അനിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പ്രശസ്ത സംവിധായകന് ഐ.വി. ശശിയുടെ മകനാണ്. പ്രിയദര്‍ശന്റെ അരുമശിഷ്യന്. പ്രിയനോടൊപ്പം പതിനൊന്ന് സിനിമകളില്‍ അനി വര്‍ക്ക് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റായും അസോസിയേറ്റായുമെല്ലാം. ഏറ്റവും ഒടുവിലായി കുഞ്ഞാലിമരയ്ക്കാരില്‍ തിരക്കഥാപങ്കാളിയായിരുന്നു.
അനി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് എന്ന നിലയിലാണ്. നാല് ദിവസം മുമ്പ് ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.
തീന്മേശയ്ക്ക് മുകളിലിരിക്കുന്ന പ്ലേറ്റിനുള്ളിലായി മൂന്ന് തലകള്‍. നിത്യമേനനും അശോക് ശെല്‍വനും ഋതുവര്മ്മയുമാണ് ആ തലകളുടെ അവകാശികള്‍. പോസ്റ്ററിന്റെ പശ്ചാത്തലം ഒരു അടുക്കളയാണെന്നും വ്യക്തമാകുന്നുണ്ട്.
‘നിന്നിലാ നിന്നിലാ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. നിന്നെപ്പോലെ നിന്നെപ്പോലെ എന്നാണ് അതിന്റെ മലയാള അര്‍ത്ഥം.
ഐ.വി. ശശിയുടെയും സീമയുടെയും മകന് ആദ്യമായി ഒരു തെലുങ്ക് സിനിമ സംവിധാനം ചെയ്യേണ്ടിവന്നതിന്റെ കാരണം തേടിയാണ് അനിയെ വിളിച്ചത്. അപ്പോള്‍ ഒരു ചെറുചിരിയോടെ അനില്‍ പറഞ്ഞു.
‘എന്നെ മലയാളത്തില്‍നിന്ന് ആരും വിളിച്ചില്ല. അതുകൊണ്ട് വിളിച്ചിടത്തേയ്ക്ക് പോയി. സത്യത്തില്‍ ഞാനീ സിനിമ ആദ്യം തമിഴില്‍ ചെയ്യാനിരുന്നതാണ്. തമിഴില്‍ത്തന്നെയാണ് തിരക്കഥയും പൂര്‍ത്തിയാക്കിയത്. തീനി എന്നായിരുന്നു അതിന് നല്കിയ പേര്. പക്ഷേ നിര്‍മ്മാതാക്കള്‍ എന്തുകൊണ്ടോ അത് ചെയ്യാന്‍ താല്‍പ്പര്യം കാട്ടിയില്ല. പിന്നീട് ഞാനത് മലയാളത്തിലേയ്ക്ക് മാറ്റിയെഴുതി. വായിച്ചപ്പോള്‍ എനിക്കുതന്നെ ഇഷ്ടപ്പെട്ടില്ല. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് തെലുങ്കിലേയ്ക്ക് പോകുന്നത്. അവിടെ നല്ല സ്വീകരണമായിരുന്നു. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ശ്രീവെങ്കിടേശ്വര സിനിചിത്ര അത് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നു. ബി.വി.എസ്.എന്‍. പ്രസാദാണ് നിര്‍മ്മാതാവ്. നാഗചന്ദു, അനുഷ, ജയന്ദ് പനുഗന്ധി എന്നിവരുടെ സഹായത്തോടെ ഡയലോഗുകള്‍ തെലുങ്കിലേയ്ക്ക് മാറ്റിയെഴുതി. ടൈറ്റിലും കൊടുത്തു. നിന്നിലാ നിന്നിലാ. ഒരു കിച്ചന് ലൗസ്റ്റോറിയാണിത്.
അശോക് സെല്‍വനും ഋതുവര്മ്മയും നിത്യമേനനും നാസര്സാറുമാണ് പ്രധാന അഭിനേതാക്കള്‍. ലണ്ടനില്‍വച്ചാണ് ഈ സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. അവിടെ 28 ദിവസത്തെ വര്‍ക്കുണ്ടായിരുന്നു. പിന്നീട് ആറ് ദിവസം ഹൈദരാബാദില്വച്ചും ഷൂട്ട് ചെയ്തു. ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു. ഡബ്ബിംഗ് കഴിഞ്ഞു. ഒരേസമയം മിക്സിംഗിന്റെയും ഡി.ഐയുടെയും വര്‍ക്കുകളാണ് പുരോഗമിക്കുന്നത്. റിലീസിനെ സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല.’ അനി പറഞ്ഞു.
തെലുങ്ക് അറിയാമായിരുന്നോ?
ഇല്ല. അവിടെ പോയി പഠിച്ചതാണ്. ആദ്യ സിനിമകൊണ്ടുണ്ടായ ഒരു ഗുണം അതാണ്.
തെലുങ്കില്‍ വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടാണോ?
തീര്‍ച്ചയായും. നല്ല മര്യാദയും ബഹുമാനവുമാണ് അവര്‍ നല്‍കുന്നത്.
മലയാളത്തില്‍ ഒരു സിനിമ ചെയ്യേണ്ടേ?
അതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കാന്ചാനലിനെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഫോളോ ചെയ്യാം.
വീഡിയോകള്‍ക്കായി യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
Recent Comments