കെ.ടി. കുഞ്ഞുമോന് നിര്‍മ്മിക്കുന്ന ജെന്റില്മാന് 2 വിന്റെ നായകനെ പ്രഖ്യാപിച്ചു. തമിഴ് – തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ യുവ താരം ചേതന്‍ ചീനുവാണ് നായകന്. നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. താരത്തിന്റെ തെലുങ്ക് ചിത്രമായ വിദ്യാര്‍ത്ഥി ഉടന്‍ പ്രദര്‍ശനത്തിനെത്തും. മലയാളി നടി കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചേതനാണ് നായകന്.
‘കുഞ്ഞുമോന് സാറിനെ പോലൊരു ലെജന്‍ഡ് നിര്‍മ്മാതാവിന്റെ സിനിമയില്‍ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തില്‍ നായക പദവി ലഭിക്കുക എന്നത് മഹാ ഭാഗ്യമാണ്. ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളര്‍ത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോന് സാര്‍ പറഞ്ഞു. മറ്റൊന്നും ചിന്തിച്ചില്ല. ഞാന്‍ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും, അഭിനയിച്ചു കൊണ്ടിരിക്കുന്ന പടത്തിന്റെ ഷൂട്ടിംഗിന് തടസ്സം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാക്കിനെ മാനിച്ചുകൊണ്ട് ഞാന്‍ താടി ട്രിം ചെയ്തു. അതു കാരണം ആ പടത്തിന്റെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നു. എനിക്കാകട്ടെ കുഞ്ഞുമോന് സാറില്‍ നിന്നും ഉറപ്പൊന്നും കിട്ടിയിരുന്നില്ല. ഞാനാണ് നായകന് എന്ന അറിയിപ്പ് കണ്ട് അത്ഭുതപ്പെട്ടു. നായക കഥാപാത്രത്തിന് വേണ്ടി താടി എടുക്കുക മാത്രമല്ല തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടാലും ഞാന്‍ അനുസരിക്കും.’ ചേതന്‍ വികാരഭരിതനായി പറഞ്ഞു.
നയന്‍താരാ ചക്രവര്‍ത്തിയും പ്രിയാ ലാലുമാണ് നായികമാര്‍. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഈ മെഗാ പ്രോജക്ടിന്റെ ഭാഗമാകും. മരഗത മണി എന്ന കീരവാണിയാണ് സംഗീത സംവിധായകന്. അജയന് വിന്‍സെന്റ് ഛായാഗ്രഹണവും, തോട്ടാധരണി കലാ സംവിധാനവും നിര്‍വഹിക്കുന്നു. ജെന്റില്മാന് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് കുഞ്ഞുമോന് ജെന്റില്മാന് 2 നിര്‍മ്മിക്കുന്നത്. പി.ആര്.ഒ. സി.കെ.അജയ് കുമാര്‍.
Recent Comments