യൂട്ട് ചെയ്യണമെന്ന് കരുതിയതാണ്. പിന്നെ വേണ്ടെന്നുവച്ചു. ചിലരുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടുവരണമെങ്കില്‍ ഈ വീഡിയോ ഈ രൂപത്തില്‍തന്നെ കാണുന്നതാണ് നല്ലത്. പറയുന്നവര്‍ക്ക് ഉളുപ്പില്ലെങ്കില്‍, അത് മാലോകര്‍ കേള്‍ക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു.
ഒരു അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവായ റേഡിയോ ജോക്കിയെ ശ്രീനാഥ് ഭാസി അസഭ്യം പറയുന്നതാണ് പ്രസ്തുത വീഡിയോയിലെ സന്ദര്‍ഭം. ഏറ്റവും കൗതുകമുള്ള കാര്യമെന്താണെന്നുവച്ചാല്‍ ശ്രീനാഥ് ഭാസി തന്റെ കരിയര്‍ ആരംഭിക്കുന്നതുപോലും റെഡ് എഫ്എമ്മിലൂടെയാണ്. അവിടെ വന്നിരുന്നുകൊണ്ടാണ് തന്നോളം പോന്ന ഒരു ചെറുപ്പക്കാരനെ അയാള്‍ അസഭ്യംകൊണ്ട് നേരിടുന്നത്.
ഇതിന് തൊട്ടുമുമ്പാണ് ബിഹൈന്റ് വുഡ് ഐസ് എന്ന ഓണ്‍ലൈന്‍ ചാനലിലെ അവതാരകയെ തെറിയഭിഷേകം ചെയ്ത് ശ്രീനാഥ് ഭാസി ഫ്ളോറില്‍നിന്ന് ഇറങ്ങിപ്പോയത്. അതിന്റെ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
തന്നെ ഇറിട്ടേറ്റ് ചെയ്യുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം ഇങ്ങനെയൊക്കെയായിരിക്കുമെന്നുള്ള മറുപടി ശ്രീനാഥ് ഭാസില്‍ നിന്നുതന്നെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ കേള്‍ക്കുന്നുണ്ട്. തന്നെ അസ്വസ്ഥത പെടുത്തുന്ന ചോദ്യങ്ങളോടുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെയാണെങ്കില്‍ ഇയാള്‍ ഇന്നോളം കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ക്ക് മലയാളസിനിമ എന്ത് തിരിച്ചു നല്‍കണം. ശ്രീനാഥ് ഭാസി ഇപ്പോഴും കേടുപാടുകളൊന്നുമില്ലാതെ കഴിയുന്നതുതന്നെ മലയാളസിനിമയുടെ ദയാദാക്ഷിണ്യമാണ്. ഞങ്ങളുടെ ചോദ്യം വളരെ ലളിതമാണ്. ഈ ധിക്കാരിയെ മലയാളസിനിമ ഇനിയും സഹിക്കണോ?
ഞാന്‍കൂടി സാക്ഷിയായ ഒരു സംഭവം വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്താം. കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ്. മുസ്തഫ എന്ന നടന് ആദ്യമായി സംവിധാനം ചെയ്ത കപ്പേള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്നു. അതിന്റെ കവറേജിന് ഞങ്ങളും അവിടെ എത്തിയിരുന്നു. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ് ഷൂട്ടിംഗ്. അതിരാവിലെ ഷൂട്ടിംഗ് തുടങ്ങി. അന്ന ബെന്നിനെ വച്ചുള്ള പോര്‍ഷനുകളാണ് ചെയ്തുതുടങ്ങിയത്. ശ്രീനാഥ് ഭാസിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളാകുന്നു. അയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഒരുവഴിക്ക് നടക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീനാഥിന്റെ അസിസ്റ്റന്റിനെ വിളിക്കുന്നു. താരം ഉറക്കം എഴുന്നേറ്റില്ലെന്നായിരുന്നു അയാളുടെ മറുപടി. മുട്ടിവിളിക്കാന്‍ ധൈര്യമില്ലത്രെ. കാരണം അതിനുള്ള ചീത്തവിളിയും കൂടി കേള്‍ക്കാന്‍ അയാള്‍ക്ക് പാങ്ങില്ല. ഒടുവില്‍ ഉച്ചയായിട്ടും ശ്രീനാഥ് ഭാസി എത്താത്തതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് നേരിട്ട് ഹോട്ടല്‍ റൂമിലെത്തി അയാളെ വിളിച്ചെഴുന്നേല്‍പ്പിച്ച് കൊണ്ടുവരുമ്പോള്‍ വൈകുന്നേരം മൂന്നുമണി കഴിഞ്ഞിരുന്നു.
ഇനി നടന്ന മറ്റൊരു സംഭവംകൂടി പറയാം. ഖജുരാഹോ ഡയറീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലഖ്നൗവില്‍ നടക്കുന്നു. ശ്രീനാഥ് ഭാസി അടക്കം നാല് നായകന്മാര് അഭിനയിക്കുന്ന ചിത്രമാണ്. കൊച്ചിയില്‍നിന്ന് ലഖ്നൗവിലേയ്ക്ക് വരാനുള്ള ടിക്കറ്റ് അയച്ചുകൊടുത്ത് ശ്രീനാഥ് ഭാസിക്കുവേണ്ടി കാത്തിരിക്കുകയാണ് ഒരു സിനിമാസെറ്റ് മുഴുവനും. ആ കാത്തിരിപ്പ് അവര്‍ക്ക് മൂന്ന് ദിവസം തുടരേണ്ടിവന്നു. ആ ദിവസങ്ങളത്രയും സിനിമാപ്രവര്‍ത്തകര്‍ക്ക് അവിടെ വെറുതെ ഇരിക്കേണ്ടിവന്നു. ലക്ഷങ്ങളുടെ നഷ്ടം നിര്‍മ്മാതാവിന് മാത്രം.
ഇത്തരം അനവധി സംഭവങ്ങള്‍ ഇനിയുമുണ്ട്. പലരുടെയും പക്കല്‍നിന്ന് അഡ്വാന്‍സ് വാങ്ങി പ്രോജക്ട് കമ്മിറ്റ് ചെയ്യും. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് തലയൂരും. ആ ഇനത്തില്‍ അഡ്വാന്‍സ് തിരിച്ചുകിട്ടാനുള്ള നിര്‍മ്മാതാക്കളുടെ എണ്ണംവരും ഡസനോളം. പരിഭവവും പരാതിയുമായി അവര്‍ ഇപ്പോഴും ഓടി നടക്കുന്നുണ്ട് ഇവിടുത്തെ പല മുന്തിയ സംഘടനകളുടെയും ഓഫീസ് വരാന്തകളില്‍.
എന്നിട്ടും ശ്രീനാഥ് ഭാസി മലയാളസിനിമയിലെ തിരക്കുള്ള നടനാണ്. ഇപ്പോള്‍ പെരുത്ത നായകനും. അതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ശ്രീനാഥ് ഭാസിയെയോ? അതോ അവനെ ചെല്ലും ചെലവുംകൊടുത്ത് പോറ്റാനൊരുങ്ങിനില്ക്കുന്ന നിര്‍മ്മാതാക്കളെയോ? അതോ അവനെ സഹിക്കാന്‍ വിധിക്കപ്പെട്ട് പഞ്ചപുച്ഛമടക്കി നില്ക്കുന്ന സംവിധായകരെയോ? എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. ഈവിധത്തില്‍ ശ്രീനാഥ് ഭാസി ഇവിടെ തുടരണമോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് മലയാള സിനിമതന്നെയാണ്. അതിന് ഉത്തരവാദിത്തപ്പെട്ട (അങ്ങനെയൊന്നുണ്ടെങ്കില്‍) സംഘടനകളാണ്. ശ്രീനാഥ് ഭാസിയെപ്പോലെ ഉള്ളവരെ നേര്‍വഴിക്ക് നടത്താന്‍ ഇനി മാര്‍ഗ്ഗം അത് മാത്രമേയുള്ളൂ.
കെ. സുരേഷ്
Recent Comments