നവരാത്രി ദിനങ്ങളില്‍ അഷ്ടമി വരുന്ന ദിവസമാണ് പൂജ വയ്ക്കാന്‍ ഉത്തമം. ഇത്തവണ അഷ്ടമി വരുന്നത് 23-ാം തീയതിയാണ്. അതുകൊണ്ടുതന്നെ 23-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കു ശേഷംവേണം പൂജ വയ്ക്കാന്‍. പൂജയെടുക്കേണ്ടത് 26-ാം തീയതി രാവിലെയും. അതായത് നാല് ദിവസമാണ് ഈ വര്‍ഷത്തെ പൂജവെപ്പ്.
പുസ്തകങ്ങളെയും ആയുധങ്ങളെയും പൂജ വയ്ക്കുന്ന വിധിയില്‍ ആധുനിക ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവകള്‍ കൂടി പൂജിക്കുന്നതില്‍ തെറ്റില്ല. കാലത്തിന്റെ വ്യതിയാനത്തിനനുസരിച്ച് ജീവനോപാധികളില്‍ വന്ന മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യയ്ക്ക് ഉപകാരപ്പെടുന്ന സാങ്കേതികോപകരണങ്ങള്‍ എന്ന നിലയില്‍ അവ കൂടി പൂജിക്കാവുന്നതാണ്. സര്വ്വവിദ്യായുടെയും മാതാവും ത്രിമൂര്‍ത്തികളുടെ ആരാധ്യയുമായാണല്ലോ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാദേവി. ആ ദേവിയെ പ്രീതിപ്പെടുത്തുന്നതിനാണല്ലോ നവരാത്രി ആഘോഷം നടത്തുന്നത്. അന്ധകാരത്തിനുമേല്‍, ആസുരശക്തികള്ക്കുമേല്, നന്മയുടെയും ധാര്‍മ്മികതയുടെയും വിജയമാണ് ഈ ആഘോഷത്തിന്റെ കാതലായ ലക്ഷ്യം.
ദേവീപ്രീതിക്കും ഉപാസനയ്ക്കുമുള്ള ഉത്തമമാര്‍ഗ്ഗമാണ് നവരാത്രിവ്രതം. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഏത് പ്രയാസത്തില്‍ ഉള്ളവര്‍ക്കും മാതൃസ്വരൂപിയും പരാശക്തിയുമായ ദേവിയുടെ അനുഗ്രഹ ആശിസ്സുകള്ക്കുവേണ്ടി ഈ വ്രതം ആചരിക്കാം. വ്രതം എടുക്കുന്നവര്‍ ഒന്നാം ദിവസം മുതല്‍ രാവിലെ ദേവീക്ഷേത്രദര്ശനം നടത്തുന്നത് കൊള്ളാം. പിന്നെ കീര്‍ത്തനങ്ങള്‍ ഭജിച്ചശേഷം ഭക്ഷണം കഴിക്കാം. കേരളത്തില്‍ ദുര്‍ഗ്ഗാഷ്ടമി, നവമി, ദശമി ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദേവീമാഹാത്മ്യം ദേവീഭാഗവതം, ലളിതാസഹസ്രനാമം എന്നിവ ഈ ദിവസങ്ങളില്‍ പാരായണം ചെയ്യുന്നത് ഗുണം ചെയ്യും.
പൂജയെടുപ്പും വിദ്യാരംഭവും
ഇത്തവണത്തെ പൂജയെടുപ്പും വിദ്യാരംഭവും നവംബര്‍ മാസം 26-ാം തീയതി രാവിലെ ഏഴ് മണി നാല്പത്തിരണ്ട് മിനിട്ടിനകം നടത്തണമെന്നാണ് വിധി. പക്ഷേ വിജയദശമി വിദ്യാരംഭത്തിന്റെ ദിവസമായതിനാല്‍ അതിന് സമയപരിധി ബാധകമാകുന്നില്ല.
Recent Comments