ഇടമറ്റം സ്വദേശിയും പ്ലാന്ററുമായ കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന ജോസ് തോമസ് കുരുവിനാക്കുന്നേലിന്റെ ജീവിതത്തെ ആസ്പദമാക്കി രണ്ട് കഥകളാണ് മലയാള സിനിമയില്‍ ഒരുങ്ങുന്നത്. ഒന്ന്, ജിനു എബ്രഹാം എഴുതി പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ. രണ്ട്, ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്നായിരുന്നു ഈ ചിത്രത്തിന് മാത്യു തോമസ് ആദ്യമിട്ടിരുന്ന പേര്. സുരേഷ്ഗോപിയായിരുന്നു നായകന്. സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രമെന്ന നിലയിലാണ് ഇത് അനൗണ്‍സ് ചെയ്യപ്പെട്ടത്.
ഇതിനെത്തുടര്‍ന്നാണ് കഥയുടെയും കഥാപാത്രത്തിന്റെയും സ്വത്വാവകാശം തേടി ജിനു എബ്രഹാം കോടതി കയറിയത്. ടൈറ്റില്‍ അടക്കം മറ്റൊന്നിനുമേലും അവകാശം സ്ഥാപിക്കാന്‍ ഇടയില്ലാത്തവിധം ജിനുവിന് അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. അതോടെ രണ്ട് സിനിമകളുടെയും ജാതകം ഏതാണ്ട് കുറിക്കപ്പെട്ടു. ഇനി ‘കടുവ’ കടുവയുടെ വഴിയേയും ഇനിയും പേരിട്ടിട്ടില്ലാത്ത മാത്യൂസിന്റെ ചിത്രം അതിന്റെ വഴിയേ സഞ്ചരിക്കും. അത് എന്തൊക്കെയാവും ഏതൊക്കെ രീതിയിലാവുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജിനു എബ്രഹാമിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജോര്‍ഡി എത്തിയിരിക്കുന്നത്.
പാലാ സ്വദേശിയായ ജോര്‍ഡി കഴിഞ്ഞ 13 വര്‍ഷങ്ങളായി മലയാളസിനിമയ്ക്കൊപ്പമുണ്ട്. ലൊക്കേഷന്‍ മാനേജരാണ്. പാലാ, കുമളി തുടങ്ങിയ പ്രദേശങ്ങളില്‍ ഷൂട്ടിംഗിനെത്തുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയ സഹായിയാണ് ജോര്‍ഡി. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുമുണ്ട്. ഏറ്റവും ഒടുവിലായി കെട്ട്യോളാണ് മാലാഖയില്‍ ആസിഫലിയുടെ അളിയന്റെ വേഷം ചെയ്തത് ജോര്ഡിയായിരുന്നു. കടുവയ്ക്ക് അനുകൂലമായി കോടതിവിധി ഉണ്ടായ പശ്ചാത്തലത്തില്‍ കാന്‍ ചാനലിനോട് ജോര്‍ഡി സംസാരിക്കുന്നു.
‘ജിനു എബ്രഹാമിനെ എനിക്ക് പരിചയം ആദം ജോണ്‍ മുതല്ക്കാണ്. ആദംജോണിന്റെ സംവിധായകനും തിരക്കഥാകൃത്തും ജിനു എബ്രഹാമായിരുന്നല്ലോ. അതിന്റെ കുറച്ചു ദിവസത്തെ ഷൂട്ടിംഗ് കുമളിയിലായിരുന്നു. ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഒരു വീട് വേണമായിരുന്നു. ജിനുവിനേയുംകൊണ്ട് ഞാന്‍ കുറുവച്ചന്റെ വീട് കാണിക്കാന്‍ പോയി. കുറുവച്ചനെ പരിചയപ്പെടുത്തി. പക്ഷേ വീട് ജിനുവിന് ഇഷ്ടമായില്ല. തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ കുറുവച്ചന്റെ കഥ ജിനുവിനോട് പറഞ്ഞു.’
‘ഇടമറ്റത്തെ സമ്പന്നമായ കുടുംബാംഗവും അസാമാന്യ ധൈര്യശാലിയുമായിരുന്നു കുരുവിനാക്കുന്നേല്‍ കുറുവച്ചന്. ആറടിക്കുമേല്‍ ഉയരവും അതിനുതക്ക ശരീരവണ്ണവും ഇന്നും കുറുവച്ചനുണ്ട്. ആ നാട്ടില്‍ എന്ത് അനീതിയുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ആളായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് വട്ടവയലില്‍ കുടംബാംഗങ്ങള്‍ ഇടമറ്റം പള്ളിയിലേക്ക് ഒരു പിയാനോ സമര്‍പ്പിച്ചു. വളരെ പഴക്കവും മൂല്യവുമുള്ള ഒരു പിയാനോയായിരുന്നു അത്. പേരുകേട്ട തറവാട്ടുകാരാണ് വട്ടവയല്ക്കാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥനും കളക്ടറുമടക്കം ആ കുടുംബാംഗങ്ങളില്പ്പെട്ടവരായിരുന്നു. ഭരണസിരാകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളവരും.’
‘പള്ളിക്ക് സംഭാവന കൊടുത്ത പിയാനോ അന്നത്തെ ഇടവക വികാരി സ്വന്തമാക്കി. പള്ളിക്കമ്മിറ്റിയില്‍ തര്‍ക്കമായി. കുറുവച്ചന് ഇടപെട്ടു. പിയാനോ തനിക്ക് നല്‍കിയതാണെന്ന് വികാരി നിലപാടെടുത്തു. ഈ വിവരം സ്ഥിരീകരിക്കാന്‍ കുറുവച്ചന് വട്ടവയലിലെത്തി. അവിടുത്തെ അമ്മച്ചിയോട് കാര്യങ്ങള്‍ തിരക്കി. പള്ളിക്ക് സംഭാവന നല്‍കിയതാണെന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ കുറുവച്ചന് വികാരിക്ക് നേരെ തിരിഞ്ഞു. അത് പള്ളിവികാരിക്ക് ക്ഷീണമുണ്ടാക്കി. ഉന്നതങ്ങളില്‍ നല്ല ബന്ധമുള്ള ആളായിരുന്നു വികാരിയും. അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതോടെ വട്ടവയലിലെ അമ്മച്ചി അച്ചന് അനുകൂലമായി മൊഴിനല്‍കി. അതോടെ കേസ് കുറുവച്ചനുനേരെ തിരിഞ്ഞു. കുറുവച്ചന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍പോലും വക്കീലന്മാര് തയ്യാറാകാത്തവിധം രാഷ്ട്രീയ ഇടപെടലുണ്ടായി. കേസ്സെടുക്കാന്‍ തയ്യാറായ വക്കീലന്മാരെ പോലീസ് നേരിട്ടിടപെട്ട് ഭീഷണിപ്പെടുത്തി. പോലീസ് കുറുവച്ചനെയും പലവിധത്തില്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബാറടക്കമുള്ള സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി കള്ളക്കേസ്സുണ്ടാക്കി. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് എന്റെ അമ്മാവനായ അഡ്വ. ടി.എം. തോമസും മൂത്ത അമ്മാവന്റെ മകനായ അഡ്വ. ടി.ജെ. ജോണും കുറുവാച്ചന്റെ കേസ്സ് ഏറ്റെടുക്കുന്നത്. അതോടെ അവരെയും പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി. അന്നാണ് ഹൈക്കോടതിയിലടക്കം വക്കീലന്മാര് റോഡിലിറങ്ങി പ്രതിഷേധം നടത്തിയതിന് കേരളം ആദ്യമായി സാക്ഷ്യം വഹിച്ചത്. ഒടുവില്‍ കുറുവച്ചന്റെ കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുംവരെ എത്തി. കുറുവച്ചന് അനുകൂലമായ വിധിയാണ് ഉന്നത നീതിപീഠത്തില്‍ ഉണ്ടായത്. വട്ടവയല്‍ കുടുംബാംഗമായ ഐ.ജി. കുറുവച്ചനെ കണ്ട് ക്ഷമയും ചോദിച്ചു.’
‘കുറുവച്ചന്റെ കഥ പറഞ്ഞപ്പോള്‍ അത് ജിനു എബ്രാഹിന് എഴുതാനുള്ള പ്രചോദനമാകുമെന്ന് ഞാന്‍ അറിഞ്ഞില്ല. പക്ഷേ പിന്നീട് പല സന്ദര്‍ഭങ്ങളിലും ജിനു എന്നെ വിളിച്ച് സഹായം തേടി. കുറുവച്ചനുമായി ബന്ധമുള്ളവരെയും ശത്രുപക്ഷത്തുണ്ടായിരുന്നവരെയുംകുറിച്ച് ചോദിച്ചു. അവരില്‍ ജീവിച്ചിരുന്നവരുടെയെല്ലാം അടുത്തേയ്ക്ക് ഞാന്‍തന്നെ ജിനുവിനെ കൂട്ടിക്കൊണ്ടുപോയി.’
‘തിരക്കഥ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കുറുവാച്ചനെ കണ്ട് കഥ പറഞ്ഞ് അനുവാദം തേടണമെന്ന് ഞാന്‍ ജിനുവിനോട് പറഞ്ഞിരുന്നു. ചെയ്യാമെന്ന് എനിക്ക് ഉറപ്പും നല്കി. ആ ഉറപ്പുകളൊന്നും ജിനു പാലിച്ചില്ലെന്നു മാത്രമല്ല, ഒരു സുപ്രഭാതത്തില്‍ ഫെയ്സ് ബുക്കിലൂടെയാണ് ആ സിനിമ അനൗണ്‍സ് ചെയ്ത വിവരം ഞാന്‍പോലും അറിഞ്ഞത്. ആദ്യമിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബേയ്സ്ഡ് ഓണ്‍ എ ട്രു സ്റ്റോറി എന്ന് എഴുതിയിട്ടുണ്ടായിരുന്നു. പിന്നീടതും മാറ്റി. പുലിക്കുന്നേല്‍ (കുറുവച്ചന്റെ അമ്മയുടെ വീട്. പ്രശസ്ത എഴുത്തുകാരന് ജോസഫ് പുലിക്കുന്നേലിന്റെ സഹോദരിയാണ് കുറുവച്ചന്റെ അമ്മ) കുടുംബാംഗമായ കുറുവച്ചനെ അദ്ദേഹത്തിനോട് ഏറ്റവും അടുപ്പമുള്ളവര്‍ മാത്രം വിളിച്ചിരുന്ന പേരാണ് പുലിക്കുട്ടിയെന്നും കടുവാക്കുട്ടിയെന്നുമൊക്കെ. ഇക്കാര്യം ഞാന്‍ പറഞ്ഞുള്ള അറിവേ ജിനുവിനുള്ളൂ. പിന്നീട് അതുതന്നെയാണ് ജിനു സിനിമയുടെ ടൈറ്റിലായും ഉപയോഗിച്ചത്.’
‘അനൗണ്‍സ്മെന്റ് വന്നതിനുശേഷം ഞാന്‍ ജിനുവിനെ രണ്ടുതവണ വിളിച്ചു. ജിനു ഫോണ്‍ എടുത്തതേയില്ല.’
‘കഥ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജിനുതന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. അല്ല, മാത്യുവാണ് സംവിധായകനെന്ന് ജിനു അന്ന് പറഞ്ഞിരുന്നു. പക്ഷേ ഫെയ്സ്ബുക്കില്‍ കണ്ട പേര് ഷാജികൈലാസിന്റേതായിരുന്നു.’
‘കടുവയില്‍ ജിനു എന്താണ് എഴുതിവച്ചിരിക്കുന്നതൊന്നും എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തിനുവേണ്ടി ഞാന്‍ ചെയ്തുകൊടുത്ത സഹായങ്ങള്‍ ചെറുതായിരുന്നില്ല. ആ എന്നെ ജിനു മറന്നുപോയെങ്കില്‍ ഒരു നീതിയും ആ ചെറുപ്പക്കാരനില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. അയാളിനിയും നീതികേട് തുടര്‍ന്നുകൊണ്ടേയിരിക്കും.’
Recent Comments