‘മിന്നല്‍ മുരളി’ക്ക് വീണ്ടും പുരസ്കാര നേട്ടം. മികച്ച സംവിധായകനും നടനും വി.എഫ്.എക്സ് ഫീച്ചര്‍ ഫിലിമിനുള്ള ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് പുരസ്കാരമാണ് മിന്നല്‍മുരളി സ്വന്തമാക്കിയത്. മിന്നല്‍ മുരളിയില്‍ ഷിബു എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ഗുരു സോമസുന്ദരത്തിനാണ് മികച്ച നടനുള്ള ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് പുരസ്കാരം. ബേസില്‍ ജോസഫിന് മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച വി.എഫ്.എക്സ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരവും മിന്നല്‍ മുരളി സ്വന്തമാക്കി.
ഏഷ്യ-പെസഫിക് റീജിയണിലെ 16 രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളും പരിഗണിച്ചതില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നും ‘മിന്നല്‍ മുരളി’ ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 52-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്സ്, സൈമ അവാര്‍ഡ്സ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇതിനകം മിന്നല്‍ മുരളി ടീം സ്വന്തമാക്കിയിരുന്നു.
2011- മുതല്‍ സിനിമാലോകത്ത് സജീവമാണ് ഗുരു സോമസുന്ദരം. ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ചത്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി. 2015-ല്‍ കോഹിന്നൂര്‍ എന്ന മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിന്നല്‍ മുരളിയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ അദ്ദേഹം ചട്ടമ്പി എന്ന സിനിമയിലും അഭിനയിച്ചിരുന്നു. നാലാം മുറ, ചേര, കാപ്പ, ഇന്ദിര, നീരജ എന്നിവ ഗുരുസോമസുന്ദരത്തിന്റെ പുറത്തിറങ്ങാനുള്ള മലയാളചിത്രങ്ങളാണ്.
തായ്ലന്ഡ്, ഫിലിപ്പൈന്‍സ്, സൗത്ത് കൊറിയ, ഹോങ് കോങ്, ജപ്പാന്, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നടന്മാരും ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്ഡ്സിന് അര്‍ഹരായിട്ടുണ്ട്.
ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ചിത്രമാണ് മിന്നല്‍ മുരളി. 2021 ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിനെത്തിയത്. ടൊവിനോ തോമസ് നായക വേഷത്തിലെത്തിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്തിരുന്നു.
പിആര്‍ഒ എ.എസ് ദിനേശ്.
Recent Comments